Book Review
കേട്ടുപഠനത്തിലെ മനോഹാരിത
കാലോചിതമായ രീതിയിലാണ് ഈ പുസ്തകത്തിന്റെ ഓരോ താളുകളുടെയും രൂപകൽപ്പന. തജ്‌വീദ് എന്നറിയപ്പെടുന്ന ഖുർആൻ പാരായണ നിയമങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും ചിത്രങ്ങളും ക്യു ആർ കോഡുകളും ഉൾപ്പെടെ ലളിതമായി വിവരിച്ചിരിക്കുന്നു. ഉച്ചാരണ സ്ഥാനങ്ങൾ, സ്വഭാവം, തത്വം, ഉയർച്ചതാഴ്ചകൾ, ചേർക്കലുകൾ തുടങ്ങി ഓരോ അക്ഷരം എങ്ങനെ ഉച്ചരിക്കണം എന്നുവരെ വിവരിക്കുന്നുണ്ട്.
വല്ലാത്തൊരു വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ് കാലം. ജീവിതരീതികളും. ഏറ്റവും കൂടുതൽ മാറ്റമുള്ളത് ഓരോരോ മാറ്റങ്ങൾക്കിടയിലുമുള്ള സമയദൈർഘ്യമാണ്. അത് വല്ലാതെ കുറഞ്ഞിരിക്കുന്നു. സാങ്കേതികമായ ഒരു കാഴ്ചപ്പാടിൽ നോക്കുമ്പോൾ സമകാലിക മനുഷ്യ ജീവിതം സമാനതകളില്ലാത്ത നേട്ടങ്ങളുടേതാണ്. എന്നാൽ ഭൗതികമായ കാര്യങ്ങൾ മാത്രമല്ലല്ലോ ജീവിതമെന്ന ഈ യാത്ര അർഥപൂർണമാകുന്നത്. ജീവിതചര്യയായി തുടരേണ്ട വിശുദ്ധ ഖുർആൻ പാരായണം, ഇക്കാലത്ത് പല കാരണങ്ങൾ കൊണ്ടും അനിശ്ചിതത്വത്തിലാവുന്ന മനുഷ്യർക്കിടയിലാണ് ‘ഖുർആൻ പഠിക്കാം’ എന്ന പുസ്തകത്തിൻ്റെ പ്രസക്തി. പുതിയ കാലത്തെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ഖുർആൻ മനസ്സിലാക്കാനും നിയമാനുസൃതമായി പാരായണം ചെയ്യാനും വായനക്കാരെ സഹായിക്കുന്ന പുസ്തകമാണ് ഹാഫിസ് ലുഖ്മാൻ ഹകീം അസ്ഹരി എഴുതിയ ഈ ഗ്രന്ഥം.
ഖുർആനെക്കുറിച്ച് അറിയാത്തവർക്ക് അത് മറ്റു മതഗ്രന്ഥങ്ങളേപ്പോലെ ഒരു പ്രധാന ഗ്രന്ഥം മാത്രമാണെന്ന തെറ്റിദ്ധാരണയുണ്ടാവുക സ്വാഭാവികമാണ്. പൊതുവേയുള്ള ഈ തെറ്റിദ്ധാരണയുള്ള ഒരാൾക്കു പോലും, എന്താണ് ഖുർആൻ പാരായണം, പാരായണരീതി, നിയമങ്ങൾ തുടങ്ങിയവ ലളിതമായ രീതിയിൽ മനസ്സിലാക്കാൻ കഴിയുന്നൊരു പുസ്തകമാണിത്. ആ നിലയ്ക്ക്, വായിക്കാനൊരു പുസ്തകമെന്നതിലുപരി അധ്യാത്മിക ഉന്നമനത്തിനും സമാധാനത്തിനും ജീവിതചര്യയായുമൊക്കെ ഖുർആൻ പാരായണം ചെയ്യാൻ ആഗ്രഹമുണ്ടായിട്ടും അതിന് കഴിയാതെ പോകുന്ന മനുഷ്യർക്ക് ഈ പുസ്തകം ഒരമൂല്യ സമ്മാനവും വഴികാട്ടിയുമാണ്.
ഈ ഗ്രന്ഥത്തിലെ ഉള്ളടക്കം ഒരുപക്ഷേ മലയാളികൾക്ക് പുതിയ ഒന്നായിരിക്കില്ല. ഖുർആൻ പാരായണ നിയമങ്ങൾ വിവരിക്കുന്ന പല എഴുത്തുകളും പലപ്പോഴായി വന്നിട്ടുണ്ട്. എന്നാൽ, മുപ്പത്തിയഞ്ച് അധ്യായങ്ങളിലൂടെ പാരായണ നിയമങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും പരിശീലിക്കാനും വായനക്കാരെ പ്രാപ്തരാക്കുന്ന രീതിയിലാണ് ഈ പുസ്തകത്തിൽ വിന്യസിച്ചിരിക്കുന്നത്.
കാലോചിതമായ രീതിയിലാണ് ഈ പുസ്തകത്തിൻ്റെ ഓരോ താളുകളുടെയും രൂപകൽപ്പന. തജ്‌വീദ് എന്നറിയപ്പെടുന്ന ഖുർആൻ പാരായണ നിയമങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും ചിത്രങ്ങളും ക്യു ആർ കോഡുകളും ഉൾപ്പെടെ ലളിതമായി വിവരിച്ചിരിക്കുന്നു. ഉച്ചാരണ സ്ഥാനങ്ങൾ, സ്വഭാവം, തത്വം, ഉയർച്ചതാഴ്ചകൾ, ചേർക്കലുകൾ തുടങ്ങി ഓരോ അക്ഷരം എങ്ങനെ ഉച്ചരിക്കണം എന്നുവരെ വിവരിക്കുന്നുണ്ട്. കേട്ടു പഠിച്ച് അവ മനസ്സിലുറപ്പിക്കാൻ ഇതിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ മതിയാകും എന്നത് ഏറെ സഹായകരമായി തോന്നി. കണ്ടും കേട്ടും സ്വയം ഖുർആൻ പാരായണം ചെയ്യാൻ ഈ പുസ്തകം വായിക്കുന്നവരെ പ്രാപ്തരാക്കുന്നു.
കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് കൊണ്ട് തന്നെ കാലാതിവർത്തിയായ ഈ ജീവിതചര്യ നിങ്ങൾക്കും സ്വായത്തമാക്കാം, ഖുർആൻ പഠിക്കാം എന്ന ഈ പുസ്തകത്തിലൂടെ. മനുഷ്യർ പരസ്പരം മനസ്സിലാക്കാനും സ്നേഹം പങ്കിടാനും ഖുർആൻ നിർദേശിക്കുന്നുണ്ട്. ഈ ഗ്രന്ഥത്തെ അടുത്തറിയുമ്പോൾ തീർച്ചയായും ഈ മഹത്തായ സന്ദേശം നമുക്ക് ബോധ്യമാകും. അത്തരമൊരു ബോധ്യത്തിലേക്ക് വായനക്കാരെ വഴിനടത്തുന്ന ഗ്രന്ഥമാണ് “ഖുർആൻ പഠിക്കാം’.
പ്രസാധനം: അബ്റാർ ബുക്സ്, കൊണ്ടോട്ടി.
വില 699 രൂപ.