Connect with us

International

ആക്രമണം മുന്‍കൂട്ടി കാണാനായില്ല; സുരക്ഷാ വീഴ്ച സമ്മതിച്ച് ഇസ്‌റാഈല്‍ പ്രതിരോധമന്ത്രാലയം

ഗസ്സയില്‍ ആക്രമണം തുടര്‍ന്നാല്‍ മറ്റ് യുദ്ധമുന്നണികള്‍ തുറക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

Published

|

Last Updated

ടെല്‍ അവീവ്| ഇസ്‌റാഈല്‍-ഹമാസ് യുദ്ധം ഏഴാം ദിവസത്തിലേക്ക് കടന്നപ്പോള്‍ സുരക്ഷാ വീഴ്ച സമ്മതിച്ച് ഇസ്‌റാഈല്‍. ഹമാസിന്റെ ആക്രമണം മുന്‍കൂട്ടി കാണാനായില്ലെന്ന് ഇസ്‌റാഈല്‍ പ്രതിരോധമന്ത്രാലയം സമ്മതിച്ചു. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവിയാണ് ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷയുടെ ഉത്തരവാദിത്തം പ്രതിരോധമന്ത്രാലയത്തിനാണുള്ളത്.

യുദ്ധം ആരംഭിക്കുന്ന അന്ന് രാവിലെ ഞങ്ങള്‍ക്ക് സുരക്ഷ വീഴ്ച സംഭവിച്ചു. അതിനെക്കുറിച്ച് ഞങ്ങള്‍ പഠിക്കും, ഞങ്ങള്‍ അന്വേഷിക്കും. പക്ഷേ ഇപ്പോള്‍ യുദ്ധത്തിന്റെ സമയമാണ്. സൈന്യത്തിന് ഇസ്‌റാഈല്‍ പൗരന്മാരുമായി ഒരു കരാറുണ്ട്. ഞങ്ങള്‍ വര്‍ഷങ്ങളോളം ഉയര്‍ച്ച താഴ്ചകളോടെയാണ് മുന്നോട്ടുപോകുന്നത്. ഞങ്ങള്‍ ഇപ്പോള്‍ നാടകീയമായ താഴ്ന്ന നിലയിലാണ്. എന്നാല്‍ പൗരന്മാരോടുള്ള കരാര്‍ പാലിക്കണം. ഇസ്‌റാഈലില്‍ സുരക്ഷ തിരികെ കൊണ്ടുവരണമെന്നുംഡിഫന്‍സ് ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവി പറഞ്ഞു.

അതേസമയം,വടക്കന്‍ ഗസ്സയില്‍ നിന്ന് ജനങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ഒഴിയണമെന്ന് ഇസ്‌റാഈല്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ഇത് അപ്രായോഗികമാണെന്നാണ് യുഎന്നിന്റെ നിലപാട്. അനുയായികളോട് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കാന്‍ ഹമാസ് ആഹ്വാനം ചെയ്ത പശ്ചാത്തലത്തില്‍ ഇസ്‌റാഈലില്‍ അതീവ ജാഗ്രത തുടരുകയാണ്. ഗസ്സയില്‍ ആക്രമണം തുടര്‍ന്നാല്‍ മറ്റ് യുദ്ധമുന്നണികള്‍ തുറക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഹമാസിന് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന സംശയത്തിന്റെ പേരില്‍ ഇറാനുള്ള സാമ്പത്തിക സഹായം അമേരിക്ക മരവിപ്പിച്ചു.

അതേസമയം സംഘര്‍ഷം രൂക്ഷമാകുന്നത് തടയാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഈജിപ്ത് വ്യക്തമാക്കി. ഇസ്‌റാഈലിന് കപ്പലുകളും ചാരവിമാനങ്ങളും അയയ്ക്കുമെന്ന് ബ്രിട്ടനും അറിയിച്ചിട്ടുണ്ട്. അതേസമയം, സംഘര്‍ഷം പരിഹരിക്കാന്‍ അമേരിക്ക ഇടപെട്ടിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഇസ്‌റാഈലിലെത്തി. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവായും പ്രസിഡന്റ് ഇസാക് ഹെര്‍സോഗുമായും ബ്ലിങ്കണ്‍ കൂടിക്കാഴ്ച നടത്തി. ഇസ്‌റാഈലിന് പൂര്‍ണ പിന്തുണയാണ് ബ്ലിങ്കണ്‍ പ്രഖ്യാപിച്ചത്.

 

 

Latest