Connect with us

ആത്മായനം

സൗമ്യഭാവത്തിൻ്റെ സൗന്ദര്യം

കോപമുണ്ടാകുന്ന സമയത്ത് ആത്മനിയന്ത്രണം പാലിക്കുകയെന്നത് ഒരു ത്യാഗം തന്നെയാണ്. ആത്മനിയന്ത്രണം വലിയ ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടുത്തും. അല്ലാഹുവിന്റെയും ജനങ്ങളുടെയും പ്രീതി ലഭിക്കും. ഉപദേശം തേടി വന്ന ഒരാളോട് തിരുനബി (സ) പറഞ്ഞു: "നീ കോപിക്കരുത്' (ബുഖാരി). പ്രവാചകനോട് ഉപദേശം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും റസൂലിന്റെ മറുപടി അത് മാത്രമായിരുന്നു.

Published

|

Last Updated

ന്മസിദ്ധമായി മനുഷ്യനിലുള്ള വികാരമാണ് ദേഷ്യപ്രകടനം. താനറിഞ്ഞുവെച്ചതിന് വിരുദ്ധമായ കാര്യങ്ങളോട് പ്രതികരിക്കുന്ന നാഡീവ്യവസ്ഥ തലച്ചോറിൽ ജന്മനാ സജ്ജമാണ്. മഴവെള്ളപ്പാച്ചിൽ കണക്കെ ഇരമ്പുന്ന ദേഷ്യത്തെ ബണ്ട് കെട്ടി നിയന്ത്രിച്ചില്ലെങ്കിൽ അതുണ്ടാക്കുക ദൂരവ്യാപകമായ നാശമായിരിക്കും.വിശ്വാസി ഇത്തരമൊരു നശീകരണ പ്രവർത്തനത്തിന് കൂട്ടുനിൽക്കുന്നവനല്ല. അതു കൊണ്ട് തന്നെ ദേഷ്യം നിയന്ത്രിക്കുകയെന്നത് അവന്റെ സ്വഭാവമായിരിക്കും.അവൻ കോപം അടക്കിപ്പിടിക്കുന്നവനും സഹനശീലനുമായിരിക്കും.

അല്ലാഹു പറയുന്നു: “അവർ കോപം ഒതുക്കിവെക്കുന്നവരും ജനങ്ങളോട് വിട്ടുവീഴ്ച ചെയ്യുന്നവരുമാണ്. സൽക്കർമകാരികളെ അല്ലാഹു ഇഷ്ടപ്പെടുന്നു’ (ആലുഇംറാൻ 134). കോപം നിയന്ത്രിക്കുകയെന്നത് കരുത്തിന്റെ അടയാളമാണ്. ഹദീസ് നോക്കൂ: “ഗുസ്തിയിൽ വിജയിക്കുന്നവനല്ല ശക്തൻ, കോപം നിയന്ത്രിക്കാൻ കഴിവുള്ളവനാണ് ബലവാൻ’ (ബുഖാരി, മുസ്‌ലിം).

കോപമുണ്ടാകുന്ന സമയത്ത് ആത്മനിയന്ത്രണം പാലിക്കുകയെന്നത് ഒരു ത്യാഗം തന്നെയാണ്. ആത്മനിയന്ത്രണം വലിയ ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടുത്തും. അല്ലാഹുവിന്റെയും ജനങ്ങളുടെയും പ്രീതി ലഭിക്കും. ഉപദേശം തേടി വന്ന ഒരാളോട് തിരുനബി (സ) പറഞ്ഞു: “നീ കോപിക്കരുത്’ (ബുഖാരി). പ്രവാചകനോട് ഉപദേശം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും റസൂലിന്റെ മറുപടി അത് മാത്രമായിരുന്നു. ഇബ്നു അബ്ബാസ് (റ) രേഖപ്പെടുത്തിയ ഹദീസിൽ നിന്ന്: പ്രവാചകൻ അശ്‌അജ് അബ്ദുൽ ഖൈസിനോട് പറഞ്ഞു: “തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് ഗുണങ്ങൾ താങ്കളിലുണ്ട്. സഹനവും അവധാനതയുമാണത്’ (മുസ്‌ലിം).

