Connect with us

Alappuzha

മാവേലിക്കരയിലെ ഓട്ടോ അപകടം; കാണാതായ മൂന്ന് വയസ്സുകാരൻ്റെ മൃതദേഹം ലഭിച്ചു

സംഭവത്തിൽ കാശിനാഥിൻ്റെ മാതാവ് ആതിര എസ് നായർ (31) ഇന്നലെ മരിച്ചിരുന്നു.

Published

|

Last Updated

മാവേലിക്കര | നിയന്ത്രണം വിട്ട ഓട്ടോ ആറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മൂന്ന് വയസ്സുകാരൻ്റെ മൃതദേഹം ലഭിച്ചു. സംഭവം നടന്ന സ്ഥലത്തിന് തൊട്ടടുത്തുനിന്നാണ് ഇന്ന് രാവിലെ ഏഴേകാലോടെ കാശിനാഥിൻ്റെ മൃതദേഹം ലഭിച്ചത്. ക്ഷേത്രത്തിൽ പോയി മടങ്ങിയ കുടുംബം സഞ്ചരിച്ച ഓട്ടോ നിയന്ത്രണംതെറ്റി ഇന്നലെ വൈകിട്ടോടെ അച്ചൻകോവിലാറ്റിലേക്ക് മറിയുകയായിരുന്നു. സംഭവത്തിൽ കാശിനാഥിൻ്റെ മാതാവ് ആതിര എസ് നായർ (31) ഇന്നലെ മരിച്ചിരുന്നു.

വെൺമണി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വലിയ പറമ്പിൽ ശൈലേഷും കുടുംബവും സഞ്ചരിച്ച ഓട്ടോറിക്ഷയാണ് കൊല്ലകടവ് ചാക്കോ റോഡിൽ പനച്ചമൂട് ഭാഗത്ത് മറിഞ്ഞത്. കരയംവട്ടം ഹനുമാൻ ക്ഷേത്രത്തിൽ പോയി തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ശൈലേഷ് (അനു-45), ഭാര്യ ആതിര എസ് നായർ, മക്കളായ കീർത്തന (11), കാശിനാഥ്, ഓട്ടോഡ്രൈവർ ഇവരുടെ സമീപവാസിയായ ഒറ്റപ്ലാവ് നിൽക്കുന്നതിൽ ലബനോനിൽ സജു സണ്ണി (45) എന്നിവരാണ് ഓട്ടോയിൽ സഞ്ചരിച്ചിരുന്നത്.

സംഭവം കണ്ട യുവാക്കൾ ഉടനെ രക്ഷാ പ്രവർത്തനം നടത്തി ശൈലേഷ്, മകൾ കീർത്തന, ഓട്ടോ ഡ്രൈവർ സജു എന്നിവരെ രക്ഷപെടുത്തി. പിന്നീടാണ് ആതിരയെ കണ്ടെത്താനായത്. മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാവേലിക്കര ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയിരുന്നു. രാത്രി വൈകിയും അഗ്നിശമന സേന സ്കൂബ വിഭാഗം തിരച്ചിൽ തുടർന്നു. ശൈലേഷ്, കീർത്തന, സജു എന്നിവർ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

---- facebook comment plugin here -----

Latest