rifayi day
രിഫാഈ സരണിയുടെ സൗന്ദര്യം
ഭൗതികമായ എല്ലാ താത്പര്യങ്ങളില്‍ നിന്നും മുക്തമായിരുന്നു ശൈഖവര്‍കള്‍ പഠിപ്പിച്ച രിഫാഈ സരണി. അത്ഭുതസിദ്ധികളിലൂടെ ജനങ്ങളുടെ വിശ്വാസം ചൂഷണം ചെയ്ത് തടിച്ചു കൊഴുത്തിരുന്ന കപടന്മാരെ ശൈഖവര്‍കള്‍ തന്റെ ആത്മീയ ചൈതന്യം ഉപയോഗിച്ച് നാമാവശേഷമാക്കി.
ഇറാഖിലെ ബസ്വറയുടെയും വാസിത്വിന്റെയും ഇടയിലുള്ള ബത്വാഇഹ് എന്ന ഗ്രാമത്തിലാണ് സയ്യിദ് അഹ്‌മദുല്‍ കബീര്‍ രിഫാഈ (ഖ.സി) ഭൂജാതനാകുന്നത്. മാതാപിതാക്കള്‍ വലിയ ആത്മീയ ഗുരുക്കളായിരുന്നത് പോലെ തന്നെ അമ്മാവനായ ശൈഖ് മന്‍സൂറും പ്രമുഖ പണ്ഡിതനും ജ്ഞാനിയുമായിരുന്നു. ഇവരാണ് ശൈഖവര്‍കളുടെ പ്രഥമ ഗുരുനാഥരും മാര്‍ഗ ദര്‍ശകരും. ചെറുപ്പത്തില്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുകയും തഫ്സീര്‍, ഖുര്‍ആന്‍ പാരായണ ശാസ്ത്രം, കര്‍മ ശാസ്ത്രം, തത്ത്വശാസ്ത്രം, ഹദീസ്, തസ്വവ്വുഫ് എന്നിവയില്‍ അവഗാഹം നേടുകയും ചെയ്തു ശൈഖവര്‍കള്‍. നീണ്ടുനിന്ന വിജ്ഞാന തപസ്യകള്‍ക്കും അന്വേഷണ യാത്രകള്‍ക്കുമൊടുവില്‍ ജന്മനാട്ടില്‍ തിരിച്ചെത്തിയ ശൈഖവര്‍കള്‍ അവിടെ പള്ളിയും ഖാന്‍ഖാഹും പണിതു. ജനങ്ങള്‍ക്ക് ആത്മീയ മാര്‍ഗ ദര്‍ശനം നല്‍കാനും വിശ്വാസ കാര്യങ്ങളില്‍ തജ്ദീദ് ചെയ്യുന്നതിനുമായി “രിഫാഇയ്യ’ എന്ന സൂഫി സരണി സ്ഥാപിച്ചു. അനേകമാളുകളെ വിശ്വാസ മാഹാത്മ്യത്തിലേക്ക് നയിച്ച രിഫാഈ തങ്ങള്‍ സുല്‍ത്വാനുല്‍ ആരിഫീന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടാന്‍ തുടങ്ങി.
ഇസ്‌ലാമിക സരണിയിലും ചിന്താ മാര്‍ഗങ്ങളിലും മഹാനവര്‍കളുടെ അറിവിന്റെ ആഴം അളക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഇമാം റാഫിഈ (റ) ഉദ്ധരിക്കുന്ന ഒരു സംഭവം: ശൈഖ് രിഫാഈ ളുഹ്്ർ നിസ്‌കാരത്തിനു ശേഷം ജനങ്ങളുമായി സംസാരിക്കാനായി മിമ്പറില്‍ കയറുമായിരുന്നു. ഒരു ദിവസം പതിവു പോലെ മിമ്പറില്‍ കയറി. ചുറ്റും പണ്ഡിതരും നേതാക്കളുമടങ്ങുന്ന നല്ല ശ്രോതാക്കളുണ്ട്. ഉപദേശം തുടങ്ങിയതിനു ശേഷം ശ്രോതാക്കള്‍ ചോദ്യങ്ങളും സംശയങ്ങളും ചോദിക്കാന്‍ തുടങ്ങി. തഫ്സീര്‍, ഹദീസ്, കര്‍മശാസ്ത്രം, നിദാന ശാസ്ത്രം തുടങ്ങി വിവിധ വിജ്ഞാന ശാഖകളില്‍ നിന്നുള്ള ചോദ്യങ്ങളുമായാണ് ഉയര്‍ന്ന പണ്ഡിതന്മാര്‍ ശൈഖവര്‍കളോട് സംവദിക്കുന്നത്. എല്ലാവരുടെയും ചോദ്യത്തിന് കൃത്യമായി ശൈഖവര്‍കള്‍ മറുപടി നല്‍കി. ഒരു സദസ്സില്‍ വെച്ചു തന്നെ ഇരുനൂറോളം ചോദ്യങ്ങള്‍ക്കുള്ള തീര്‍പ്പുകള്‍ നല്‍കി. ഇതു കണ്ട് സദസ്സിലുള്ള ഒരാള്‍ പറഞ്ഞു: “ക്രോഡീകൃതമാക്കപ്പെട്ട ഏത് വിജ്ഞാന ശാഖയിലുള്ള ചോദ്യം നിങ്ങള്‍ ചോദിച്ചാലും അദ്ദേഹം മറുപടി പറയും’. അപ്പോള്‍ ശൈഖ് രിഫാഈ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു: “ഞാന്‍ മരിക്കുന്നതിനു മുമ്പ് എന്നോട് ചോദിക്കാനുള്ളതൊക്കെ അവര്‍ ചോദിച്ചു കൊള്ളട്ടെ; ദുന്‍യാവ് നശ്വരമാണല്ലോ’.
