മുഖാമുഖം
കഥയിലെ ജൈവിക ഭാവം
തന്റേടത്തോട് കൂടി നിലപാട് പറയുന്ന എഴുത്തുകാർ എത്ര പേരുണ്ട്. വലിയ പ്രതിസന്ധികളിലൂടെ രാജ്യം കടന്നുപോകുമ്പോൾ ആയുധ ബലത്താൽ നിശ്ശബ്ദരാക്കാൻ ശ്രമിക്കുമ്പോൾ തൂലിക പടവാളാക്കേണ്ടവരാണ് എഴുത്തുകാർ. ഇവിടെ ഭയം ഒരുതരം മരണം തന്നെയാണ്. മോബിൻ മോഹൻ / സജിത് കെ കൊടക്കാട്ട്
? മോബിൻ മോഹൻ എന്ന കുട്ടി വായനയിലേക്ക് എത്തുന്നത് എങ്ങനെയാണ്? വീട്ടിൽ അക്കാലത്ത് പുസ്തകങ്ങളോ വായനക്കാരോ ഉണ്ടായിരുന്നോ ? കാഞ്ചിയാറിലെ വായനശാലകളാണ് താങ്കളിലെ എഴുത്തുകാരനെ രൂപപ്പെടുത്തിയതെന്ന് പറയാമോ
വീട്ടിൽ ഒരു ചെറിയ വായനശാല ഉണ്ടായിരുന്നു. അച്ഛൻ കലാ സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന ആളാണ്. കാഞ്ചിയാർ ബോധി ഗ്രന്ഥശാലയുടെ ഭാഗമായി മാറിയതോടെയാണ് വായന കൂടുതൽ സജീവമായത്. എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും സജീവമായ സാന്നിധ്യമുള്ള ആ ഗ്രന്ഥശാല എന്റെ എഴുത്തിനെയും വായനയെയും പരുവപ്പെടുത്തി. നിലവിൽ ആ ഗ്രന്ഥശാലയുടെ സെക്രട്ടറിയാണ് ഞാൻ. ഒരു ഗ്രന്ഥശാലാ പ്രവർത്തകനാണ് എന്നുപറയുമ്പോൾ ചെറുതല്ലാത്ത അഭിമാനം എനിക്കുണ്ട്. ജില്ലയിലെ ഗ്രന്ഥശാലകളുമായി എനിക്ക് നല്ല ബന്ധമുണ്ട്. ഈ വായനശാലകൾക്ക് എന്നിലെ എഴുത്തുകാരനെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുണ്ട്.
? യൂറോപ്യൻ ഭൂമികയുടെ പശ്ചാത്തലത്തിൽ എഴുതിയ “ജക്കരന്ത’ എന്ന നോവലിനാണ് 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം താങ്കൾക്ക് ലഭിക്കുന്നത്. ഇടുക്കിയിലെ കാഞ്ചിയാർ എന്ന ദേശത്തിരുന്നു കൊണ്ട് അവാർഡിനർഹമാകും വിധം മറ്റൊരു രാജ്യത്തിന്റെ കഥ പറയാൻ താങ്കൾക്ക് പ്രചോദനമായതെന്താണ്? എന്താണ് ജക്കരന്ത?
