Connect with us

National

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസം കോടതികൾക്ക് അവധി നൽകണമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ

ഇക്കാര്യം ആവശ്യപ്പെട്ട് കൗൺസിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകി

Published

|

Last Updated

ന്യൂഡൽഹി | അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് രാജ്യത്തെ കോടതികൾക്ക് അവധി നൽകണമെന്ന് ആവശ്യപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകി. അന്ന് അവധി ലഭിച്ചാൽ അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാനും പങ്കെടുക്കാനും സാധിക്കുമെന്ന് ബാർ കൗൺസിൽ ചെയർമാൻ അഡ്വ. മനൻകുമാർ മിശ്ര പറഞ്ഞു.

അടിയന്തര വാദം കേൾക്കേണ്ട വിഷയം പ്രത്യേക ക്രമീകരണങ്ങൾ വഴിയോ അടുത്ത പ്രവൃത്തി ദിവസത്തേക്ക് പുനഃക്രമീകരിക്കുകയോ ചെയ്യാമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. ഈ അഭ്യർത്ഥന അങ്ങേയറ്റം സഹാനുഭൂതിയോടെ പരിഗണിക്കണമെന്നും ജനങ്ങളുടെ വികാരവുമായി പൊരുത്തപ്പെടുന്ന രീതിയിൽ ഈ ചരിത്ര സന്ദർഭം അടയാളപ്പെടുത്താൻ ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്നും കത്തിൽ അഭ്യർഥിക്കുന്നു.

അയോധ്യയിൽ പ്രാൺ പ്രതിഷ്ഠാ പരിപാടിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. രാഷ്ട്രീയക്കാരും സന്യാസിമാരും സെലിബ്രിറ്റികളുമടക്കം 7,000-ത്തിലധികം ആളുകൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായിരിക്കും. ചടങ്ങിന് മുന്നോടിയായുള്ള ഏഴ് ദിവസത്തെ ചടങ്ങുകൾ ചൊവ്വാഴ്ച മുതൽ അയോധ്യയിൽ ആരംഭിച്ചു.

Latest