From the print
പിറന്ന മണ്ണിൽ തിരുത്തി തുടക്കം
സർക്കാറിനും സി പി എം സംസ്ഥാന നേതൃത്വത്തിനും വിമർശം
കണ്ണൂർ | ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി പി എമ്മിന് സംഭവിച്ച പരാജയത്തിന്റെ തെറ്റു തിരുത്തലിന് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രൂപം നൽകിയ കണ്ണൂരിന്റെ മണ്ണിൽ നിന്നും തുടക്കം. 1939ൽ ജില്ലയിലെ പിണറായിക്കടുത്ത പാറപ്രത്ത് പിറന്ന കമ്മ്യൂണിസ്റ്റ് പാർട്ടി പിന്നീട് പിളർന്ന് സി പി എം രൂപവത്കൃതമാകുകയായിരുന്നു.
സി പി എമ്മിന്റെ നിർണായകമായ തെറ്റുതിരുത്തലിനും ഇന്നലെ കണ്ണൂരിൽ നിന്ന് തന്നെ തുടക്കം കുറിച്ചു. തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ വിലയിരുത്തലിനെ തുടർന്ന് കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ മാർഗരേഖ ചർച്ച ചെയ്യാനായി കണ്ണൂർ, കാസർകോട് ജില്ലകളിലെ ലോക്കൽ സെക്രട്ടറിമാർ, ഏരിയാ സെക്രട്ടറിമാർ, ഏരിയാ കമ്മിറ്റി അംഗങ്ങൾ, ജില്ലാ കമ്മിറ്റിയംഗങ്ങൾ എന്നിവരാണ് ഇന്നലെ നടന്ന ആദ്യ മേഖലാ യോഗത്തിൽ പങ്കെടുത്തത്. മാർഗരേഖയിൽ സംസ്ഥാന സർക്കാറിനും പാർട്ടി കേരള ഘടകത്തിനുമെതിരെ രൂക്ഷ വിമർശമാണുള്ളത്. കണ്ണൂർ ബർണശേരി നായനാർ അക്കാദമിയിൽ നടന്ന വടക്കൻ മേഖലാ യോഗത്തിൽ പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ആണ് തെറ്റുതിരുത്തൽ മാർഗരേഖ അവതരിപ്പിച്ചത്.
പരാജയ കാരണം സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി കേന്ദ്രകമ്മിറ്റിക്ക് സമർപ്പിച്ച വിശദീകരണമുൾപ്പെടെയുള്ളവ പൂർണമായും തള്ളുന്നതാണ് കാരാട്ട് അവതരിപ്പിച്ച തെറ്റു തിരുത്തൽ മാർഗനിർദേശ രേഖ.
ക്ഷേമ പെൻഷൻ അടക്കമുള്ള പദ്ധതികളിലെ സർക്കാറിന്റെ വീഴ്ച തിരഞ്ഞെടുപ്പ് പരാജയത്തിന്റെ വ്യാപ്തി വർധിപ്പിച്ചതായി കുറ്റപ്പെടുത്തി. നേതാക്കളുടെ ഭാഗത്തു നിന്നുമുള്ള വീഴ്ചയും ജാഗ്രതക്കുറവും പാർട്ടി വോട്ടുകൾ പോലും ചോരാനിടയാക്കിയെന്നും വിമർശമുണ്ട്. തുടർ ഭരണത്തിന്റെ ആവേശത്തിൽ നേതാക്കളിൽ പലരുടെയും പെരുമാറ്റരീതിയിൽ മാറ്റം വന്നതായും റിപോർട്ടിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.
താഴെത്തട്ടിലുള്ള അടിസ്ഥാന ജനവിഭാഗത്തിന്റെ പിന്തുണയില്ലാതെ ഒരു പാർട്ടിക്കും മുന്നോട്ട് പോകാനാകില്ല. പാർട്ടിക്ക് നേരത്തേ അടിത്തട്ടിലുണ്ടായിരുന്നവരുമായുള്ള ബന്ധത്തിൽ വിള്ളൽ സംഭവിച്ചിട്ടുണ്ടെന്ന് കരുതുന്നു. താഴെത്തട്ടിലുള്ളവരുമായുള്ള ബന്ധം ദൃഢപ്പെടുത്താൻ ശക്തമായ നടപടി വേണമെന്നും ജനങ്ങൾക്കിടയിൽ കൂടുതൽ സജീവമായി ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണമെന്നും നിർദേശമുണ്ട്. വസ്തുതകൾ ഉൾക്കൊണ്ട് പരാജയം സംബന്ധിച്ച് കേരളഘടകം ആത്മപരിശോധന നടത്തണം. സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധം സംബന്ധിച്ച് കണ്ണൂരിലെ നേതൃത്വത്തിനെതിരെ ഉയർന്ന ആരോപണങ്ങളും യോഗത്തിൽ ചർച്ചയായി. സ്വർണക്കടത്ത്, ക്വട്ടേഷൻ, ലഹരി സംഘങ്ങളുമായി ബന്ധമുള്ളവർ, സമൂഹത്തിൽ അവമതിപ്പുള്ളവർ എന്നിവർക്ക് പാർട്ടി അംഗത്വം നൽകരുതെന്നും നേതൃത്വം ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്.