സത്യവിശ്വാസി അല്ലാഹുവിന് വേണ്ടിയായിരിക്കും ദേഷ്യം പിടിക്കുക. സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടിയാവുകയില്ല.ആരെങ്കിലും അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിക്കാതിരിക്കുകയും മതത്തിന്റെ അതിർ വരമ്പുകൾ ലംഘിക്കുകയും ചെയ്യുമ്പോൾ അതിനെതിരെ കോപിക്കുകയും പ്രതികരിക്കുകയും വേണം.അല്ലാഹുവിന്റെ നിയമങ്ങളെ പുഛിച്ച് തള്ളുന്നതും കളങ്കപ്പെടുത്തുന്നതും വിശ്വാസി ഇഷ്ടപ്പെടുകയില്ല.അല്ലാഹുവിന്റെ വിധിവിലക്കുകൾ കളങ്കപ്പെടുത്തുമ്പോയല്ലാതെ സ്വന്തത്തിന് വേണ്ടി തിരുദൂതർ പ്രതികാരം എടുത്തിട്ടില്ല (ബുഖാരി, മുസ്‌ലിം).

മത നിയമങ്ങൾ ദുരുപയോഗം ചെയ്യുക, അവ തെറ്റായി പ്രയോഗിക്കുക, അവയോട് പുഛമനോഭാവം പുലർത്തുക തുടങ്ങിയ സന്ദർഭങ്ങളിൽ തിരുദൂതർ കോപിക്കുകയും അവിടുത്തെ മുഖം വിവർണമാവുകയും ചെയ്തിരുന്നുവെന്ന് കാണാം.

ഒരാൾ തിരു സന്നിധിയിൽ വന്നു പരാതിപ്പെട്ടു: “പ്രവാചകരേ, ആ ഇമാം സുബ്ഹി നിസ്ക‌ാരത്തിൽ ഖുർആൻ പാരായണം ദീർഘിപ്പിക്കുന്നത് പതിവാക്കിയതിനാൽ ഞാൻ നമസ്കാരത്തിന് വൈകിയാണ് എത്താറ്. ഇത് കേൾക്കേണ്ട താമസം തിരുദൂതർക്ക്(സ) ദേഷ്യം വന്നു. ജനങ്ങളെ ഉപദേശിക്കുമ്പോൾ ആ ദിവസത്തെ പോലെ തിരുനബി (സ) കോപം പ്രകടിപ്പിക്കുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ല. അവിടുന്ന് പറഞ്ഞു: “ജനങ്ങളേ, നിങ്ങളിൽ ജനങ്ങളെ വെറുപ്പിച്ച് അകറ്റിക്കൊണ്ടിരിക്കുന്ന വരുണ്ട്. ആരെങ്കിലും ജനങ്ങൾക്ക് ഇമാമായി നിന്നാൽ ലഘൂകരിക്കണം, അവന്റെ പിന്നിൽ നിൽക്കുന്നവരിൽ പ്രായമുള്ളവരും കുട്ടികളും പലവിധ ആവശ്യക്കാരുമുണ്ടാകും’ (ബുഖാരി, മുസ്‌ലിം).

ഒരു സന്ദർഭത്തിൽ മഖ്‌സൂമിയ ഗോത്രത്തിലെ ഒരു സ്ത്രീ കളവ് നടത്തിയത് ഖുറൈശികളെ വല്ലാതെ വിഷമത്തിലാക്കി. ഇക്കാര്യത്തിൽ ആ സ്ത്രീക്ക് വേണ്ടി ശിപാർശ നടത്താൻ നബി(സ)യെ സമീപിക്കാൻ ആരെയാണ് തിരഞ്ഞെടുക്കുക എന്നവർ ചർച്ച ചെയ്തു. പ്രവാചകന് ഏറെ ഇഷ്ടപ്പെട്ട ഉസാമത്തിനെ(റ) അതിനായി അവർ തിരഞ്ഞെടുത്തു. ഉസാമത്ത് (റ) ശിപാർശക്കായി നബി (സ) ക്കരികിലെത്തി. പ്രവാചകന് കടുത്ത ദേഷ്യം വന്നു. അവിടുന്ന് പറഞ്ഞു: “അല്ലാഹുവിന്റെ തീരുമാനങ്ങളിൽ ഏതെങ്കിലുമൊന്നിൽ നിനക്ക് ശിപാർശയോ? നിങ്ങൾക്ക് മുമ്പുണ്ടായിരുന്ന ആളുകൾ നശിക്കാനുണ്ടായ പ്രധാന കാരണം മാന്യന്മാർ കളവ് നടത്തിയാൽ അവനെ വെറുതെ വിടുകയും, അബലനാണ് കളവ് നടത്തിയതെങ്കിൽ അവനെതിരിൽ ശിക്ഷാ നടപടികളെടുക്കുകയും ചെയ്തിരുന്നുവെന്നതാണ്.

