Kerala
ഇടത് മുന്നണിയുടെ അടിത്തറ കൂടുതല്‍ വിപുലപ്പെട്ടു; വിജയത്തില്‍ നന്ദി പ്രകടിപ്പിച്ച് ജോസ് കെ മാണി
തിരുവനന്തപുരം | കേരളത്തില്‍ ഇടത് മുന്നണിയുടെ അടിത്തറ കൂടുതല്‍ ശക്തിപ്പെട്ടുവെന്ന് ജോസ് കെ മാണി എം പി. ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിജയത്തില്‍ പ്രധാന പങ്കുവഹിച്ച ഇടതുപക്ഷ നേതൃത്വത്തോടും പ്രവര്‍ത്തകരോടും ജനപ്രതിനിധികളോടുമുള്ള നന്ദി അറിയിക്കുന്നു. ദേശീയ രാഷ്ട്രീയം നിര്‍ണായകമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന സന്ദര്‍ഭമാണിത്. എന്‍ ഡി എ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓരോ നിയമ നിര്‍മാണവും ഭേദഗതികളുമൊക്കെ നമ്മുടെ ജനാധിപത്യത്തെ തകര്‍ക്കുന്ന തരത്തിലുള്ളതാണ്. ഈ ഘട്ടത്തില്‍ പാര്‍ലിമെന്റിലെ പ്രതിനിധികളുടെ ഇടപെടല്‍ കൂടുതല്‍ പ്രസക്തമാവുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഈ വിജയത്തിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ കൂടുതല്‍ വിപുലീകരിക്കപ്പെട്ടിരിക്കുകയാണ്. പാലായില്‍ മുഴുവന്‍ സമയവും ഉണ്ടാകുമെന്നും ജോസ് കെ മാണി പ്രതികരിച്ചു.
യു ഡി എഫ് സ്ഥാനാര്‍ഥി ശൂരനാട് രാജശേഖരനെ പരാജയപ്പെടുത്തിയാണ് ജോസ് കെ മാണിയുടെ വിജയം. വോട്ടെടുപ്പില്‍ എല്‍ ഡി എഫിന് അനുകൂലമായ ഒരു വോട്ട് അസാധുവായി. ജോസ് കെ മാണിക്ക് 96 ഉം ശൂരനാട് രാജശേഖരന് 40 ഉം വോട്ട് ലഭിച്ചു.