National
സൈന്യം പിഴവുകള്‍ വരുത്തരുത്; കശ്മീരില്‍ കൊല്ലപ്പെട്ട സിവിലിയന്മാരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച് പ്രതിരോധ മന്ത്രി
'നിങ്ങള്‍ രാജ്യത്തിന്റെ സംരക്ഷകരാണ്. എന്നാല്‍, രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം ജനഹൃദയങ്ങളില്‍ സ്ഥാനം നേടാനും സൈന്യത്തിന് സാധിക്കണം.'
ന്യൂഡല്‍ഹി | ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ കൊല്ലപ്പെട്ട സിവിലിയന്മാരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സൈന്യത്തിന്റെ കസ്റ്റഡിയില്‍ പരുക്കേറ്റവരെയും മന്ത്രി ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
രണ്ട് സൈനിക വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് സൈന്യം കസ്റ്റഡിയിലെടുത്ത എട്ടുപേരില്‍ മൂന്നുപേരാണ് കൊല്ലപ്പെട്ടത്.
സിവിലിയന്മാരുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജാഗ്രത പാലിക്കണമെന്ന് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം പ്രതിരോധ മന്ത്രി മുന്നറിയിപ്പു നല്‍കി. ഒരു ഇന്ത്യന്‍ പൗരനെയും വേദനിപ്പിക്കുന്ന രീതിയിലുള്ള പിഴവുകള്‍ സൈന്യത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.
‘നിങ്ങള്‍ രാജ്യത്തിന്റെ സംരക്ഷകരാണ്. എന്നാല്‍, രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം ജനഹൃദയങ്ങളില്‍ സ്ഥാനം നേടാനും സൈന്യത്തിന് സാധിക്കണം. ഇന്ത്യക്കാരായ ആരെയും മുറിവേല്‍പ്പിക്കുന്ന പിഴവുകള്‍ സംഭവിക്കാന്‍ പാടില്ല.’- രാജ്‌നാഥ് സിങ് ഉണര്‍ത്തി.
മുഹമ്മദ് സഫീര്‍, ഷബീര്‍ അഹമ്മദ്, ഷൗക്കത്ത് ഹുസൈന്‍ എന്നിവരാണ് സൈന്യത്തിന്റെ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടത്. ഇതിനു പുറമെ ബഫ്‌ലിയാസ് മേഖലയില്‍ നിന്ന് നിരവധി ഗ്രാമീണരെ സൈന്യം പിടികൂടുകയും ചെയ്തിരുന്നു.