National
അബദ്ധത്തിലുണ്ടാക്കിയ മോദി സർക്കാർ ഉടന്‍ വീഴും; മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ
നേരത്തെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ഉചിതമായ സമയം വരുമ്പോള്‍ ഇന്ത്യ മുന്നണി ഉചിതമായ തീരുമാനം എടുക്കുമെന്നും ഖര്‍ഗെ പ്രതികരിച്ചിരുന്നു.
ന്യൂഡല്‍ഹി | മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. അബദ്ധത്തില്‍ ഉണ്ടാക്കിയ ഈ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് താഴെപോകുമെന്നും മോദിയുടേത് ന്യൂനപക്ഷ സര്‍ക്കാരെന്നും ഖര്‍ഗെ പറഞ്ഞു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഖര്‍ഗെയുടെ പ്രതികരണം.
ഇതിനു മുമ്പും ഖര്‍ഗെ സമാനമായ പ്രതികരണം നടത്തിയിരുന്നു.ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ഉചിതമായ സമയം വരുമ്പോള്‍ ഇന്ത്യ മുന്നണി ഉചിതമായ തീരുമാനം എടുക്കുമെന്നായിരുന്നു ഖര്‍ഗെ പ്രതികരിച്ചത്. എന്നാല്‍ ഖര്‍ഗെ മനപ്പൂര്‍വം രാഷ്ട്രീയകുഴപ്പം ഉണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് ജെഡിയു നേതാവ് കെസി ത്യാഗി പ്രതികരിച്ചത്.
നേരത്തെ എന്‍ഡിഎ സര്‍ക്കാരില്‍ നിന്നും ഇന്ത്യ സംഖ്യം അധികാരം പിടിച്ചെടുക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതയും പ്രതികരണം നടത്തിയിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 543 അംഗ ലോക്സഭയില്‍ 293 സീറ്റുകളാണ് എന്‍ഡിഎ നേടിയത്. കഴിഞ്ഞ രണ്ട് തവണയും മികച്ച ഭൂരിപക്ഷം ലഭിച്ച ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 272 സീറ്റില്‍ 240 സീറ്റുകള്‍ മാത്രമാണ് നേടാനായത്.സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രധാനമന്ത്രിക്കും ബിജെപിക്കും സഖ്യകക്ഷികളെ ആശ്രയിക്കേണ്ടി വന്നു . കേവലഭൂരിപക്ഷം പോലും നേടാന്‍ കഴിഞ്ഞില്ല . ഈ തട്ടിക്കൂട്ട് സര്‍ക്കാര്‍ പതിനഞ്ചു ദിവസമെങ്കിലും നിലനില്‍ക്കുമോ എന്ന് ആര്‍ക്കറിയാം?’ എന്നായിരുന്നു മമതയുടെ പ്രതികരണം.