Kerala
കിടപ്പ് രോഗിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് സ്വര്‍ണാഭരങ്ങള്‍ കവര്‍ന്നു; അയല്‍ക്കാരി അറസ്റ്റില്‍
തടയാന്‍ ശ്രമിച്ചപ്പോഴാണ് കിടപ്പ് രോഗിയും സംസാരിക്കാന്‍ പ്രയാസവുമുള്ള വയോധികയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്
ആലപ്പുഴ | കിടപ്പ് രോഗിയായ വയോധികയെ വീട്ടില്‍ കയറി അക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍. കുറ്റിച്ചിറ വീട്ടില്‍ മേഴ്‌സി(58)യാണ് അറസ്റ്റിലായത്. ചമ്പക്കുളം പുന്നക്കുന്നത്തുശ്ശേരി ചാലുമാട്ടുതറ വീട്ടില്‍ അമ്മിണി ഗോപി(67)യെയാണ് വെട്ടി പരുക്കേല്‍പ്പിച്ചത്. പ്രതിയെ പുളിങ്കുന്ന് പോലീസാണ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് അമ്മിണിയുടെ വീട്ടിലെത്തി മേഴ്‌സി അവിടെയുണ്ടായിരുന്ന മാല, മൂന്നു വള, കമ്മല്‍ എന്നീ ആഭരണങ്ങള്‍ കവരുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോഴാണ് കിടപ്പ് രോഗിയും സംസാരിക്കാന്‍ പ്രയാസവുമുള്ള വയോധികയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് ആഭരണങ്ങളുമായി കടന്നു കളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമ്മിണിയുടെ തലയിലും മുഖത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പത്തിലധികം മുറിവുകളാണുണ്ടായിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഭവ സമയത്ത് മേഴ്സിക്കൊപ്പം മറ്റൊരാള്‍കൂടി ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. പരുക്കേറ്റ് കിടക്കുന്ന അമ്മിണിയെ അയല്‍വാസികള്‍ ചേര്‍ന്ന് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.