National
തുടക്കം കലക്കി
കലിംഗ സൂപർ കപ്പിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിനെ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടറിൽ പ്രവേശിച്ചു.

ഭുവനേശ്വർ | പുതിയ പരിശീലകൻ ദവീദ് കറ്റാലയുടെ കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയാരങ്ങേറ്റം. കലിംഗ സൂപർ കപ്പിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിനെ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടറിൽ പ്രവേശിച്ചു. ഈ മാസം 26ന് നടക്കുന്ന ക്വാർട്ടറിൽ, ഐ എസ് എൽ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപർ ജയന്റ്‌സ് ആണ് കൊമ്പന്മാരുടെ എതിരാളികൾ.
യുവത്വത്തിനും പരിചയസമ്പത്തിനും ഊന്നൽ നൽകിയാണ് തന്റെ അരങ്ങേറ്റ മത്സരത്തിൽ ദവീദ് കറ്റാല ടീമിനെ തിരഞ്ഞെടുത്തത്. കളിയുടെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സ് മിന്നി. രണ്ടാം മിനുട്ടിൽ മികച്ച അവസരം കിട്ടി. വലതുവശത്തുനിന്നും നോഹ നൽകിയ മനോഹര ക്രോസ്സ് ഹെസ്യൂസ് ഹിമിനെസിന് മുതലാക്കാനായില്ല. 40ാം മിനുട്ടിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഹിമിനസാണ് ബ്ലാസ്റ്റേഴ്‌സിന് ലീഡ് നൽകിയത്. ബോക്‌സിൽ നോഹ സദൂയിക്കെതിരായ അൻവർ അലിയുടെ ഫൗളിനെ തുടർന്നായിരുന്നു പെനാൽറ്റി. ഹിമിനസിന്റെ ആദ്യ കിക്ക് ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ ഗിൽ തടഞ്ഞെങ്കിലും കിക്കെടുക്കും മുമ്പ് ഗോളി ലൈൻ വിട്ടതിനാൽ വീണ്ടും കിക്കെടുക്കാൻ റഫറി അനുവദിച്ചു. ഇത്തവണ ഹെസ്യൂസിന് പിഴച്ചില്ല. 56ാം മിനുട്ടിൽ ഹിമിനെസ് ഒരിക്കൽക്കൂടി വലകുലുക്കിയെങ്കിലും ഓഫ് സൈഡായി. 64ാം മിനുട്ടിൽ നോഹ സദൂയിയുടെ മിന്നുന്ന ഗോളിൽ ബ്ലാസ്റ്റേഴ്‌സ് ലീഡുയർത്തി. വലതുഭാഗത്തുനിന്ന് ഐബാൻ നൽകിയ പന്തുമായി ബോക്സിന് മുന്നിലൂടെ മുന്നേറി രണ്ട് ഈസ്റ്റ് ബംഗാൾ പ്രതിരോധക്കാരെ വെട്ടിമാറ്റിയുള്ള നോഹയുടെ ഇടംകാൽ ഷോട്ട് വലകുലുക്കി. കൊൽക്കത്തൻ ഗോളിക്ക് ഒന്നും ചെയ്യാനായില്ല. 74ാം മിനുട്ടിൽ നോഹ ഒരിക്കൽക്കൂടി വല കുലുക്കിയെങ്കിലും ഓഫ് സൈഡായി.