അല്ലാഹുവാണേ, മുഹമ്മദിന്റെ മകൾ ഫാത്വിമയാണ് കളവ് നടത്തിയതെങ്കിലും ഞാനവളുടെ കൈ മുറിച്ചിരിക്കും’ (ബുഖാരി, മുസ്‌ലിം).ഈ സംഭവങ്ങൾ വിശകലനം ചെയ്യുമ്പോൾ അല്ലാഹുവിന്റെ തീരുമാനങ്ങളിൽ പ്രവാചകൻ യാതൊരുവിധ വിട്ടുവീഴ്ചക്കും തയാറായിരുന്നില്ലെന്നും അവ ലംഘിക്കപ്പെടുമ്പോഴാണ് അവിടുന്ന് കോപിച്ചതെന്നും മനസ്സിലാകും.

യഥാർഥ മുസ്‌ലിം, സമൂഹവുമായുള്ള എല്ലാ ഇടപാടുകളിലും കോപം വെടിഞ്ഞ് സൗമ്യതയും സഹനവും കാണിക്കും. അതവന് ഇഹത്തിലും പരത്തിലും വലിയ ബഹുമതികൾ നേടിക്കൊടുക്കും. അതിലൂടെ ജനങ്ങളുടെ ഇഷ്ടപാത്രമാകാനും അല്ലാഹുവിന്റെ തൃപ്തിയും കാരുണ്യവും നേടിയെടുക്കാനും സാധിക്കും. മഅ്മൂൻ ബിൻ മഹ്റാൻ (റ) ദാസിയോട് ഭക്ഷണം കൊണ്ടുവരാൻ ആവശ്യപ്പെട്ടു.

അവർ ധൃതിപ്പെട്ട് ഭക്ഷണത്തളികയുമായി വരുമ്പോൾ അബദ്ധവശാൽ അത് കൈവിട്ടു പോയി. മഅ്മൂന്റെ (റ) തലയിലും ദേഹത്തും കറി തെറിച്ചു. അദ്ദേഹം ദേഷ്യപ്പെട്ടു. ദാസിയാകട്ടെ വിശുദ്ധ ഖുർആൻ വാക്യം ഓതിക്കേൾപ്പിച്ചു: “കോപം കടിച്ചിറക്കുന്നവൻ’ (3/134) മഅ്മൂൻ (റ) സമചിത്തത പാലിച്ചു. “ഞാൻ കോപം നിയന്ത്രിക്കുന്നു’. അദ്ദേഹം പറഞ്ഞു. ദാസി ഖുർആൻ വചനത്തിന്റെ ബാക്കി ഭാഗം ഓതി: “ജനങ്ങളോട് വിട്ടുവീഴ്ച ചെയ്യുന്നവൻ’. മഅ്മൂൻ: “ഞാൻ വിട്ടുവീഴ്ച ചെയ്യുന്നു’. ദാസി ബാക്കി പൂർത്തിയാക്കി “കൂടുതൽ നന്മ ചെയ്താലും നന്മ ചെയ്യുന്നവരെ അല്ലാഹു അത്യധികം ഇഷ്ടപ്പെടുന്നു’. മഅ്മൂൻ: ശരി നിന്നെ ഞാൻ സ്വതന്ത്രയാക്കുന്നു (ഖുർതുബി4/196).