National
തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി
മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് എല്ലാ മൃതദേഹങ്ങളും കണ്ടെത്തിയത്
ചെന്നൈ | ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി. അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് എല്ലാ മൃതദേഹങ്ങളും കണ്ടെത്തിയത്.
കനത്ത മഴയ്ക്ക് പിന്നാലെ ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. വീണ്ടും മണ്ണിടിയുമെന്ന ഭീഷണിയും മണ്ണുമാന്തി യന്ത്രങ്ങള്‍ക്ക് എത്താനാകാത്ത സാഹചര്യവും തെരച്ചിലിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മഴക്കെടുതിയില്‍, തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി മരണം 21 ആയി. തിരുവണ്ണാമലയില്‍ മൂന്നിടത്താണ് ഉരുള്‍പൊട്ടലുണ്ടായത്.
സേലത്തെ വിനോദ സഞ്ചാര കേന്ദ്രമായ യേര്‍ക്കാടിലും ഉരുള്‍പൊട്ടി. കൃഷ്ണഗിരിയില്‍ നിര്‍ത്തിയിട്ട ബസുകള്‍ ഒലിച്ചുപോയി. വിഴുപ്പുറം ജില്ലയിലെ നദികള്‍ കരകവിഞ്ഞതോടെ ചെന്നൈയില്‍ നിന്ന് തെക്കന്‍ജില്ലകളിലേക്കുള്ള യാത്ര മുറിഞ്ഞു. ഇവിടെ ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ കേരളത്തിലൂടെയുളള രണ്ടടക്കം 13 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി. പഞ്ചായത്ത് ഓഫീസും റൈസ് മില്ലുകളും അഗ്‌നിശമനസേനയുടെ കെട്ടിടവുമെല്ലാം വെള്ളത്തിനടിയയിലാണ്.