Connect with us

Editors Pick

അരിപ്പൂവിന്‍റെ സൗന്ദര്യം അത്ര നിഷ്കളങ്കമല്ല

ലന്താനയിലെ ചില സ്പീഷീസുകൾ ആക്രമണകാരികളാണ്. പല രാജ്യങ്ങളും അവയെ ദോഷകരമായ കളകളായി കണക്കാക്കുന്നു.

Published

|

Last Updated

നാം സാധാരണയായി കാണുന്ന മഞ്ഞയും ചുവപ്പും നിറങ്ങളുള്ള‌ അരിപ്പൂകളെക്കുറിച്ചു നിങ്ങള്‍ക്കെന്തറിയാം. നമ്മുടെ പരിസരത്തുള്ള കുറ്റിക്കാടുകളില്‍ മാത്രമല്ല വീട്ടുമുറ്റത്തും പല ഇനങ്ങളിലും നിറങ്ങളിലും ഇവ കാണാം. വെര്‍ബന കുടുംബമായ വെർബെനേസിയിലെ ഏകദേശം 150 ഇനം പൂച്ചെടികളുടെ ഒരു ജനുസ്സാണ് ലന്താന എന്നു പേരുള്ള അരിപ്പൂവ്. ഇവ അമേരിക്കയിലേയും ആഫ്രിക്കയിലേയും ഉഷ്ണമേഖലാ  പ്രദേശങ്ങളിൽനിന്നുള്ളവയാണ്. നിരവധി പ്രദേശങ്ങളിൽ, പ്രത്യേകിച്ച്ഓസ്‌ട്രേലിയൻ പസഫിക് മേഖലയിലും ഇന്ത്യയുടെ തെക്ക്, വടക്കു കിഴക്കൻ  മേഖലകളിലുമെല്ലാം ഇത് കാണപ്പെടുന്നു. അരമീറ്റര്‍ മുതല്‍ രണ്ടു മീറ്റർ വരെ ഉയരത്തില്‍ വളരുന്ന അരിപ്പൂവ്  കുറ്റിച്ചെടികളുടെ ജനുസ്സിൽ ഉൾപ്പെടുന്നു. അവയെ പൊതുവായി   വെർബെനാസ് അല്ലെങ്കിൽ ലന്താനസ് എന്നിങ്ങനെ പേരുകൾവിളിച്ചുപോരുന്നു. പൊതുവായ ലന്താനസ് എന്ന പേര് ഉത്ഭവിച്ചത് ലാറ്റിനിൽ നിന്നാണ്.

എന്നാല്‍ നാം കരുതുന്നപോലെ ചുവപ്പ്, മഞ്ഞ നിറങ്ങളിൽ മാത്രമല്ല ഇവ കാണപ്പെടുന്നത്. പലനിറത്തിലും സുഗന്ധങ്ങളിലുമുള്ള ഇനങ്ങള്‍ ഇതിലുണ്ട്. ലന്താനയുടെ സുഗന്ധമുള്ള പൂക്കളുടെ കൂട്ടങ്ങളെ അമ്പലുകൾ എന്ന് വിളിക്കുന്നു. ചുവപ്പ്, ഓറഞ്ച്, മഞ്ഞ, നീല, വെള്ള എന്നീ പൂക്കളുടെ മിശ്രിതമാണ് ഈ ഇനങ്ങളിലുള്ളത്. ഒരേ നിറത്തിലുള്ള പൂക്കള്‍ക്കൊപ്പം മറ്റ് നിറങ്ങളിലും പൂങ്കുലകൾ ഉണ്ടാവും. പൂക്കൾ സാധാരണയായി പാകമാകുമ്പോൾ നിറം മാറുന്നു. അതിന്റെ ഫലമായി ഒരേ ചെടിയിൽ രണ്ടോ മൂന്നോ നിറങ്ങളിലുള്ള പൂങ്കുലകൾ ഉണ്ടാകുന്നു.
ഇതെല്ലാം ലന്താനയെന്ന അരിപ്പൂവിന്‍റെ വിശേഷങ്ങളാണ്. എന്നാല്‍ പ്രധാന വിഷയം ഇതല്ല. ഇവയുടെ അധിനിവേശ സ്വഭാവം തന്നെയാണ് പ്രശ്നം‌.

ലന്താനയിലെ ചില സ്പീഷീസുകൾ ആക്രമണകാരികളാണ്. പല രാജ്യങ്ങളും അവയെ ദോഷകരമായ കളകളായി കണക്കാക്കുന്നു. ഉദാഹരണത്തിന് ദക്ഷിണേഷ്യ , ദക്ഷിണാഫ്രിക്ക , ഓസ്ട്രേലിയ എന്നിവിടങ്ങളിലും യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ,പ്രത്യേകിച്ച് കരോലിനാസ് , ജോർജിയ , ഫ്ലോറിഡ , ഗൾഫ് കോസ്റ്റ് എന്നിവയുടെ തീരപ്രദേശങ്ങളിൽ ലന്താനകൾ ആക്രമണകാരികളാണ്. മറ്റു ചെടികളെ നശിപ്പിച്ച് വംശനാശം വരുത്തി അവിടെ പടര്‍ന്നുകയറുന്നതാണ് ഇവയുടെ സ്വഭാവം. അതിനാലാണ് വിനാശകരമായ കളകളുടെ ലിസ്റ്റിൽ ഇവ വന്നത്.

