Connect with us

Kerala

എയര്‍ ഇന്ത്യാ വില്‍പന രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി: സലീം മടവൂര്‍

ലോണ്‍ പലിശ തിരിച്ചടവിലൂടെ ടാറ്റക്ക് ലഭിക്കാന്‍ പോകുന്ന ടാക്‌സ് ആനുകൂല്യം ഏതാണ്ട് 4000 കോടി രൂപയാണ്

Published

|

Last Updated

തിരുവനന്തപുരം| നരേന്ദ്ര മോദി സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ അസ്ഥിവാരം തോണ്ടുകയാണെന്നും എയര്‍ ഇന്ത്യയുടെ വില്‍പന അതിന്റെ ഭാഗമാണെന്നും ലോക് താന്ത്രിക് യുവജനതാ ദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ പറഞ്ഞു. എയര്‍ ഇന്ത്യ വിറ്റിരിക്കുന്നത് 18000 കോടി രൂപക്കാണ്. ഇതില്‍ 15300 കോടി രൂപ എയര്‍ ഇന്ത്യയുടെ ലോണുകള്‍ ഏറ്റെടുക്കാനുള്ള ബാധ്യതയാണ്. 2700 കോടി രൂപ മാത്രമാണ് പണമായി കൈമാറ്റം ചെയ്യപ്പെടുന്നത്. 15300 കോടി ബാധ്യതയില്‍ വലിയൊരു ഭാഗം ബേങ്കുകള്‍ എഴുതിത്തള്ളാന്‍ സാധ്യതയുള്ളതാണ്.

ലോണ്‍ പലിശ തിരിച്ചടവിലൂടെ ടാറ്റക്ക് ലഭിക്കാന്‍ പോകുന്ന ടാക്‌സ് ആനുകൂല്യം ഏതാണ്ട് 4000 കോടി രൂപയാണ്. എല്ലാം ചേര്‍ത്ത് 125 വിമാനങ്ങളും 14000 ജീവനക്കാരും ലോകം മുഴുവന്‍ ഓഫീസുകളുമുള്ള എയര്‍ ഇന്ത്യയുടെ ലക്ഷക്കണക്കിന് കോടി ആസ്തികളാണ് ഫലത്തില്‍ കേവലം ഏഴായിരത്തോളം കോടി രൂപക്ക് എയര്‍ ഇന്ത്യക്ക് ലഭിക്കുന്നത്. ഇത് പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് സലീം മടവൂര്‍ പറഞ്ഞു.

കോണ്‍ഗ്രസ് എയര്‍ ഇന്ത്യാ വില്‍പനയെക്കുറിച്ച് നിശബ്ദത പാലിക്കുന്നത് സ്ഥാപനത്തെ നശിപ്പിച്ചതിലുള്ള കുറ്റബോധം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു
എയര്‍ ഇന്ത്യാ വില്‍പനക്കെതിരെ തിരുവനന്തപുരം എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ ലോക് താന്ത്രിക് യുവജനതാദള്‍ സംഘടിപ്പിച്ച സമര പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സലിം മടവൂര്‍ തിരുവനന്തപുരം, കൊല്ലം, പത്തനം തിട്ട ജില്ലകളിലെ പ്രവര്‍ത്തകരാണ് മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുത്തത്.

 

Latest