Kerala
മീൻ പിടിക്കുന്നതിനിടെ കടലിൽ കാണാതായ ചേളാരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
ഷാഫി പറമ്പിൽ എം പി, കാനത്തിൽ ജമീല എം എൽ എ, കെ കെ രമ എം എൽ എ, പയ്യോളി നഗരസഭാധ്യക്ഷൻ വി കെ അബ്ദുറഹിമാൻ തുടങ്ങിയ ജനപ്രതിനിധികൾ സ്ഥലത്തെത്തി
പയ്യോളി | മീൻ പിടിക്കുന്നതിനിടെ കടലിൽ കാണാതായ ചേളാരി സ്വദേശി മുഹമ്മദ് ഷാഫിയുടെ മൃതദേഹം കണ്ടെത്തി .ഇന്ന് രാവിലെ 8 – 45 ഓടെ കൊളാവിപ്പാലം മിനി ഗോവയുടെ തീരത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ഷാഫിയെ മീൻ പിടിക്കുന്നതിനിടെ കടലിൽ കാണാതായത്.
ഇന്നലെ രാവിലെ മുതൽ ഊർജ്ജിതമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. രാത്രിയോടെ തിരച്ചിൽ നിർത്തിവെക്കുകയായിരുന്നു. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചതോടെ മിനി ഗോവക്ക് സമീപത്ത് വെച്ച് മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഫയർഫോഴ്സ്, മറൈൻ എൻഫോഴ്സസ്മെന്റ്, മത്സ്യതൊഴിലാളികൾ,കോസ്റ്റ്ഗാർഡിന്റെ ഹെലിക്കോപ്റ്റർ തിരച്ചലിനായി രംഗത്തുണ്ടായിരുന്നു. അഴിമുഖത്ത് വീശുവല ഉപയോഗിച്ച് മീൻപിടിക്കുന്നതിനിടയിലാണ് അപകടം. ശക്തമായ ഒഴുക്കിൽ കടലിൽ
അകപ്പെടുകയായിരുന്നു.
ചേളാരിയിലും പരിസരത്തും പുഴ മത്സ്യം പിടിക്കുന്നവരാണ് ഇവിടെ മീൻ പിടിക്കാൻ എത്തിയത്. പയ്യോളി കോട്ടക്കൽ വഴി എത്തിയ നാലംഗ സംഘം സാൻ്റ്ബാങ്ക്സിന്റെ മറുകരയിൽ മീൻ പിടിക്കുന്നതിനിടയിലാണ് അപകടത്തിൽപെട്ടത്. ഷാഫി പറമ്പിൽ എം പി, കാനത്തിൽ ജമീല എം എൽ എ, കെ കെ രമ എം എൽ എ, പയ്യോളി നഗരസഭാധ്യക്ഷൻ വി കെ അബ്ദുറഹിമാൻ തുടങ്ങിയ ജനപ്രതിനിധികൾ സ്ഥലത്തെത്തി.