Connect with us

Articles

വിശ്വാസിയുടെ പരിശീലന കാലം

വിശ്വാസിയുടെ അകം മിനുക്കാനുള്ള അവസരങ്ങളാണ് റമസാനില്‍ എമ്പാടുമുള്ളത്. ഇതോടൊപ്പം തന്നെ സാമൂഹികമായ നന്മകളില്‍ ഏര്‍പ്പെടുന്നതിനും ഒട്ടേറെ അവസരങ്ങള്‍ റമസാനിലുണ്ട്. ചുറ്റുമുള്ള മനുഷ്യരുടെ പരാധീനതകള്‍ മനസ്സിലാക്കി അവരെ സഹായിക്കുകയെന്നത് നോമ്പുകാലത്തെ പ്രധാനപ്പെട്ട പുണ്യങ്ങളില്‍ ഒന്നാണ്. വീടുകളില്‍ വരുന്ന മനുഷ്യരെയെല്ലാം സഹായങ്ങള്‍ നല്‍കി ചേര്‍ത്തു പിടിക്കുന്നതും നോമ്പുകാലത്തെ സൗന്ദര്യങ്ങളില്‍ പ്രിയപ്പെട്ടതുതന്നെ.

Published

|

Last Updated

അല്ലാഹുവിന്റെ അടിമ എന്ന നിലയില്‍ സ്രഷ്ടാവിനെ വണങ്ങി ജീവിക്കുന്നവരാണ് വിശ്വാസികള്‍. പരമമായ ആ വണക്കം പൂര്‍ണമാകാനുള്ള ഉപാധികളാണ് ആരാധനകള്‍. ചില കാര്യങ്ങള്‍ നിര്‍വഹിക്കലും ചില കാര്യങ്ങള്‍ ഉപേക്ഷിക്കലുമൊക്കെയാണ് ആരാധനകളുടെ പൊതുസ്വഭാവം. നിസ്‌കാരം, സകാത്ത്, ഹജ്ജ് തുടങ്ങിയവ ചെയ്യാനുള്ള കുറെ കര്‍മങ്ങളാണെങ്കില്‍ കുറെ കാര്യങ്ങളില്‍ നിന്നുള്ള വിട്ടുനില്‍ക്കലാണ് നോമ്പ്. മറ്റുള്ള ഇബാദത്തുകളില്‍ നിന്നെല്ലാം നോമ്പിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ രഹസ്യസ്വഭാവമാണ്. നിസ്‌കാരവും ഹജ്ജും സകാത്തുമെല്ലാം മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കുമെങ്കില്‍ ഒരാള്‍ നോമ്പുകാരനാണെന്നത് അവര്‍ക്കും അല്ലാഹുവിനും മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ. നോമ്പ് മുറിയുന്ന കാര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നതിലൂടെ മനസ്സിലാക്കാം എന്നല്ലാതെ നോമ്പ് എന്ന ആരാധനയെ പ്രത്യേകമായി എടുത്തുകാണിക്കാന്‍ ആകില്ല. ആരെയും കാണിക്കാന്‍ വേണ്ടി ചെയ്യാവുന്ന ഒന്നല്ല നോമ്പ്. അഹങ്കാരത്തിന്റെ അംശം ഒട്ടും പ്രകടിപ്പിക്കാനാകില്ല തന്നെ. ഒരാള്‍ എല്ലാ അര്‍ഥത്തിലും ഒറ്റക്ക് നിര്‍വഹിക്കുന്ന ഇബാദത്ത് ആകയാല്‍ തന്നെ അല്ലാഹുവിനോടുള്ള പൂര്‍ണമായ വണക്കവും താഴ്മയും കടമയും വിളംബരം ചെയ്യുന്നുണ്ട് ഓരോ നോമ്പുകാരനും.
ഏറ്റവും ദൈര്‍ഘ്യമേറിയ ആരാധനകളിലൊന്നാണ് നോമ്പ് എന്നതാണ് ഈ കാലത്തിന്റെ മറ്റൊരു സവിശേഷത. സൂര്യോദയത്തിന്റെ മുമ്പ് മുതല്‍ സൂര്യനസ്തമിക്കും വരെയുള്ള നേരമത്രയും ഒരുപാട് കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയെന്നത് ഏറെ ശ്രമകരമാണ്. ഭക്ഷണം, ശാരീരികേച്ഛകള്‍, പരിധിവിട്ട സംസാരങ്ങള്‍, നോട്ടങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം ദീര്‍ഘ സമയം മാറിനില്‍ക്കാന്‍ സാധിക്കുകയെന്നത് മനുഷ്യനെ വലിയ രൂപത്തില്‍ പരിവര്‍ത്തനപ്പെടുത്തും. മുപ്പത് ദിവസം ശരിയായ രീതിയില്‍ ഈ പരിശീലനം തുടര്‍ന്നാല്‍ വരും നാളുകളിലും അച്ചടക്കവും ആത്മീയതയും നിറഞ്ഞ ജീവിതം ശീലിക്കാന്‍ വിശ്വാസിക്ക് സാധിക്കും.

