Connect with us

KERALA BLASTERS

ബ്ലാസ്റ്റേഴ്‌സ് ഗോവയില്‍ നിന്ന് മടങ്ങുന്നത് തലയുയര്‍ത്തിപ്പിടിച്ച്

ഫീനിക്‌സ് പക്ഷിയെ പോലെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്.

Published

|

Last Updated

പനാജി | ഐ എസ് എല്‍ 2021- 22 സീസണിന് പര്യവസാനം കുറിക്കപ്പെടുമ്പോള്‍ വിദേശനിലവാരത്തിലുള്ള ഫുട്‌ബോള്‍ വിരുന്ന് കാഴ്ചവെച്ചാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് മടങ്ങിവരുന്നത്. ടീമിന്റെ കോച്ചും മലയാളികളുടെ ആശാനുമായ ഇവാന്‍ വുകോമാനോവിച്ചിന്റെ പ്രവര്‍ത്തനം ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സിനെ കീഴടക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി മങ്ങിയ പ്രകടനം കാഴ്ചവെച്ചിരുന്ന മഞ്ഞപ്പട ഇത്തവണ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

മാത്രമല്ല, ആദ്യ മത്സരത്തില്‍ എ ടി കെ മോഹന്‍ ബഗാനോട് 2-4ന്റെ വലിയ തിരിച്ചടി നേരിടുകയും ചെയ്തു. ഇതോടെ മുന്‍വര്‍ഷങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന പ്രതീതിയുണ്ടായി. എന്നാല്‍, നവംബര്‍ 25 മുതല്‍ പുതുവത്സരം വരെ പത്ത് മത്സരങ്ങളില്‍ തുടര്‍ച്ചയായി തോല്‍വിയറിയാതെ മാര്‍ച്ച് ചെയ്യുന്ന വുകോമാനോവിച്ചിനെയും കുട്ടികളെയുമാണ് കണ്ടത്.

മുന്‍ ചാംപ്യന്‍മാരായ മുംബൈ സിറ്റിയെയും ചെന്നൈ എഫ് സിയെയും 3-0ന് പരാജയപ്പെടുത്തിയതും ഹൈദരാബാദിനെതിരെ 1-0യുടെ വിജയം നേടിയതയും ഇതില്‍ പ്രധാനപ്പെട്ടതാണ്. അങ്ങനെ ഒരുവേള പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു. സെമി ഫൈനലിലും ഫൈനലിലും മികച്ച ഫുട്‌ബോള്‍ പോരാട്ടമാണ് മഞ്ഞപ്പടയുടെ താരങ്ങള്‍ കാഴ്ചവെച്ചത്. ചുരുക്കത്തില്‍ ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ചക്രവാളങ്ങളിലേക്ക് പറന്നകലുന്ന ഫീനിക്‌സ് പക്ഷിയെ പോലെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്.