hemanth soran
ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ അറസ്റ്റ് ഉടനെന്ന് സൂചന
റാഞ്ചിയിലുള്ള സോറനെ കാണാനില്ലെന്ന് ഇ ഡി
റാഞ്ചി| ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ ഉടനെ അറസ്റ്റ് ചെയ്യുമെന്നു സൂചന. സോറനെതിരെ മൂന്നോളം കള്ളപ്പണ ഇടപാടുകളില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചുവെന്നാണ് ഇ ഡി അവകാശപ്പെടുന്നത്.
ഭൂമി കുംഭകോണം, അനധികൃത ഖനനം, സംസ്ഥാനത്തെ കല്‍ക്കരി ഖനനം എന്നിവയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി തെളിവുകള്‍ ശേഖരിച്ചുവെന്നാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. കൂടാതെ സോറനും ഝാര്‍ഖ ണ്ഡിലെ അനധികൃത ഖനന ഇടപാടുകാരും തമ്മില്‍ ബന്ധമുണ്ടെന്നും ഇ ഡി വ്യക്തമാക്കി. ഭൂമിന കുഭകോണ വുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ സോറനെ ചോദ്യം ചെയ്യാന്‍ ഇ ഡി തിങ്കളാഴ്ച അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ എത്തിയിരുന്നു. എന്നാല്‍ സോറന്‍ വസതിയില്‍ ഉണ്ടായിരുന്നില്ല.
സോറനെ ”കാണാതായതായി ” ഇ ഡി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇ ഡി കാണാതായെന്ന് പറയുന്ന സോറന്‍, റാഞ്ചിയിലെ തന്റെ ഔദ്യോഗിക വസതിയില്‍ എം എല്‍ എ മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സോറന് ഇതിനകം ഇ ഡി അയച്ച ഒമ്പത് സമന്‍സുകള്‍ക്കു മറുപടി നല്‍കിയില്ല. ജനുവരി 27 ന് അയച്ച പത്താമത്തെ സമന്‍സില്‍ നാളെ ചോദ്യംചെയ്യലിന് ഹാജരാകാമെന്നു സോറന്‍ സമ്മതിച്ചിട്ടുണ്ട്. ജനവരി 20 ന് സോറന്റെ റാഞ്ചിയിലെ ഔദ്യോഗിക വസതിയിലെത്തിയ ഇ ഡി ഏഴു മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
തിങ്കളാഴ്ച അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ വസതിയില്‍ നടത്തിയ പരിശോധനയില്‍ രണ്ട് ബി എം ഡബ്ലൂ കാറുകളും 36 ലക്ഷം രൂപയും പിടിച്ചെടുത്തുവെന്നും ഇ ഡി അറിയിച്ചു. ജനുവരി 31 ന് ചോദ്യം ചെയ്യലിന് ഹാജരായാല്‍ ഹേമന്ദ് സോറനെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.