Connect with us

Kerala

രാജ്യത്തെ എല്ലാ പൗരന്‍മാരും സന്തോഷിക്കലാണ് സ്വതന്ത്ര്യ ഇന്ത്യയുടെ അടിസ്ഥാനം; ഖലീല്‍ ബുഖാരി തങ്ങള്‍

മഅദിന്‍ പബ്ലിക് സ്‌കൂള്‍ സംഘടിപ്പിച്ച 77-ാം സ്വാതന്ത്യദിനാഘോഷത്തില്‍ പതാക ഉയര്‍ത്തി സന്ദേശപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Published

|

Last Updated

മലപ്പുറം | മത-ജാതി ഭേദമന്യേ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും സന്തോഷമുണ്ടാകുമ്പോഴാണ് രാജ്യ ശില്‍പ്പികള്‍ സ്വപ്‌നം കണ്ട ഭാരതം പൂര്‍ണമാകുകയുള്ളൂവെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേട്ട് കൊണ്ടിരിക്കുന്ന അശുഭകരമായ വാര്‍ത്തകള്‍ ഏറെ വേദനിപ്പിക്കുന്നതാണെന്നും കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. മഅദിന്‍ പബ്ലിക് സ്‌കൂള്‍ സംഘടിപ്പിച്ച 77-ാം സ്വാതന്ത്യദിനാഘോഷത്തില്‍ പതാക ഉയര്‍ത്തി സന്ദേശപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സുരക്ഷക്കും കെട്ടുറപ്പിനും കോട്ടം തട്ടുന്ന ഒരു പ്രവര്‍ത്തനവും ഒരാളില്‍ നിന്നും ഉണ്ടാവരുതെന്നും എല്ലാ മനുഷ്യരെയും ഒരുപോലെ കാണാനും സ്‌നേഹിക്കാനും നമുക്കാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രിന്‍സിപ്പള്‍ സൈതലവിക്കോയ അദ്ധ്യക്ഷത വഹിച്ചു.
എസ്.പി.സി, ജെ.ആര്‍.സി പരേഡ്, പ്രതിജ്ഞ, ദേശീയ ഗാനാലാപനം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, വൈസ് പ്രിന്‍സിപ്പള്‍ നൂറുല്‍ അമീന്‍, മാനേജര്‍ അബ്ദുറഹിമാന്‍ ചെമ്മങ്കടവ്, ജാഫര്‍ സഖാഫി പഴമള്ളൂര്‍, അബൂത്വാഹിര്‍ അദനി എന്നിവര്‍ പ്രസംഗിച്ചു.