ലന്താനയുടെ ഇലകളില്‍ വിഷാംശമുള്ളതിനാൽ സസ്യഭുക്കുകളായ മിക്ക മൃഗങ്ങളും‌ ഭക്ഷണത്തില്‍ നിന്ന് ഇവയെ ഒഴിവാക്കുന്നതും ഈ ചെടിയുടെ വ്യാപനത്തിന് സഹായകമാകുന്നു.
ചിലയിനം അരിപ്പൂ ചെടികളില്‍ പെന്റാസൈക്ലിക് ട്രൈറ്റെർപെനോയിഡുകൾ അടങ്ങിയിട്ടുണ്ട് , ഇത് ആടുകൾ, മുയലുകൾ, കന്നുകാലികൾ , കുതിരകൾ തുടങ്ങിയ സസ്യഭുക്കുകളായ മൃഗങ്ങൾ കഴിക്കുമ്പോൾ അവയുടെ ശരീരവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. അങ്ങനെ അവയുടെ മരണത്തിന് കാരണമാകുന്നു.

സൂര്യപ്രകാശത്തോടുള്ള അമിതമായ ചർമ്മ സംവേദനക്ഷമത (ഫോട്ടോസെൻസിറ്റൈസേഷൻ) അതായത് ചെറുതായി വെയിലേല്‍ക്കുമ്പോള്‍ പോലും ചര്‍മ്മം പൊള്ളിപ്പോകുന്ന അവസ്ഥ കൂടാതെ,കരൾ തകരാറ് ,കണ്ണുകളുടെയും മോണയുടെയും മൂക്കിന്റെയും വായയുടെയും വെള്ള ഭാഗത്ത് മഞ്ഞപ്പിത്തം ബാധിച്ചതുപോലുള്ള മഞ്ഞനിറം, ചെവികളുടെയും കണ്പോളകളുടെയും വീക്കം, കണ്ണുകളിൽ നിന്ന് ചുവപ്പു സ്രവവും നാവിന്റെ അഗ്രത്തിലും അടിഭാഗത്തും വ്രണങ്ങൾ തുടങ്ങി പല ലക്ഷണങ്ങളായി ഇത് കാലികളെ ബാധിച്ചേക്കാം.

തൊലി പൊള്ളിപ്പോയ മാംസത്തില്‍ ഈച്ച ശല്യവും‌ ബാക്ടീരിയ ആക്രമണവും ഉണ്ടാകുമ്പോള്‍ മൃഗം കൂടുതൽ പരീക്ഷീണമാകുന്നു. പൊള്ളല്‍ കാരണം‌ സൂര്യപ്രകാശം ഒഴിവാക്കുകയും
ഭക്ഷണം കഴിക്കുന്നത് നിർത്തുകയും ചെയ്തേക്കാം. ക്ഷീണം‌ , ബലഹീനത, വിഷാദം എന്നിവ അനുഭവപ്പെടും. ഇടയ്ക്കിടെ മൂത്രമൊഴിക്കുക, മലബന്ധം അല്ലെങ്കിൽ കറുത്ത ദ്രാവകമുള്ള ശക്തമായ മലം കലർന്ന വയറിളക്കം ഉണ്ടാകാം. ഗുരുതരമായി ബാധിച്ച മൃഗങ്ങള്‍ നിർജ്ജലീകരണം കാരണം ചത്തുപോകാം.

ഇത് യുണൈറ്റഡ് സ്റ്റേറ്റ്സ്, ദക്ഷിണാഫ്രിക്ക, ഇന്ത്യ, മെക്സിക്കോ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ വ്യാപകമായ കന്നുകാലി നാശത്തിന് കാരണമായിട്ടുണ്ട്. എല്ലാ ലന്റാനകളുടെയും തണ്ടുകളും ഇലകളും വിഷമായി കണക്കാക്കണമെന്നാണ് വിദഗ്ധാഭിപ്രായം. എങ്കിലും
ചുവപ്പ് പൂക്കളുള്ള ഇനങ്ങൾ ഏറ്റവും വിഷാംശമുള്ളതായി കരുതപ്പെടുന്നു എന്നാൽ വെള്ളയും പിങ്ക് നിറത്തിലുള്ള ചില പൂക്കളുള്ള ഇനങ്ങളും വിഷാംശത്തില്‍ നിന്ന് മുക്തമല്ല . ലന്റാന വിഷബാധ ബാധിച്ച ഇനങ്ങളിൽ കന്നുകാലികൾ, ആടുകൾ,  ഗിനി പന്നികൾ, മുയലുകൾ എന്നിവ ഉൾപ്പെടുന്നു. ആടുകളിലും ഒട്ടകങ്ങളിലും ലന്റാനയുടെ ദീർഘകാല ഫലങ്ങൾ നിർണ്ണയിക്കാൻ കൂടുതൽ
ഗവേഷണം ആവശ്യമാണ് എന്ന് ശാസ്ത്രലോകം കരുതുന്നു.

ഇതിന്‍റെ പഴങ്ങള്‍ കഴിക്കുന്നതിലൂടെ കുട്ടികൾക്കും വിഷബാധയുണ്ടാകാം. പക്ഷേ ലക്ഷണങ്ങൾ
കന്നുകാലികളിൽ നിന്ന് വ്യത്യസ്തമാണ്. ചെടിപ്പടര്‍പ്പുകള്‍ വെട്ടിയും തീയിട്ടും നശിപ്പിച്ചും‌ ചില തരം ചെടികളേയും മിത്ര കീടങ്ങളേയും ഉപയോഗിച്ചും ഇവയെ നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും കാര്യമായ വിജയം കണ്ടിട്ടില്ല എന്നതാണ് ഭയപ്പെടുത്തുന്ന വസ്തുത.

 

 

Latest