Kerala
ആത്മകഥയ്ക്ക് പരിപ്പുവടയും കട്ടൻചായയും എന്ന പേരായിരിക്കില്ല; പാർട്ടിയുടെ അനുവാദം കിട്ടിയതിനുശേഷം പ്രസിദ്ധീകരിക്കും: ഇപി ജയരാജന്‍
പാലക്കാട് ഉപതിരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു ഇപി ജയരാജന്റേതെന്ന പേരിലുള്ള ആത്മകഥാ ഭാഗം ഡിസി ബുക്ക്സ് പുറത്തിറക്കിയത്
കണ്ണൂര്‍ | ആത്മകഥയ്ക്ക് പരിപ്പുവടയും കട്ടന്‍ചായയും എന്ന പേരായിരിക്കില്ലെന്നും അത് തന്നെ പരിഹസിക്കുന്നതിനായി മാധ്യമ രംഗത്തുള്ളവര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതാണെന്നും സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍.
ആത്മകഥ എഴുതി കൊണ്ടിരിക്കുകയാണ്.രണ്ടോ മൂന്നോ ഭാഗങ്ങള്‍ ഉണ്ടാകും. പാര്‍ട്ടിയുടെ അനുവാദം കിട്ടിയതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളു എന്നും ഇപി പറഞ്ഞു. ഇതുവരെയുള്ള അധ്യായം ഡിസംബറില്‍ പൂര്‍ത്തീകരിക്കും.ഡിസംബറിന് ശേഷമുള്ളത് പിന്നീട് എഴുതുമെന്നും ഇപി പറഞ്ഞു.അതേസമയം ആത്മകഥയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ പുസ്തകത്തില്‍ ഉണ്ടാവില്ലെന്നും ഇപി വ്യക്തമാക്കി.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു ഇപി ജയരാജന്റേതെന്ന പേരിലുള്ള ആത്മകഥാ ഭാഗം ഡിസി ബുക്ക്സ് പുറത്തിറക്കിയത്.എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ പ്രയാസം പാര്‍ട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്ത് വന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമര്‍ശനം. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബ്ബലമാണെന്നാണ് അടുത്ത വിമര്‍ശനം. പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി പി സരിന്‍ വയ്യാവേലിയാകുമെന്നും പരാമര്‍ശമുണ്ടായിരുന്നു.
ആത്മകഥാ ചോര്‍ച്ചയില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും ആരോപിച്ച് ഡിജിപിക്ക് ഇപി പരാതി നല്‍കി. പുസ്തകത്തിന്റെ പ്രചാരണാര്‍ഥം ഇറക്കിയ എല്ലാ സാമൂഹിക മാധ്യമ പോസ്റ്റുകളും പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഡിസിക്കും ഇപി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.