Kerala
ധീര സൈനികന്‍ പ്രദീപിന്റെ മൃതദേഹം വാളയാറില്‍ മന്ത്രിമാര്‍ ഏറ്റുവാങ്ങി; വിലാപ യാത്രയായി ജന്‍മനാട്ടിലേക്ക്
സംസ്‌കാരത്തിന് രണ്ട് മണിക്കൂര്‍ മുന്‍പ് 70 അംഗ സൈനികര്‍ പ്രദീപിന്റെ വീട്ടിലെത്തും.
തൃശ്ശൂര്‍ | ഊട്ടിയിലെ കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ പ്രദീപിന്റെ മൃതദേഹം വാളയാറില്‍ എത്തിച്ചു. കേരള അതിര്‍ത്തിയില്‍ വെച്ച് സംസ്ഥാന മന്ത്രിമാര്‍ അടങ്ങുന്ന സംഘം മൃതദേഹം ഏറ്റ് വാങ്ങി. വിലാപയാത്രയായി സുലൂരില്‍ നിന്ന് ആംബുലന്‍സിലാണ് മൃതദേഹം വാളയാര്‍ അതിര്‍ത്തിയിലെത്തിച്ചത്. 12.30 ഓടെ വാളയാറിലെത്തിച്ച മൃതദേഹം മന്ത്രിമാരായ കെ രാജന്‍, കൃഷ്ണന്‍കുട്ടി എന്നിവര്‍ ഏറ്റുവാങ്ങി. വന്‍ജനാവലി തന്നെ ഇവിടെ തടിച്ച്കൂടിയിരുന്നു.
തുടര്‍ന്ന് വിലാപയാത്രയായി ജന്‍മനാട്ടിലേക്ക് തിരിക്കും. പുത്തൂരിലെ സ്‌കൂളില്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനം ഉണ്ടാകും. സംസ്‌കാരത്തിന് രണ്ട് മണിക്കൂര്‍ മുന്‍പ് 70 അംഗ സൈനികര്‍ പ്രദീപിന്റെ വീട്ടിലെത്തും. വൈകീട്ട് വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക.സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്ടര്‍ ദുരന്തത്തിലാണ് പ്രദീപിനും വീരമൃത്യു സംഭവിച്ചത്. ഹെലികോപ്ടറിന്റെ ഫ്ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്.