മുപ്പത് ദിവസം മിതമായ രീതിയില്‍ ആഹാരങ്ങള്‍ ശീലിച്ച ഒരാള്‍ക്ക്, അതിന്റെ ശാരീരിക-മാനസിക സുഖങ്ങള്‍ അനുഭവപ്പെട്ട ഒരാള്‍ക്ക് പിന്നീടുള്ള കാലവും ആ നിയന്ത്രണം നടപ്പാക്കാന്‍ സാധിച്ചേക്കും. റമസാനില്‍ പ്രത്യേക പാരായണങ്ങള്‍ നടത്തി ഖുര്‍ആന്‍ ഖത്മ് ചെയ്യുന്നവര്‍ക്ക് റമസാന്‍ കഴിഞ്ഞാലും ഒരു വഴികാട്ടിയായി ഖുര്‍ആനെ കൂടെ കൊണ്ടുനടക്കാന്‍ കഴിയും. കളവ്, വഞ്ചന, പരദൂഷണം എന്നിവയൊന്നുമില്ലാതെ, ആരെയും നോവിക്കാതെ ഏറെ നാള്‍ പരിശീലിച്ച ഒരാള്‍ക്ക് ആ കാലാവധി കഴിഞ്ഞാലും ചിട്ടയായ ജീവിതം തുടരാന്‍ സാധിക്കും. അങ്ങനെ കഴിയുമ്പോഴാണ് നോമ്പ് പൂര്‍ണമാകുന്നത്. ഒരാളുടെ നോമ്പുകാലം സഫലമാണെന്നതിന്റെ തെളിവ് തുടര്‍ ജീവിതത്തില്‍ പ്രകടമാകുന്ന വിശുദ്ധിയും തിളക്കവുമാണല്ലോ.
വിശ്വാസിയെ ചിട്ടപ്പെടുത്തുന്ന ഈ മാസത്തില്‍ ഭക്ഷണ നിയന്ത്രണം നിര്‍ബന്ധമാക്കിയതിന് പിന്നിലും ഏറെ പൊരുളുകളുണ്ട്. മനുഷ്യനെ പലതരത്തിലുള്ള തെറ്റായ ചിന്തകള്‍ക്കും പ്രേരിപ്പിക്കുന്നത് പരിധിയില്‍ കവിഞ്ഞ ഭോജനമാണ്. വയറു നിറഞ്ഞാലാണ് വിവിധ ദേഹേച്ഛകള്‍ക്കുള്ള കൊതിയുണ്ടാകുന്നത്. ശാരീരിക തിന്മകള്‍ക്കുള്ള ആഗ്രഹം ജനിക്കുന്നതും മറ്റുള്ളവരെ നോവിക്കാന്‍ തോന്നുന്നതുമൊക്കെ ഈ ഘട്ടത്തിലാണ്. ആത്മീയ കാര്യങ്ങള്‍ക്കും ആരാധനകള്‍ക്കും ഏറെ പ്രയാസം അനുഭവപ്പെടുന്നതും വയര്‍ നിറഞ്ഞിരിക്കുന്ന അവസ്ഥയില്‍ തന്നെ. അതുകൊണ്ടാണ് വിശപ്പ് അറിയുകയെന്നത് നോമ്പെന്ന പരിശീലന കാലത്തിന്റെ പ്രധാന ഘടകമാകുന്നത്. അല്ലാഹുവിനോടുള്ള പരമമായ വണക്കവും താഴ്മയുമാണ് ഇബാദത്തുകളെന്ന് പറഞ്ഞല്ലോ. നമുക്കേറ്റവും ആവശ്യമുള്ള അന്നപാനീയങ്ങള്‍ അത് ലഭ്യമാകുന്ന സാഹചര്യത്തില്‍ അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം ഉപേക്ഷിക്കുന്നതോളം വലിയ അടിമത്തം മറ്റെന്തുണ്ട്!
മനുഷ്യന്റെ അടിസ്ഥാനപരമായ ജൈവിക ഭാവത്തെ ഇല്ലാതാക്കുന്ന പലതരം ആസക്തികളിലേക്കുള്ള തുടക്കമാണ് ഭക്ഷണമെന്ന പ്രലോഭനം. വിലക്കപ്പെട്ട കനിയില്‍ പ്രലോഭിതരായാണല്ലോ ആദിമ മനുഷ്യരായ ആദം നബിയും പത്നി ഹവ്വാ ബീവിയും സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് പോരുന്നത്. ആ ആദിമ പ്രലോഭനത്തെ നിയന്ത്രിക്കാനുള്ള കൈയടക്കവും മനഃസാന്നിധ്യവും പരിശീലിക്കുക വഴി സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള വഴിയൊരുക്കുകയാണ് റമസാന്‍ മാസക്കാലത്തെ നോമ്പ്. റമസാന്‍ വിരുന്നെത്തിയാല്‍ സ്വര്‍ഗത്തിന്റെ പ്രധാന കവാടമായ റയ്യാന്റെ വാതിലുകള്‍ നോമ്പുകാര്‍ക്കു വേണ്ടി തുറന്നിടുമെന്ന അല്ലാഹുവിന്റെ ഉണര്‍ത്തല്‍ ആ തിരിച്ചുപോക്കിലേക്കുള്ള സൂചനയാണല്ലോ. “വിശപ്പ് കൊണ്ട് സ്വര്‍ഗത്തിന്റെ വാതില്‍ മുട്ടിത്തുറക്കൂ’ എന്ന് പ്രിയപ്പെട്ട പത്‌നി ആഇശ ബീവിയോട് തിരുനബി(സ) ഒരിക്കല്‍ പറയുന്നുണ്ട്. സ്രഷ്ടാവുമായുള്ള ബന്ധത്തില്‍ വിശപ്പ് സവിശേഷമായ ഒരു പദവി വഹിക്കുന്നുണ്ട് എന്ന് സാരം.

