First Gear
സൈക്കിള്‍, ആരോഗ്യം നല്‍കുന്ന മിത്രം
സൈക്കിളിന്‍റെ ഉപയോഗത്തിലൂടെ ചെയ്യാവുന്ന വ്യായാമം, വാഹനാപകടങ്ങളിലെ കുറവ്, അന്തരീക്ഷ മലിനീകരണം ഒട്ടുമില്ലാത്ത അതിന്‍റെ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനം എല്ലാം ലോകം അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു.
ജൂൺ മൂന്ന് ലോക ബൈസിക്കിള്‍ ദിനമായിരുന്നു. മോട്ടോർ വാഹനങ്ങളുടെ നിര്‍മ്മാണത്തിന് പ്രചോദനമായ ലാളിത്യമാര്‍ന്ന
ഈ വാഹനം രണ്ടു നൂറ്റാണ്ട് പിന്നിടുമ്പോള്‍ ലോകവും വാഹനങ്ങളും പാതകളുമെല്ലാം ഒരുപാട് പരിണാമങ്ങള്‍ക്ക് വിധേയമായിരിക്കുന്നു. എങ്കിലും ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത് സൈക്കിള്‍ നല്‍കുന്ന ആരോഗ്യ സാദ്ധ്യതകളെക്കുറിച്ചാണ്. സൈക്കിളിന്‍റെ ഉപയോഗത്തിലൂടെ ചെയ്യാവുന്ന വ്യായാമം, വാഹനാപകടങ്ങളിലെ കുറവ്, അന്തരീക്ഷ മലിനീകരണം ഒട്ടുമില്ലാത്ത അതിന്‍റെ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനം എല്ലാം ലോകം അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് ആദ്യത്തെ സൈക്കിള്‍ നിര്‍മ്മിച്ചത്. കിടന്നുപോകാന്‍ പറ്റുന്ന തരം ചങ്ങലകളില്ലാത്ത ഒരു വാഹനമായിരുന്നു അത്. ഇന്നു കാണുന്നപോലെയുള്ള പെഡലുകളും കാറ്റുനിറച്ച ടയറുകളുമുള്ള ഒന്നേ ആയിരുന്നില്ല അത്. 1885 ൽ ചങ്ങലകളിലൂടെ പ്രവർത്തിക്കുന്ന സൈക്കിൾ വന്നതോടെ സൈക്കിളിൽ വലിയ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങി. ഉത്പാദനത്തിനുപയോഗിക്കുന്ന വസ്തുക്കളുടെ മികവ് വർദ്ധിക്കുകയും, ഡിസൈനുകൾ കമ്പ്യൂട്ടറൈസഡ് ആകുകയുയം ചെയ്തു. ഇത് സൈക്കിൾ നിർമ്മാണം വ്യാപിക്കാൻ കാരണമായി
21-ാം നൂറ്റാണ്ടായതോടെ സൈക്കിളിന്റെ പ്രചാരം അതിന്‍റെ മൂർദ്ധന്യത്തിലെത്തി. ഏകദേശം ഒരു ബില്ല്യൺ സൈക്കിളുകളാണ് ഇപ്പോഴത്തെ ഉൽപാദനം. ഇത് കാറുകളേയും, മറ്റ് വാഹനങ്ങളുടേയെല്ലാം എണ്ണത്തേക്കാൾ വളരെ കൂടുതലാണ്. വിവിധ മേഖലകളിലെ ജനകീയമായ ഗതാതഗ രീതിയായി സൈക്കിൾ അംഗീകരിക്കപ്പെട്ടു. രൂപത്തിലും വന്‍ മാറ്റങ്ങളോടെ സൈക്കിളിന്റെ വിവിധ മോഡലുകൾ പുറത്തിറങ്ങി. കളിപ്പാട്ടമെന്ന രീതിയിലും, വ്യായാമം ചെയ്യാനുള്ള ഉപാധിയായും, മിലിറ്ററി ഉപയോഗത്തിനും സൈക്കിൾ റൈസിംഗിനുമായി വിവിധ മോഡലുകൾ പിറന്നു. പഴയ ബേസിക്ക് മോഡല്‍ സൈക്കിളുകള്‍ മുതല്‍ അതിവേഗത്തില്‍ സഞ്ചരിക്കാവുന്ന നോണ്‍ മോട്ടോര്‍ ബൈക്കുകള്‍ വരെ ഇന്ന് സൈക്കിളിന്‍റെ വിപണിയെ സജീവമാക്കി നിര്‍ത്തുന്നു.