നിറയെ വയലറ്റ് പൂക്കളുള്ള ഒരു പൂമരമാണ് ജക്കരന്ത. മറയൂർ മൂന്നാർ പ്രദേശത്ത് ധാരാളമായുണ്ട്. തോട്ടം വ്യവസായവുമായി ബന്ധപ്പെട്ട് വിദേശീയരാണ് ഈ മരം നമ്മുടെ നാട്ടിലേക്ക് കൊണ്ടു വരുന്നത്. ആദ്യ കാഴ്ചയിൽ തന്നെ ഈ മരത്തോടുള്ള എന്റെ ഇഷ്ടമാണ് ഒരു നോവലിൽ എത്തിച്ചത്. നോവലിന് പറ്റിയ ഭൂമിക യൂറോപ്പാണ് എന്ന് മനസ്സിലാക്കി. സ്വാഭാവികമായും ആ ഭൂമികയെ പറ്റിയുള്ള പഠനം ആവശ്യമായി വന്നു. മതം, മിത്ത്, പ്രകൃതി, വിശ്വാസം, ചരിത്രം ഇവയെപ്പറ്റിയൊക്കെ അന്വേഷിച്ചു. എങ്കിലും ഭാവനയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി. ഒരുപാട് ആളുകളുടെ പ്രചോദനവും സഹായകരമായി. അവാർഡിനെ പറ്റി ഒന്നും അങ്ങനെ ചിന്തിച്ചിരുന്നില്ല. കേന്ദ്രസാഹിത്യ അക്കാദമിയുടെ ഒരു പുരസ്കാരം ആകുമ്പോൾ ഒരു പുതിയ എഴുത്തുകാരനെ സംബന്ധിച്ച് അത് വലിയ അഭിമാനവും സന്തോഷവും നൽകുന്നു.
? കുഞ്ഞു കഥകളാണ് താങ്കളുടെ എഴുത്തിന്റെ തുടക്കം. ഒരു നല്ല മിനിക്കഥ ഒരിക്കലും ഫലിതബിന്ദു തലത്തിലേക്ക് തരംതാഴരുതെന്നും അതൊരു ഏറു പടക്കമാകണമെന്നും താങ്കൾക്ക് ഉത്തമ ബോധ്യമുണ്ട്. കേരളത്തിലെ ലിറ്റിൽ മാഗസിനുകളുമായുള്ള അടുപ്പവും ആദ്യം എഴുതിയ കഥയെ കുറിച്ചുള്ള ഓർമകളും എന്തൊക്കെയാണ്.
ഒരു വലിയ ആശയം ചുരുങ്ങിയ വാക്കുകളാൽ വായനക്കാരനിലേക്ക് നൽകാൻ കുറുങ്കഥകൾക്ക് കഴിയും. ചുരുക്കെഴുത്തിന് ഒരു പ്രത്യേക സൗന്ദര്യം ഉണ്ട്. ആദ്യകാലങ്ങളിൽ മാസികകളിൽ ഇടം ലഭിക്കാനും അത് സഹായിച്ചിട്ടുണ്ട്. സമാന്തര മാസികകളാണ് എനിക്ക് അവസരങ്ങൾ കൂടുതലും തന്നിട്ടുള്ളത്. ഇടുക്കിയിൽ നിന്നുള്ള വാതിൽ എന്ന മാസികയിലാണ് ആദ്യ കഥ അച്ചടിച്ചു വരുന്നത്. അച്ചടിമഷി പുരണ്ട കഥ കണ്ടപ്പോൾ അന്നുണ്ടായ അനുഭൂതി പറഞ്ഞറിയിക്കാൻ വയ്യ. പിന്നീട് നിരവധി സമാന്തര മാസികകളിലും മുഖ്യധാരാ ആനുകാലികങ്ങളിലും എഴുതാൻ അവസരം ലഭിച്ചു.
? പഴയ തലമുറയെ അപേക്ഷിച്ച്, താങ്കളുടെ തലമുറക്ക്, മൊബൈൽ ഫോൺ, ഇന്റർനെറ്റ്, കമ്പ്യൂട്ടർ, നാനോ ടെക്നോളജി തുടങ്ങി ബ്ലോഗ് ലോകം വരെ പുത്തൻ അനുഭവങ്ങളാണിന്ന് തുറന്നിട്ടിരിക്കുന്നത്. എന്നാൽ ഈ അനുഭവ ലോകത്തെ താങ്കളുടെ തലമുറ എഴുത്തിലേക്ക് കൊണ്ടുവരാൻ എത്രമാത്രം ശ്രമം നടത്തിയിട്ടുണ്ടെന്നാണ് വിചാരിക്കുന്നത്.? അഥവാ, സാഹിത്യാഖ്യാനം ലോകത്തിന്റെ മാറ്റങ്ങൾക്കൊപ്പം ഓടിയെത്താൻ കിതക്കുന്നതായി മോബിൻ മോഹന് തോന്നിയിട്ടുണ്ടോ?