ആമാശയത്തോടൊപ്പം മറ്റു അവയവങ്ങളെ കൂടി പരിരക്ഷിക്കുമ്പോഴാണ് വിശ്വാസിയുടെ വ്രതകാല പരിശീലനം കൂടുതല്‍ മൂല്യമുള്ളതാകുന്നത്. നേത്രം, ചെവി, നാവ്, കൈകാലുകള്‍ എന്നിവയെ സംരക്ഷിക്കാന്‍ ഇക്കാലയളവില്‍ വിശ്വാസി സജീവ ശ്രദ്ധ നല്‍കണം. വര്‍ജ്യവും ഇലാഹീ സ്മരണകളില്‍ നിന്ന് തെറ്റിക്കുന്നതുമായ സര്‍വ ദര്‍ശനവും ഒഴിവാക്കുക, അനാവശ്യ സംസാരങ്ങള്‍ ഉപേക്ഷിക്കുക, മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കേള്‍ക്കാതിരിക്കുക, അപാകങ്ങള്‍ വരുന്നതില്‍ നിന്ന് കൈകാലുകളെ മാറ്റിനിര്‍ത്തുക എന്നിവ പ്രധാനമാണ്. നോമ്പ് തുറക്കുന്ന സമയത്ത് അന്നപാനാദികള്‍ പരിധി ഭേദിച്ച് ഉപയോഗിക്കാതിരിക്കലും നോമ്പുതുറ കഴിഞ്ഞാല്‍ നോമ്പിനെ പറ്റിയുള്ള പ്രതീക്ഷകള്‍ക്കു മധ്യേ മാത്രം കഴിയലും വ്രതത്തിന്റെ മൂല്യം വര്‍ധിപ്പിക്കും. പടച്ചവന്‍ എന്റെ വ്രതത്തെ സ്വീകരിക്കുമോ എന്ന പേടി വരിഞ്ഞുമുറുക്കിയാല്‍ മാത്രമേ കൂടുതല്‍ ജാഗ്രതയോടെ നന്മ ചെയ്യാനാകൂ. തിരുനബി(സ) പറയുന്നു: “അഞ്ച് കാര്യങ്ങള്‍ നോമ്പിനെ ഫലശൂന്യമാക്കുന്നു. അസത്യം, ഏഷണി, പരദൂഷണം, കള്ളസാക്ഷിത്വം, വികാരപൂര്‍ണ ദര്‍ശനം.’

