wild buffalo
കിണറ്റില്‍ വീണ കാട്ടുപോത്തിനെ മണിക്കൂറുകൾക്ക് ശേഷം രക്ഷപ്പെടുത്തി
രാവിലെ മോട്ടോര്‍ ഓണാക്കിയപ്പോള്‍ വെള്ളം കയറാത്തതിനെ തുടര്‍ന്ന് നോക്കുമ്പോഴാണ് കിണറ്റില്‍ കാട്ടുപോത്ത് വീണ വിവരം വീട്ടുകാര്‍ അറിയുന്നത്.

പത്തനംതിട്ട | കിണറ്റില്‍ വീണ കാട്ടുപോത്തിനെ വനപാലകാരും നാട്ടുകാരും ചേര്‍ന്ന് യന്ത്ര സഹായത്താല്‍ രക്ഷപ്പെടുത്തി. ആദ്യശ്രമത്തില്‍ പോത്ത് കരക്ക് കയറാതെ വന്നതോടെ മണ്ണ് മാന്തി ഉപയോഗിച്ച് കിണര്‍ ഇടിച്ചു താഴ്ത്തി വഴി വെട്ടിയാണ് പോത്തിനെ കരക്ക് എത്തിച്ചത്. നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പോത്ത് കരക്ക് കയറിയത്.
കരക്ക് കയറിയ പോത്ത് മിനുട്ടുകൾക്ക് ശേഷം വനത്തിലേക്ക് കയറിപ്പോയി. കോന്നി ഞള്ളൂരില്‍ ചേലക്കാട്ട് അനു സി ജോയിയുടെ വീട്ടിലെ കിണറ്റിലാണ് ഇന്നലെ രാത്രി കാട്ടുപോത്ത് വീണത്. രാവിലെ മോട്ടോര്‍ ഓണാക്കിയപ്പോള്‍ വെള്ളം കയറാത്തതിനെ തുടര്‍ന്ന് നോക്കുമ്പോഴാണ് കിണറ്റില്‍ കാട്ടുപോത്ത് വീണ വിവരം വീട്ടുകാര്‍ അറിയുന്നത്.
തുടര്‍ന്ന് വനപാലകരെ വിവരം അറിയിക്കുകയും കോന്നി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ജോജി ജെസിംസ്, ഉത്തരകുമരംപേരൂര്‍ ഫോറസ്റ്റ് ഡെപ്യൂട്ടി ലിതേഷ്, കുമ്മണ്ണൂര്‍ ഫോറസ്റ്റ് ഡെപ്യൂട്ടി സുന്ദരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലെ സംഘവും കോന്നി സ്ട്രൈക്കിംഗ് ഫോഴ്‌സും സ്ഥലത്തെത്തി കാട്ടുപോത്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. വിവരം അറിഞ്ഞ് കോന്നിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെ എത്തിയിരുന്നു.