obc reservation
മധ്യപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒ ബി സിക്ക് 27 ശതമാനം സീറ്റ് നല്‍കുമെന്ന് ബി ജെ പിയും കോണ്‍ഗ്രസ്സും
തിരഞ്ഞെടുപ്പുകളില്‍ ഒ ബി സി ക്വാട്ട ഇല്ലാതാക്കുകയാണ് ബി ജെ പിയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു.
ഭോപ്പാല്‍ | മധ്യപ്രദേശില്‍ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒ ബി സി വിഭാഗക്കാര്‍ക്ക് 27 ശതമാനം സീറ്റുകള്‍ നല്‍കുമെന്ന വാഗ്ദാനവുമായി ബി ജെ പിയും കേണ്‍ഗ്രസ്സും. ഒ ബി സി സംവരണം കൂടാതെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള അനുബന്ധ വ്യവസ്ഥകള്‍ രണ്ടാഴ്ചക്കകം പ്രഖ്യാപിക്കണമെന്ന് അധികാരികളോട് സുപ്രീം കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് പ്രഖ്യാപനങ്ങള്‍. വിധിക്കെതിരേ സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
തിരഞ്ഞെടുപ്പുകളില്‍ ഒ ബി സി ക്വാട്ട ഇല്ലാതാക്കുകയാണ് ബി ജെ പിയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു. 2010ലെ ഭരണഘടനാ ബെഞ്ച് വിധിയില്‍ വ്യക്തമാക്കിയിട്ടുള്ള ത്രിതല പരിശോധന പൂര്‍ത്തിയാക്കുന്നതുവരെ മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാനാകില്ലെന്ന് ചൊവ്വാഴ്ച സുപ്രീം കോടതി അറിയിച്ചിരുന്നു. ഒ ബി സികള്‍ക്ക് സംവരണം ഉറ പ്പാക്കാൻ കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാനത്തെ ബി ജെ പി സര്‍ക്കാര്‍ ഒരു ശ്രമവും നട ത്തിയില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസ്സ് അധ്യക്ഷൻ കമല്‍നാഥ് ആരോപിച്ചു.
ഒ ബി സികള്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്ന തരത്തില്‍ ഭരണഘടന ഭേദഗതി ചെയ്യാമായിരുന്നു. പക്ഷേ അവര്‍ ഒരു നടപടിയും സ്വീകരിക്കാത്തതാണ് സുപ്രീം കോടതി തീരുമാനത്തില്‍ കലാശിച്ചത്. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒ ബി സിക്ക് 27 ശതമാനം ടിക്കറ്റ് നല്‍കാനാണ് കോണ്‍ഗ്രസ്സ് തീരുമാനിച്ചിരിക്കുന്നതെന്നും കമൽനാഥ് പറഞ്ഞു.