ഈ ഭൂമുഖത്ത് തനിക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്കുള്ള നന്ദി പ്രകടനത്തിന്റെ വേള കൂടിയാണ് വ്രതകാലം. അന്നപാനീയങ്ങളില്‍ നിന്നും മറ്റു ശാരീരിക സുഖങ്ങളില്‍ നിന്നും അല്ലാഹു നമ്മെ തടഞ്ഞു നിര്‍ത്തിയപ്പോള്‍, ആ അനുഗ്രഹങ്ങള്‍ നിശ്ചിത കാലത്തേക്ക് ഒഴിവാക്കുമ്പോള്‍ അവയെല്ലാം എത്രത്തോളം അനുഭൂതിയും സംതൃപ്തിയും നല്‍കുന്നതായിരുന്നുവെന്ന് നോമ്പുകാരന് ബോധ്യപ്പെടുന്നു. അവയെല്ലാം അനുഭവിപ്പിച്ച അല്ലാഹുവിന് നന്ദി പറയാന്‍ വ്രതനേരങ്ങള്‍ വിശ്വാസി ഉപയോഗപ്പെടുത്തുന്നു. സന്തോഷം നല്‍കിയ കാര്യങ്ങള്‍ ഒരിടവേള കിട്ടാതിരിക്കുമ്പോഴാണല്ലോ നമുക്കതിന്റെ വില മനസ്സിലാകുക. “നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി’ എന്ന ഖുര്‍ആനിക വചനം ഈ സന്ദേശമാണ് ഓര്‍മപ്പെടുത്തുന്നത്.
അല്ലാഹു നല്‍കിയ സമ്പത്തിനെയും ധനത്തെയും മുന്തിയ വിഭവങ്ങളെയും കുറിച്ച് സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് ബോധ്യപ്പെടാനും അത് തിരിച്ചറിഞ്ഞ് അല്ലാഹു തൃപ്തിപ്പെട്ട മാര്‍ഗത്തിലേക്ക് തങ്ങളുടെ ധനത്തില്‍ നിന്ന് പങ്കുനല്‍കാനും വ്രതകാലം പ്രേരിപ്പിക്കും. ഏതാണ് നന്മയെന്നും ഏതാണ് തിന്മയെന്നും കൃത്യമായി മനസ്സിലാക്കാനും നന്മകള്‍ തിരഞ്ഞെടുത്ത് ജീവിതം ക്രമീകരിക്കാനും ഈ മാസം വിശ്വാസിയെ ശീലിപ്പിക്കും. നിര്‍ബന്ധ നിസ്‌കാരങ്ങളും സുന്നത്ത് നിസ്‌കാരങ്ങളും കൃത്യമായി നിര്‍വഹിക്കാന്‍ റമസാന്‍ അവസരമൊരുക്കുന്നതിനാല്‍ തന്നെ തുടര്‍ കാലങ്ങളിലും ഈ ചിട്ട അവനെ വഴിനടത്തും. കൃത്യമായ സമയത്ത്, സംഘടിതമായ നിസ്‌കാരങ്ങള്‍ നല്‍കുന്ന ആനന്ദം അനുഭവിക്കുന്ന കാലം കൂടിയാകുന്നു വ്രതകാലം. ദാന ധര്‍മങ്ങള്‍ നല്‍കുമ്പോള്‍ മനസ്സിനുണ്ടാകുന്ന സന്തോഷം ഉള്‍ക്കൊള്ളാനും ജീവിതത്തിലാകെ അവ പരിശീലിക്കാനും ഇതുവഴി സാധിക്കും.

നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍ വേണ്ടിയാണ് നോമ്പ് നിര്‍ബന്ധമാക്കിയതെന്നാണ് ഖുര്‍ആന്‍ അധ്യാപനം. ഒരു കാര്യം ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ പ്രയാസമാണല്ലോ അത്രയും ഇഷ്ടപെട്ട ചില കാര്യങ്ങള്‍ ഉപേക്ഷിക്കാന്‍ സാധിക്കുന്നത്. ഭക്ഷണവും ശാരീരിക താത്പര്യങ്ങളും പരിധിയില്‍ കവിഞ്ഞ സംസാരങ്ങളും എല്ലാം ഉപേക്ഷിക്കുന്നതിലൂടെ സൂക്ഷ്മതയുള്ള മനുഷ്യരാകാനുള്ള പരിശീലനത്തിലേക്ക് മനുഷ്യന്‍ എത്തിച്ചേരുന്നുണ്ട്. ആത്മീയ മൂല്യങ്ങളുടെയും ധാര്‍മിക ബോധത്തിന്റെയും അഭാവമാണ് സമൂഹത്തില്‍ അനുദിനം വര്‍ധിക്കുന്ന ലഹരി ഉപയോഗങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കലുഷിത അന്തരീക്ഷങ്ങള്‍ക്കും കാരണം. മത-ധാര്‍മിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നത് പഴഞ്ചന്‍ സ്വഭാവമാണെന്ന ധാരണയും ലിബറല്‍ ചിന്താഗതി വിളംബരം ചെയ്യുന്ന സങ്കേതങ്ങളും പുതുതലമുറയെ പല പ്രശ്‌നങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു. ധാര്‍മിക മൂല്യങ്ങള്‍ പിന്തുടര്‍ന്നെങ്കിലേ സമാധാന സാമൂഹികാന്തരീക്ഷവും സഹജീവി സ്‌നേഹവും സഹായമനസ്‌കതയും രൂപപ്പെടുകയുള്ളൂ. തെറ്റായ പ്രവര്‍ത്തനങ്ങളെ കുറിച്ച് ബോധമുണ്ടാകാനും സാമൂഹിക വിപത്തുകളില്‍ വീണുപോകാതെ ജാഗ്രതയുള്ളവരാകാനും നോമ്പ് മനുഷ്യനെ പ്രേരിപ്പിക്കുന്നുണ്ട്.

ചുരുക്കത്തില്‍ വിശ്വാസിയുടെ അകം മിനുക്കാനുള്ള അവസരങ്ങളാണ് റമസാനില്‍ എമ്പാടുമുള്ളത്. ഇതോടൊപ്പം തന്നെ സാമൂഹികമായ നന്മകളില്‍ ഏര്‍പ്പെടുന്നതിനും ഒട്ടേറെ അവസരങ്ങള്‍ റമസാനിലുണ്ട്. ചുറ്റുമുള്ള മനുഷ്യരുടെ പരാധീനതകള്‍ മനസ്സിലാക്കി അവരെ സഹായിക്കുകയെന്നത് നോമ്പുകാലത്തെ പ്രധാനപ്പെട്ട പുണ്യങ്ങളില്‍ ഒന്നാണ്. വീടുകളില്‍ വരുന്ന മനുഷ്യരെയെല്ലാം സഹായങ്ങള്‍ നല്‍കി ചേര്‍ത്തു പിടിക്കുന്നതും ദീനീ സ്ഥാപനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും കരുത്തുപകരുന്നതും നോമ്പുകാലത്തെ സൗന്ദര്യങ്ങളില്‍ പ്രിയപ്പെട്ടതുതന്നെ. പുണ്യങ്ങളുടെ ഈ വസന്തകാലം ഒരു നിമിഷം പോലും പാഴാക്കാതെ ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. കൃത്യമായ ഒരുക്കവും ധാരണയും പ്രാര്‍ഥനയുമുണ്ടെങ്കില്‍ റമസാനിലെ മാധുര്യം നമുക്കനുഭവിക്കാനാകും. അല്ലാഹു അനുഗ്രഹിക്കട്ടെ.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി, അഖിലേന്ത്യാ സുന്നി ജംഇയ്യുൽ ഉലമ ജനറൽ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി