KERALA STATE REVENUE DEPARTMENT
മുന്‍സിപ്പാലിറ്റി- താലൂക്ക് തല ഭൂപതിവ് കമ്മിറ്റികളില്‍ ഇനി ബി ജെ പിക്ക് പ്രാതിനിധ്യമില്ല
എന്നാല്‍ ആര്‍ എം പി, മാണി സി കാപ്പന്റെ ഡി സി കെ, മന്ത്രി ആന്റണി രാജുവിന്റെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് കമ്മിറ്റിയില്‍ പ്രാതിനിധ്യം ഉണ്ടാവും
തിരുവനന്തപുരം | പുതിയ പട്ടയങ്ങള്‍ പതിച്ച് നല്‍കുന്നതിന് അംഗീകാരം നല്‍കുന്ന ഭൂപതിവ് കമ്മറ്റികളില്‍ നിന്ന് ബി ജെ പി പുറത്ത്. താലൂക്ക്, മുന്‍സിപ്പാലിറ്റി തലങ്ങളില്‍ പുതിയ പട്ടയങ്ങള്‍ പതിച്ച് നല്‍കുന്നത് അംഗീകരിക്കുന്ന കമ്മിറ്റികളില്‍ നിന്നാണ് ബി ജെ പി പുറത്തായിരിക്കുന്നത്. ഇത്തവണ ബി ജെ പിക്ക് നിയമസഭയില്‍ പ്രാതിനിധ്യം ഇല്ലാത്തതിനാലാണ് കമ്മിറ്റികളില്‍ നിന്ന് പുറത്താവുന്നത്.
എന്നാല്‍, നിയമസഭയില്‍ ഒരോ അംഗങ്ങള്‍ വീതമുള്ള ആര്‍ എം പി, മാണി സി കാപ്പന്റെ ഡി സി കെ, മന്ത്രി ആന്റണി രാജുവിന്റെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് കമ്മിറ്റിയില്‍ പ്രാതിനിധ്യം ഉണ്ടാവും.
നിയമസഭയില്‍ അംഗങ്ങളുള്ള എല്ലാ പാര്‍ട്ടികള്‍ക്കും പ്രാതിനിധ്യം ഉറപ്പ് വരുത്തി വേണം കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കാന്‍ എന്നതാണ് ചട്ടം. നിലവില്‍ ലഭ്യമായ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മിറ്റകള്‍ പുനഃസംഘടിപ്പിക്കാന്‍ മന്ത്രി കെ രാജന്‍ നിര്‍ദ്ദേശം നല്‍കി.