ഭൗതികമായ എല്ലാ താത്പര്യങ്ങളില്‍ നിന്നും മുക്തമായിരുന്നു ശൈഖവര്‍കള്‍ പഠിപ്പിച്ച രിഫാഈ സരണി. അത്ഭുതസിദ്ധികളിലൂടെ ജനങ്ങളുടെ വിശ്വാസം ചൂഷണം ചെയ്ത് തടിച്ചു കൊഴുത്തിരുന്ന കപടന്മാരെ ശൈഖവര്‍കള്‍ തന്റെ ആത്മീയ ചൈതന്യം ഉപയോഗിച്ച് നാമാവശേഷമാക്കി. ഭൗതികമായ താത്പര്യങ്ങളും ചിന്തകളും വെച്ച് മതരംഗത്ത് ഇറങ്ങുന്നവരെ ശൈഖവര്‍കള്‍ ശാസിക്കുന്നുണ്ട്. “അല്ലാഹുവിന്റെ തൃപ്തിയിലാകണം ജീവിതം നയിക്കേണ്ടത്. അവന്റെ കൃപ ആഗ്രഹിച്ചു കൊണ്ടാകണം സമൂഹ നന്മക്കിറങ്ങേണ്ടത്’ എന്ന് ശൈഖ് രിഫാഈ ഉത്ബോധിപ്പിച്ചു. ലക്ഷക്കണക്കിന് ശിഷ്യന്മാര്‍ രിഫാഈ സരണിയിലൂടെ ലോകം മുഴുവന്‍ ദീനീ പ്രബോധനത്തിലും സേവന പ്രവര്‍ത്തനത്തിലും വ്യാപൃതരായി. അന്ധവിശ്വാസങ്ങളുടെ കടക്കല്‍ കത്തിവെച്ചു കൊണ്ട് മനുഷ്യരെ തൗഹീദിന്റെ മാഹാത്മ്യത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു അവര്‍. പക്ഷേ, ഇന്ന് അതേ സരണിയുടെ മറവില്‍ അന്ധവിശ്വാസങ്ങളും മത നിരാസത്തിനു വരെ കാരണമാകുന്ന പ്രവര്‍ത്തനങ്ങളുമായി വ്യാജന്മാര്‍ ഊരു ചുറ്റുമ്പോള്‍ അവരെ പിടിച്ചു കെട്ടേണ്ടത് അനിവാര്യം തന്നെയാണ്.
ആത്മീയ വഴിയിലേക്ക് ഒരാള്‍ക്ക് എങ്ങനെ പ്രവേശിക്കാനാകുമെന്ന ചോദ്യത്തിന് ശൈഖവര്‍കള്‍ മറുപടി പറഞ്ഞത്; മൂന്ന് കാര്യങ്ങള്‍ പിന്‍പറ്റലാണ് ആത്മീയതയിലേക്കുള്ള ഏറ്റവും നല്ല വഴിയെന്നായിരുന്നു. അല്ലാഹുവിന്റെ കല്‍പ്പനകളെ പൂര്‍ണമായും താഴ്മയോടെ അനുസരിക്കുക, സൃഷ്ടികളോട് വാത്സല്യം കാണിക്കുക, നബി തിരുമേനിയുടെ ചര്യ മുറുകെ പിടിക്കുക എന്നിവയാണവ.