ലോകത്ത് പല രാജ്യങ്ങളും സൈക്കിള്‍ യാത്രയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. യു.കെ മുതല്‍ ജപ്പാന്‍ ഫ്രാന്‍സ് , ഖത്തര്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ സൈക്കിള്‍ യാത്രക്കാര്‍ക്കായി പ്രത്യേക പാതകള്‍ ഒരുക്കിയിട്ടുണ്ട്. പല രാജ്യങ്ങളും സൈക്കിള്‍ അധിഷ്ഠിത വിനോദസഞ്ചാര പദ്ധതികളും നടത്തുന്നുണ്ട്. നദികളേയും പര്‍വതങ്ങളേയും ചുറ്റിയുള്ള സൈക്കിള്‍യാത്ര എത്ര ആനന്ദകരമാണ്.
2018ലാണ് ലോക സൈക്കിൾ ദിനം എന്ന ആശയം ഉടലെടുക്കുന്നത്. തുർക്ക്‌മെനിസ്ഥാൻ ഗവൺമെൻ്റ് നേതൃത്വം നൽകിയ ലോക സൈക്കിൾ ദിനം എന്ന ആശയം
യുഎൻ പൊതുസഭ പ്രമേയത്തിലൂടെ അംഗീകരിക്കുന്നത് അന്നാണ്. അന്നുമതല്‍ എല്ലാ വർഷവും ജൂൺ 3 ന് പല രാജ്യങ്ങളിലും ഇത് ആഘോഷിക്കുന്നുണ്ട്..
“സൈക്കിളിൻ്റെ പ്രത്യേകത, ദീർഘായുസ്സ്, വൈവിധ്യം… ലളിതവും താങ്ങാനാവുന്നതും വിശ്വസനീയവും വൃത്തിയുള്ളതും പരിസ്ഥിതിക്ക് അനുയോജ്യമായതുമായ സുസ്ഥിര ഗതാഗത മാർഗ്ഗം, പരിസ്ഥിതി സംരക്ഷണവും ആരോഗ്യവും പരിപോഷിപ്പിക്കുക. .” ദാരിദ്ര്യം തുടച്ചുനീക്കുന്നതിനുള്ള ഉപാധിയായി സൈക്കിൾ ഉപയോഗിക്കുന്നതിനെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. സുസ്ഥിര വികസനം തുടരുക; കുട്ടികൾക്കും യുവജനങ്ങൾക്കും ശാരീരിക വിദ്യാഭ്യാസം ഉൾപ്പെടെയുള്ള ബോധന പ്രവര്‍ത്തനം ശക്തിപ്പെടുത്തുക; ആരോഗ്യ പരിപാലനം പ്രോത്സാഹിപ്പിക്കുക; രോഗങ്ങളില്‍ നിന്നുള്ള മോചനവും സാമൂഹികമായ അംഗീകാരവും , സമാധാന സന്ദേശം തുടങ്ങി നിരവധി പരിപാടികൾ സൈക്കിള്‍ ദിനം മുന്നോട്ട് വെക്കുന്നു.
മൂന്ന് ദശാബ്ദങ്ങള്‍ക്കു മുമ്പ് നമ്മുടെ നാട്ടില്‍ വ്യാപകമായുണ്ടായിരുന്നു സൈക്കിള്‍ യജ്ഞക്കാരെ ഓര്‍ത്തുപോകുന്നു. വിവിധ അഭ്യാസങ്ങള്‍ക്കൊപ്പം ആഴ്ചകളോളം ഒരേ സൈക്കിളില്‍ നിന്നിറങ്ങാതെ യും അവര്‍ നടത്തിയിരുന്ന വിനോദ , അഭ്യാസപരിപാടികള്‍ ആസ്വദിച്ചിരുന്നത് ഗ്രാമീണരായ മനുഷ്യരായിരുന്നു.