പുത്തൻ സാങ്കേതിക വിദ്യ വലിയ സാധ്യതകളാണ് പുതിയ എഴുത്തുകാർക്ക് തുറന്നുതന്നത്. അത് ഫലപ്രദമായി ഉപയോഗിക്കുന്നവരും ഉണ്ട്. പക്ഷേ, എല്ലാ സാങ്കേതികവിദ്യകളും ഉണ്ടെങ്കിലും ആത്യന്തികമായി എഴുത്തിന് ഗുണം ചെയ്യുക അനുഭവങ്ങളും നിരീക്ഷണവും അത് പകർത്താൻ പര്യാപ്തമായ ഒരു ഭാഷയുമാണ്. അത് യാന്ത്രികമായി നേടാവുന്നതല്ല. ഒറ്റ ക്ലിക്കിൽ ഒരു കഥ ലോകത്തിനു മുന്പിൽ നമുക്ക് പ്രകാശനം ചെയ്യാം. പക്ഷേ, അത് സാഹിത്യത്തിനും ജീവിതത്തിനും ഗുണകരമാകണമെങ്കിൽ അതിനു ജൈവിക ഭാവം വേണം. ജീവിതത്തിന്റെ ഗന്ധം ഉണ്ടെങ്കിലേ ഏതു സാഹിത്യവും നിലനിൽക്കൂ. പുതിയ ടെക്നോളജിയോട് ഓടിയെത്താൻ ഒരുപക്ഷേ മലയാള സാഹിത്യം കിതക്കുന്നുണ്ടാകാം. പക്ഷേ, സാഹിത്യ സൃഷ്ടികളുടെ കാര്യത്തിൽ ആ കിതപ്പ് ഇല്ല എന്നാണ് എന്റെ വിശ്വാസം.
? വർത്തമാന ഇന്ത്യയിൽ എഴുത്തുകാരൻ എന്തിനെയാണ് ഭയപ്പെടുന്നത്? ജാതി, മതം, രാഷ്ട്രീയം, ഭരണകൂടം, മാധ്യമങ്ങൾ, പോലീസ് എന്നിവരെ തുറന്നെഴുതാൻ എഴുത്തുകാരൻ മടിക്കുകയോ ഭയക്കുകയോ ചെയ്യുന്ന സ്വതന്ത്ര ഇന്ത്യയിൽ താനാരാണെന്ന തിരിച്ചറിവെങ്കിലും എഴുത്തുകാരന് ഉണ്ടാവേണ്ടതല്ലേ?
സകലതും കമ്പോള വസ്തുവായി കണക്കാക്കപ്പെടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. എഴുത്തും സാഹിത്യവും സാഹിത്യകാരനും എല്ലാം അതിന്റെ ഭാഗം ആണത്രേ. സാഹിത്യകാരൻ അവന്റെ മാർക്കറ്റ് വാല്യൂ കൃത്യമായി മനസ്സിലാക്കിയാണ് അവന്റെ എഴുത്തു പോലും രൂപപ്പെടുത്തുന്നത്. അധികാരത്തോട് ചേർന്നുനിൽക്കുന്ന സമീപനം മൂലം പല ഗുണങ്ങൾ. നിഷ്പക്ഷത എന്ന വലിയ സാധ്യതകളുള്ള കൂടാരത്തിൽ അഭയം പ്രാപിച്ചാൽ പിന്നെ പരമ സുഖം. ഭീകരതകൾക്ക് നേരെ മൗനവാത്മീകം തീർക്കുന്നു. തന്റേടത്തോട് കൂടി നിലപാട് പറയുന്ന എഴുത്തുകാർ എത്ര പേരുണ്ട്. വലിയ പ്രതിസന്ധികളിലൂടെ രാജ്യം കടന്നുപോകുമ്പോൾ നിശ്ശബ്ദരാക്കാൻ ആയുധ ബലത്താൽ ശ്രമിക്കുമ്പോൾ തൂലിക പടവാളാക്കേണ്ടവരാണ് എഴുത്തുകാർ.ഇവിടെ ഭയം ഒരുതരം മരണം തന്നെയാണ്.