attukal ponkala
ആറ്റുകാൽ പൊങ്കാലക്ക് തുടക്കം
വിശ്വാസികൾ വീട്ടിൽ വെച്ചാണ് പൊങ്കാലയിടുന്നത്.
തിരുവനന്തപുരം | ആറ്റുകാല്‍ പൊങ്കാലക്ക് തുടക്കമായി. രാവിലെ 11ഓടെ പണ്ടാര അടുപ്പില്‍ തീ പകർന്നതോടെയാണ് പൊങ്കാലക്ക് തുടക്കമായത്. ഉച്ചക്ക് 1.20ന് പൊങ്കാല നിവേദിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പില്‍ മാത്രമാണ് നടക്കുന്നത്. വിശ്വാസികൾ വീട്ടിൽ വെച്ചാണ് പൊങ്കാലയിടുന്നത്.
1,500 പേര്‍ക്ക് ക്ഷേത്രത്തില്‍ പൊങ്കാലയിടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും ഇളവ് വേണ്ടെന്ന് ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. ഭക്തര്‍ വീടുകളില്‍ പൊങ്കാല ഇടണമെന്നാണ് ട്രസ്റ്റിന്റെ അഭ്യര്‍ഥന. തുടര്‍ച്ചയായി ഇത് രണ്ടാം വര്‍ഷമാണ് പൊങ്കാല വീടുകളില്‍ മാത്രമായി ഒതുങ്ങുന്നത്. പൊങ്കാലയില്‍ ജനക്കൂട്ടമെത്തിയാല്‍ വീണ്ടും രോഗവ്യാപനത്തിന് സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് ഇക്കുറിയും പണ്ടാര അടുപ്പില്‍ മാത്രം പൊങ്കാല മതിയെന്ന് അധികൃതര്‍ തീരുമാനിച്ചത്. പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായുള്ള ദേവിയുടെ പുറത്തെഴുന്നള്ളിപ്പിന് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവോടെ അനുമതി നല്‍കി. അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് ആനപ്പുറത്തെഴുന്നള്ളത്ത് നടത്തണമെന്ന് ജില്ലാ കലക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പൂജാരിമാര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് മാത്രമായിരിക്കും പങ്കെടുക്കാന്‍ അനുമതി.
ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നെഗറ്റീവ് ആയവരോ അല്ലെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ കൊവിഡ് പോസിറ്റീവ് ആയവരോ ആയിരിക്കണം. ഘോഷയാത്രക്ക് ഔദ്യോഗിക വാഹനങ്ങള്‍ മാത്രമേ അകമ്പടിയായി അനുവദിക്കുകയുള്ളൂ. പൊതുജനങ്ങളുടെ അകമ്പടി വാഹനങ്ങളോ, ഉച്ചഭാഷണിയോ, വിളംബര വാഹനങ്ങളോ പാടില്ല. വഴിപൂജയോ മറ്റ് നേര്‍ച്ച ദ്രവ്യങ്ങളോ അനുവദിക്കില്ല. വഴി നീളെ ആഹാര പദാര്‍ഥങ്ങള്‍ വിതരണം ചെയ്യാനോ പുഷ്പവൃഷ്ടി നടത്താനോ പാടില്ല. പൊതുജനങ്ങള്‍ ഘോഷയാത്രയെ അനുഗമിക്കുന്നില്ലെന്ന് പോലീസും സംഘാടകരും ഉറപ്പുവരുത്തണം.
എഴുന്നള്ളിപ്പില്‍ പങ്കെടുക്കുന്നവര്‍ മുഴുവന്‍ സമയവും കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
കൂടാതെ ക്ഷേത്ര പരിസരത്ത് യാതൊരുവിധ വാഹന പാര്‍ക്കിംഗും അനുവദിക്കുകയിെല്ലന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ അറിയിച്ചു. ബണ്ട് റോഡ് വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഒരു വാഹനവും ഇത് വഴി കടത്തിവിടില്ല. ഈ റോഡില്‍ അബുലന്‍സ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ.