National
ഒൻപത് ദിവസം മുമ്പ് കാണാതായ സിക്കിം മുൻ മന്ത്രിയുടെ മൃതദേഹം കനാലിൽ കണ്ടെത്തി
പക്യോങ് ജില്ലയിലെ ജന്മനാടായ ചോട്ടാ സിങ്താമിൽ നിന്ന് ജൂലൈ ഏഴിനാണ് മുതിർന്ന രാഷ്ട്രീയ നേതാവിനെ കാണാതായത്.
ഗാംഗ്ടോക്ക് | കാണാതായ സിക്കിം മുൻ മന്ത്രി ആർ സി പൗഡ്യാലിൻ്റെ മൃതദേഹം ഒമ്പത് ദിവസങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിലെ സിലിഗുരിക്ക് സമീപമുള്ള കനാലിൽ കണ്ടെത്തി. ചൊവ്വാഴ്ച ഫുൽബാരിയിലെ ടീസ്റ്റ കനാലിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് 80 കാരനായ പൗഡ്യാലിൻ്റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം നദിയിൽ തള്ളിയതാകാനാണ് സാധ്യതയെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കുന്നതാനയി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ധരിച്ചിരുന്ന വാച്ചും വസ്ത്രങ്ങളുമാണ് മൃതദേഹം തിരിച്ചറിയാൻ സഹായകരമായത്.
പക്യോങ് ജില്ലയിലെ ജന്മനാടായ ചോട്ടാ സിങ്താമിൽ നിന്ന് ജൂലൈ ഏഴിനാണ് മുതിർന്ന രാഷ്ട്രീയ നേതാവിനെ കാണാതായത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിരുന്നു.
ആദ്യ സിക്കിം നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായിരുന്ന പൗഡ്യാൽ പിന്നീട് സംസ്ഥാന വനം മന്ത്രിയായി. 70 കളുടെ അവസാനത്തിലും 80 കളിലും റൈസിംഗ് സൺ പാർട്ടി സ്ഥാപിച്ച അദ്ദേഹം സിക്കിമിലെ രാഷ്ട്രീയ മണ്ഡലത്തില്‍ പ്രധാന സ്ഥാനം നേടി.
പൗഡ്യാലിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പി എസ് തമാങ് അനുശോചനം രേഖപ്പെടുത്തി.