Connect with us

National

അഞ്ച് വര്‍ഷം മുമ്പ് കാണാതായ മാധ്യമപ്രവര്‍ത്തകയുടെ മൃതദേഹം കണ്ടെത്തി

ഛത്തീസ്ഗഢിലെ കോര്‍ബ-ദാരി റോഡില്‍ പോളിത്തീന്‍ ഷീറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

Published

|

Last Updated

ന്യൂഡല്‍ഹി|ഛത്തീസ്ഗഢില്‍ നിന്ന് അഞ്ച് വര്‍ഷം മുമ്പ് കാണാതായ മാധ്യമപ്രവര്‍ത്തകയുടെ മൃതദേഹം കണ്ടെത്തി. ഛത്തീസ്ഗഢിലെ കോര്‍ബ-ദാരി റോഡില്‍ പോളിത്തീന്‍ ഷീറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. വാര്‍ത്താ അവതാരക സല്‍മ സുല്‍ത്താനയെ കണ്ടെത്താന്‍ പോലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

മാധ്യമപ്രവര്‍ത്തകയെ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തുന്നതിനായി കോര്‍ബ-ദാരി നാലുവരിപ്പാത കുഴിച്ച് പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചത്. മൃതദേഹത്തോടൊപ്പം ചെരിപ്പും കണ്ടെടുത്തു. അതേസമയം മൃതദേഹം തിരിച്ചറിയാന്‍ സല്‍മയുടെ കുടുംബത്തിന് കഴിഞ്ഞിട്ടില്ല. കോര്‍ബയുടെ പ്രാന്തപ്രദേശമായ കുസ്മുണ്ട സ്വദേശിയാണ് സല്‍മ സുല്‍ത്താന. 2018 ഒക്ടോബര്‍ 21ന് കുസ്മുണ്ടയില്‍ നിന്ന് കോര്‍ബയിലേക്ക് ജോലിക്കായി പോയ സല്‍മയെ പിന്നീട് കാണാതാവുകയായിരുന്നു.

വീട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും കിട്ടാത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. കേസന്വേഷണത്തിനിടെയാണ് ഇപ്പോഴത്തെ ഈ നിര്‍ണായക കണ്ടെത്തല്‍. അടുത്തിടെ ദാരി എസ്പി റോബിന്‍സണ്‍ ഗുഡിയ തീര്‍പ്പാക്കാത്ത കേസുകള്‍ അവലോകനം ചെയ്തിരുന്നു. തുടര്‍ന്ന് മെയ് മാസത്തില്‍ സല്‍മ സുല്‍ത്താനയുടെ കേസ് അന്വേഷണം വീണ്ടും ആരംഭിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അന്വേഷണത്തിന്റെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

അന്വേഷണത്തില്‍, സല്‍മയെ അഞ്ച് വര്‍ഷം മുമ്പ് കൊലപ്പെടുത്തി മൃതദേഹം കോര്‍ബ-ദാരി റോഡില്‍ കുഴിച്ചിട്ടതായി പോലീസിന് വിവരം ലഭിച്ചു. മെയ് 30 ന്, സല്‍മയെ അടക്കം ചെയ്യാന്‍ സാധ്യതയുള്ള സ്ഥലത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. ജെസിബി കൊണ്ട് റോഡ് കുഴിച്ച് പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. പിന്നീട് കോര്‍ബ-ദാരി റോഡിന്റെ ഭൂമിശാസ്ത്രപരമായ ഘടന പൂര്‍ണ്ണമായും മാറിയെന്നും ഒറ്റപ്പാത നാലുവരി റോഡായി മാറിയെന്നും പോലീസ് പറഞ്ഞു. എന്നാല്‍ പൊലീസ് ചൊവ്വാഴ്ച വീണ്ടും പരിശോധന നടത്തി. ഇതോടെയാണ് മൃതദേഹം കണ്ടെടുത്തത്. കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.

 

 

Latest