Connect with us

National

പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തെ വിമര്‍ശിച്ച ബി.ജെ.പി ന്യൂനപക്ഷമോര്‍ച്ച നേതാവിനെ പുറത്താക്കി

പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കിയെന്ന് ആരോപിച്ചാണ് ഗനിയെ പുറത്താക്കിയത്.

Published

|

Last Updated

ജയ്പൂര്‍|പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തെ വിമര്‍ശിച്ച ബിക്കാനീര്‍ ബി.ജെ.പി ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ ഗനിയെ പുറത്താക്കി. പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കിയെന്ന് ആരോപിച്ചാണ് ഗനിയെ പുറത്താക്കിയത്. പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറ് വര്‍ഷത്തേക്കാണ് പുറത്താക്കിയത്. ഒരു മുസ്‌ലിമായതിനാല്‍ പ്രധാനമന്ത്രി പറഞ്ഞതില്‍ നിരാശയുണ്ടെന്നും പരാമര്‍ശത്തെ അപലപിക്കുന്നുവെന്നും ഡല്‍ഹിയില്‍ ഒരു വാര്‍ത്താ ചാനലിനോട് സംസാരിക്കവെ ഗനി പറഞ്ഞിരുന്നു.

രാജസ്ഥാനിലെ 25 ലോക്സഭാ സീറ്റുകളില്‍ മൂന്നോ നാലോ സീറ്റുകള്‍ ബി.ജെ.പിക്ക് നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വോട്ട് തേടി മുസ്‌ലിംങ്ങളുടെ അടുത്തുപോകുമ്പോള്‍ അവര്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് സംസാരിക്കുകയും അതിനെക്കുറിച്ച് തന്നോട് ചോദിക്കുമെന്നും ഗനി പറയുന്നു. ജാട്ട് സമുദായം ബി.ജെ.പിയോട് അമര്‍ഷത്തിലാണ്. ചുരുവിലും മറ്റ് മണ്ഡലങ്ങളിലും ബിജെപിക്കെതിരെ വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഞായറാഴ്ചയാണ് മോദി  ബന്‍സ്വാരയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ വിദ്വേഷ പ്രസംഗം നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്ലിംകള്‍ക്ക് വീതിച്ചു നല്‍കുമെന്നും നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നിങ്ങളുടെ സ്വത്ത് നല്‍കുന്നത് അംഗീകരിക്കാനാകുമോ എന്നുമാണ് മോദി വിദ്വേഷ പ്രസംഗം നടത്തിയത്.

അതേസമയം മോദിയുടെ വിദ്വേഷ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. കോണ്‍ഗ്രസ് നല്‍കിയ പെരുമാറ്റ ചട്ട ലംഘന പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്. ഏപ്രില്‍29 ന് രാവിലെ 11 മണിക്കുള്ളില്‍ പാര്‍ട്ടി അധ്യക്ഷന്‍ മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്.

 

 

 

Latest