ജനങ്ങളോട് അവരുടെ സ്വാഭാവം നോക്കാതെ മാന്യമായി ഇടപെടണമെന്ന് ശൈഖവര്‍കള്‍ ഉത്ബോധിപ്പിച്ചു. “ഒരാള്‍ നിന്നോട് മോശമായി പെരുമാറിയാല്‍ നീ അയാള്‍ക്ക് പൊറുത്തു കൊടുക്കുകയും അവന് സന്മാര്‍ഗത്തിനു വേണ്ടി ദുആ ഇരക്കുകയും ചെയ്യുക, ഉപകാരം ചെയ്യുന്നവരുമായും സ്തുതിപാഠകരുമായും മാത്രമുള്ള നിന്റെ സഹവാസം നിന്റെ സ്വാഭാവത്തെ ചീത്തയാക്കും’- ശൈഖവര്‍കള്‍ ഉണര്‍ത്തി. “ആളുകള്‍ക്കനുസരിച്ച് വിധി പറയുന്നവര്‍ അല്ലാഹുവിന്റെ ഭൂമിയിലെ ഏറ്റവും വലിയ നാശകാരികളാണെന്ന്’ ശൈഖ് ഉണര്‍ത്തി. “ജനങ്ങളുടെ അന്ധവിശ്വാസം മുതലാക്കി ജീവിക്കുന്നവര്‍ ദീനിനെ തന്നെ മുച്ചൂടും നശിപ്പിക്കുന്നവരാണെന്നും അത്തരക്കാരെ കരുതിയിരിക്കണമെന്നും’ ശൈഖവര്‍കള്‍ തന്റെ മുരീദുമാരെ താക്കീത് ചെയ്തു.
പ്രബോധന സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ സേവന പ്രവര്‍ത്തനത്തില്‍ തുല്യതയില്ലാത്ത മാതൃകയാണ് ശൈഖവര്‍കള്‍ നമുക്ക് കാണിച്ചു തന്നത്. സമൂഹം നിന്ദ്യതയോടെ കണ്ടിരുന്ന രോഗികളെ തന്റെ ഖാന്‍ഖാഹില്‍ കൊണ്ടുവന്ന് ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്തതിലൂടെ ആരെയും മാറ്റി നിര്‍ത്തരുതെന്നും ദൈവ കാരുണ്യം ലഭിക്കാന്‍ എല്ലാവരിലേക്കും കാരുണ്യം പകരണമെന്നുമുള്ള മഹത്തായ സന്ദേശം നല്‍കുകയായിരുന്നു. കുഷ്ഠ രോഗികളുടെയും പക്ഷവാത രോഗികളുടെയും വസ്ത്രങ്ങള്‍ അലക്കിക്കൊടുക്കുകയും കുളിപ്പിക്കുകയും മുടി വാര്‍ന്നു കൊടുക്കുകയും ഭക്ഷണം നല്‍കി അവരോടൊപ്പം തന്നെ ഭക്ഷിക്കുകയും ചെയ്തിരുന്നു മഹാനവര്‍കള്‍. അന്ധന്മാരെ പരിചരിക്കുക, വിറക് ശേഖരിച്ച് ദരിദ്ര- വൃദ്ധ- വിധവ ജനവിഭാഗങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുക, രോഗികളെ സന്ദര്‍ശിക്കുക, ആവശ്യമായ സേവനങ്ങള്‍ ചെയ്തു കൊടുക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാല്‍ മഹാനരുടെ ജീവിതം ധന്യമായിരുന്നു.
മനുഷ്യരെ മാത്രമല്ല, രോഗം ബാധിച്ച് തെരുവിലുപേക്ഷിക്കപ്പെടുന്ന മൃഗങ്ങളെ ശുശ്രൂഷിക്കാനും അദ്ദേഹം സമയം കണ്ടെത്തിയതായി കാണാം. ഇത്തരത്തില്‍ 40 ദിവസം ഒരു നായയെ പരിചരിച്ചതും പരിചരണത്താല്‍ രോഗം മാറിയ നായ മരണം വരെ മഹാനരോടൊപ്പം ഉണ്ടായിരുന്നതും ചരിത്രത്തില്‍ നാം വായിക്കുന്നു. അതെ, ഇതൊക്കെയാണ് ആത്മീയ മാര്‍ഗവും പ്രവര്‍ത്തന രീതിയും. ജനങ്ങളെ സേവിക്കുക, അവരെ സംസ്‌കരണത്തിന്റെ മാര്‍ഗത്തിലേക്ക്, വെളിച്ചത്തിലേക്ക് കൊണ്ടുവരിക, വിശ്വാസം സംരക്ഷിക്കുക. ഹി. 578 ജമാദുല്‍ അവ്വല്‍ 12 വ്യാഴാഴ്ചയാണ് ശൈഖവര്‍കള്‍ പരലോകം പൂകിയത്. ഇറാഖിലെ ഉമ്മുഅബീദ എന്ന സ്ഥലത്ത് മഹാനര്‍ അന്ത്യ വിശ്രമം കൊള്ളുന്നു.