Connect with us

Kerala

പ്രസവത്തില്‍ കുഞ്ഞിന്റെ കൈയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടു; ആലപ്പുഴ വനിതാ ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി

കുഞ്ഞ് ജനിച്ച് ആറ് മാസത്തിനുള്ളില്‍ കൈയ്ക്ക് സ്വാധീനം ഉണ്ടാകുമെന്ന് ഡോക്ടര്‍ ഉറപ്പ് നല്‍കിയിരുന്നെന്നും ഒരു വര്‍ഷമായിട്ടും മാറ്റമൊന്നുമില്ലെന്നുമാണ് കുടുംബം പറയുന്നത്.

Published

|

Last Updated

ആലപ്പുഴ| അസാധാരണ അംഗവൈകല്യങ്ങളുമായി കുഞ്ഞ് പിറന്ന സംഭവത്തിന് പിന്നാലെ ആലപ്പുഴ വനിതാ ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി. പ്രസവത്തില്‍ കുഞ്ഞിന്റെ കൈയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടതായി കാട്ടി ആലപ്പുഴ സ്വദേശികളായ കുടുംബമാണ് രംഗത്തെത്തിയിരിക്കുന്നത്. ഡോക്ടര്‍ പുഷ്പക്കെതിരെയാണ് ആരോപണം. ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡില്‍ വിഷ്ണുദാസ്-അശ്വതി ദമ്പതികളുടെ മകന്‍ വിഹാന്‍ വി. കൃഷ്ണയ്ക്കാണ് വലതു കൈയുടെ സ്വാധീനം തിരിച്ചു കിട്ടാത്തത്.

കഴിഞ്ഞ വര്‍ഷം ജൂലൈയ് മൂന്നിനാണ് വിഹാന്‍ ജനിച്ചത്. വാക്വം ഡെലിവെറിയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞ് ജനിച്ച് ആറ് മാസത്തിനുള്ളില്‍ കൈയ്ക്ക് സ്വാധീനം ഉണ്ടാകുമെന്ന് ഡോക്ടര്‍ ഉറപ്പ് നല്‍കിയിരുന്നെന്നും ഒരു വര്‍ഷമായിട്ടും മാറ്റമൊന്നുമില്ലെന്നുമാണ് കുടുംബം പറയുന്നത്. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനെ കാണിച്ചപ്പോഴാണ് വാക്വം ഡെലിവറിയിലെ പിഴവാണ് കാരണമെന്ന് വ്യക്തമായതെന്ന് പിതാവ് വിഷ്ണു പറയുന്നു. കുഞ്ഞിനെ വലിച്ചെടുത്തപ്പോള്‍ പറ്റിയ പിഴവാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

മൂന്ന് മാസം കുഞ്ഞ് സ്ലിങ് ഇട്ട് കിടക്കുകയായിരുന്നു. കാണിക്കാത്ത ആശുപത്രികളില്ല. സാമ്പത്തികമായി വലിയ നിലയിലല്ല ഞങ്ങള്‍. ഞാന്‍ ജോലി ചെയ്തിരുന്ന കോയമ്പത്തൂരിലെ ആശുപത്രിയിലടക്കം കാണിച്ചു. പിന്നീട് ആലപ്പുഴയിലെ ജനറല്‍ ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് ഡെലിവറിയിലെ പിഴവാണെന്ന് ഉറപ്പിച്ചത്. ഒരു ഉത്തരവാദിത്തവും ഇല്ലാതെ അവര്‍ പ്രസവമെടുക്കുകയായിരുന്നെന്നും വിഷ്ണു പറയുന്നു. ഹൈറിസ്‌ക് ബ്ലീഡിങ് ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യമൊന്നും ഡിസ്ചാര്‍ജ് സമ്മറിയില്‍ പറയുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.

സംഭവത്തില്‍ വിഷ്ണുദാസ് കുറച്ചുദിവസം മുന്‍പ് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. പരാതി ലഭിച്ചിട്ടുണ്ടെന്നും ഹാജരാക്കിയ ചികിത്സാരേഖകള്‍ മെഡിക്കല്‍ ബോര്‍ഡിന് കൈമാറുമെന്നുമാണ് ആശുപത്രി അധികൃതരുടെ പ്രതികരണം.

അതേസമയം അസാധാരണ അംഗവൈകല്യങ്ങളുമായി കുഞ്ഞ് പിറന്ന സംഭവം അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് പ്രതിനിധികള്‍ ഇന്ന് ആലപ്പുഴയിലെത്തും. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. കുഞ്ഞിനെ വിദഗ്ധ സംഘം ഇന്ന് പരിശോധിയ്ക്കും. അതേസമയം സംഭവത്തിന്റെ ഉത്തരവാദിത്തം ഡോക്ടര്‍ക്കാണെന്ന് ലാബ് ഉടമ പറഞ്ഞു. ലാബ് റിപ്പോര്‍ട്ട് പരിശോധിച്ച് മനസ്സിലാക്കേണ്ടത് ഡോക്ടര്‍മാരെന്നും ശങ്കേഴ്‌സ് ലാബ് സിഇഒ മണികുമാര്‍ പറഞ്ഞു.

നവംബര്‍ എട്ടിനാണ് സുറുമി കുഞ്ഞിന് ജന്‍മം നല്‍കുന്നത്. കുഞ്ഞിന്റെ ചെവിയും കണ്ണും ക്രമംതെറ്റിയായിരുന്നു. വായ തുറക്കുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും കാലിനും കൈക്കും വളവുണ്ട്. ഗര്‍ഭകാലത്തെ സ്‌കാനിങ്ങില്‍ ഡോക്ടര്‍മാര്‍ വൈകല്യം അറിയിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

 

 

 

 

Latest