Kerala
വാഹന പരിശോധനക്കിടെ ബൈക്ക് യാത്രികന്‍ പോലീസുകാരെ മര്‍ദിച്ചു
നമ്പര്‍ പ്ലേറ്റ് ഇല്ലാതെ മുഹമ്മദ് അസ്‌കര്‍ വാഹനം ഓടിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.
തിരുവനന്തപുരം | ബാലരാമപുരത്ത് വാഹന പരിശോധനക്കിടെ ഇരുചക്രവാഹന യാത്രികന്‍ പോലീസുകാരെ മര്‍ദിച്ചു. ബാലരാമപുരം സ്വദേശി മുഹമ്മദ് അസ്‌കറാണ് പോലീസുകാരെ ആക്രമിച്ചത്. നമ്പര്‍ പ്ലേറ്റ് ഇല്ലാതെ മുഹമ്മദ് അസ്‌കര്‍ വാഹനം ഓടിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.
ബാലരാമപുരം ബസ് സ്റ്റാന്റിന് സമീപത്താണ് സംഭവം. പോലീസ് വാഹന പരിശോധനക്കിടെയാണ് നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ മുഹമ്മദ് അസ്‌ക്കര്‍ എത്തിയത്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്തത് പോലീസ് ചോദ്യം ചെയതതില്‍ പ്രകോപിതനായാണ് മുഹമ്മദ് അസ്‌ക്കര്‍ പോലീസുകാരെ മര്‍ദിച്ചത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ബാലരാമപുരം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സജിലാല്‍, സിപിഒ സന്തോഷ്‌കുമാര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു സംഭവം. ബാലരാമപുരം ഇന്‍സ്പെക്ടര്‍ സ്ഥലത്തെതിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.