Connect with us

Kerala

വഖഫ് ഭേദഗതി നിയമം അടിയന്തരമായി കൊണ്ട് വരാനുള്ള ബിജെപി സര്‍ക്കാര്‍ നീക്കം പ്രകോപനങ്ങള്‍ സൃഷ്ടിക്കാന്‍ : ഇ ടി മുഹമ്മദ് ബഷീര്‍ എംപി

വഖഫ് നിയമ ഭേദഗതിയുടെ ഓരോ അണുവിലും ദുരുദ്ദേശ്യങ്ങള്‍ നിറച്ച് വച്ചതായി കാണാനാവും

Published

|

Last Updated

ന്യൂഡല്‍ഹി |  വഖഫ് ഭേദഗതി നിയമം അടിയന്തരമായി കൊണ്ട് വരാനുള്ള ബിജെപി സര്‍ക്കാര്‍ നീക്കം മനപ്പൂര്‍വം പ്രകോപനങ്ങള്‍ സൃഷ്ടിക്കാനെന്ന് മുസ്ലിം ലീഗ് പാര്‍ലമെന്റ് പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന സര്‍വ്വകക്ഷി പ്രതിനിധി യോഗത്തില്‍ പറഞ്ഞു. പുതിയ നിയമം ഇന്ത്യന്‍ ജനത നേരിടുന്ന നിരവധിയായ പ്രശ്‌നങ്ങളില്‍ ഒന്നിന് പോലും പരിഹാരം കാണാന്‍ തക്കതല്ലെന്ന് മനസിലാക്കാനാവും.

വഖഫ് നിയമ ഭേദഗതിയുടെ ഓരോ അണുവിലും ദുരുദ്ദേശ്യങ്ങള്‍ നിറച്ച് വച്ചതായി കാണാനാവും. രാജ്യത്താകെയുള്ള അനേകം വഖഫ് സ്വത്തുക്കളില്‍ കയ്യേറ്റം നടത്താനുള്ള പഴുതുകള്‍ പുതിയ നിയമം അനുശാസിക്കുന്നുണ്ട്.ഇന്ത്യാ മഹാരാജ്യം പോലെ വ്യത്യസ്ത മതങ്ങളും ആചാരങ്ങളും വൈവിധ്യങ്ങളും നിലനില്‍ക്കുന്നിടത്ത് ആ വൈവിധ്യങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന തരത്തിലാണ് വഖഫ് സ്വത്തുക്കളുടെ മേലുള്ള കടന്ന് കയറ്റം.

ജന വിഭാഗങ്ങളെ മതത്തിന്റെ പേരില്‍ വിഭജിക്കുവാനുള്ള കുത്സിത ശ്രമങ്ങള്‍ പുതിയ നിയമനിര്‍മാണത്തിന്റെ ഒളിയജണ്ടയാണെന്ന് വ്യക്തമാണ്. ആഭ്യന്തര മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഈ പാര്‍ലമെന്റ് സമ്മേളനം സുഗമമായി നടത്താനുള്ള സാഹചര്യം ഉണ്ടാവണമെന്ന് സര്‍വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പാര്‍ലമെന്റിനെ അസ്വസ്ഥമാക്കുന്നതും തെറ്റായ ദിശയിലേക്ക് നയിക്കുന്നതും തങ്ങളുടെ രാഷ്ട്രീയ ദുരുദ്ദേശ്യത്തിന് ഉപയോഗപ്പെടുത്തുന്നതും ഈ സര്‍ക്കാര്‍ തന്നെയാണ്.പാര്‍ലമെന്റിന്റെ നന്‍മ കളങ്കപ്പെടുത്തിയ പാരമ്പര്യമാണ് ഈ സര്‍ക്കാറിനുള്ളത്.

പാര്‍ലമെന്റില്‍ സൃഷ്ടിക്കപ്പെടുന്ന നിയമങ്ങളുടെ പാരമ്പര്യം പേറിയിരുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ. ആ പാരമ്പര്യത്തില്‍ നിന്ന് മാറി വര്‍ഗീയത നട്ട് പിടിപ്പിച്ച് വിദ്വേഷം ഉണ്ടാക്കാനാണ് ദൗര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.രാജ്യത്തെ എസ് സി, എസ് ടി, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ കടുത്ത ആക്രമണങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കയാണ്. പല സംസ്ഥാനങ്ങളും അസ്വസ്ഥതകളുടെ വിതരണ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു.സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്നുവെന്ന് പലപ്പോഴും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.പൗരത്വ നിയമം, ഏക വ്യക്തി നിയമം ഉള്‍പ്പെടെയുള്ള വിവിധ നടപടികള്‍ ആവനാഴിയിലെ അസ്ത്രങ്ങള്‍ പോലെ സൂക്ഷിച്ചിരിക്കയാണ്.

ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം രാജ്യത്തെ ഓരോ ദിവസവും കൂടുതല്‍ അസ്വസ്ഥതകളിലേക്ക് നയിക്കുകയാണ്. സുപ്രീം കോടതി ബുള്‍ഡോസിംഗ് രാജിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്.
സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ നീതിയുക്തമായി പരിശോധിച്ച് ആവശ്യമായ പരിഹാര നടപടികള്‍ കൈക്കൊള്ളണം. ഇതിന് നേതൃത്വം നല്‍കുന്നതിന് പകരം നിയമസംഹിതകളെ തല്ലിതകര്‍ക്കുന്ന നടപടിയാണ് ദൗര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

രാജ്യത്തെ ബാധിക്കുന്ന മൗലികമായ പല പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും അവരുടെ ഇഷ്ടത്തിനനുസരിച്ച് പല നിയമനിര്‍മാണങ്ങളും നടത്തി വരികയാണ്. ചത്തീസ്ഗഡ് സര്‍ക്കാര്‍ ഈയിടെ നല്‍കിയ വിചിത്ര നിര്‍ദ്ദേശം, മുസ് ലിംകളുടെ വെള്ളിയാഴ്ചയിലെ ജുമാ പ്രാര്‍ഥനയില്‍ എന്തെല്ലാമാണ് പറയേണ്ടത് എന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനുമതിയോടെ തീരുമാനിക്കണമെന്നായിരുന്നു.

രാജ്യം അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ നിരാകരമാണിത്. ഏതറ്റം വരെയും മതസ്വാതന്ത്ര്യം ഹനിക്കാന്‍ ബിജെപി തയാറാവുകയാണെന്ന് പറയാനാവും. സര്‍ക്കാറിന്റെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ നിര്‍വഹിക്കും. വഴിവിട്ട നീക്കങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സമാന മനസ്‌കരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.

 

Latest