Connect with us

Kerala

കാണാതായ യുവതിയുടെ മൃതദേഹം മറ്റൊരു വീട്ടില്‍,വീടു നോക്കാനേല്‍പ്പിച്ച യുവാവും തൂങ്ങിമരിച്ച നിലയില്‍ 

യുവതിയുടെ മൃതദേഹം കണ്ടെത്തിയ വീട്ടില്‍നിന്നും ഏകദേശം 22 കിലോമീറ്റര്‍ അകലെയാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

കണ്ണൂര്‍ | പയ്യന്നൂരില്‍ കാണാതായ യുവതിയെ അന്നൂരിലെ മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയാണ് മരിച്ചത്. അതിനിടെ യുവതിയുടെ മൃതദേഹം കണ്ടെത്തിയ വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന സുദര്‍ശന്‍ പ്രസാദ് എന്ന ഷിജുവിനെ മറ്റൊരിടത്ത് മരിച്ചനിലയില്‍ കണ്ടെത്തി.

അനിലയെ കൊലപ്പെടുത്തിയ ശേഷം സുദര്‍ശന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ മൃതദേഹം കണ്ടെത്തിയ വീട്ടില്‍നിന്നും ഏകദേശം 22 കിലോമീറ്റര്‍ അകലെയാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സ്ഥലം.

അനിലയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയുടെ മൃതദേഹം  ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

യുവതിയുടെ മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമയും കുടുംബവും ഷിജുവിനെ വീട് നോക്കാന്‍ ഏല്‍പ്പിച്ച് വിനോദയാത്ര പോയിരിക്കുകയായിരുന്നു. ഞായറാഴ്ച വീട്ടുടമ ഷിജുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ ഫോണ്‍ എടുത്തില്ല.തുടര്‍ന്ന് ബന്ധുവിനെ വിവരം അറിയിച്ചു. ഇവരെത്തി പരിശോധിച്ചപ്പോഴാണ് അനിലയുടെ മൃതദേഹം അടുക്കളയ്ക്ക് സമീപം കണ്ടെത്തിയത്.തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

അനില എങ്ങനെയാണ് അന്നൂരിലെ വീട്ടിലെത്തിയതെന്ന് സംബന്ധിച്ച് ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. ഷിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് അന്നൂരില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തു നിന്നാണ് .രണ്ട് മരണത്തിലും ദുരൂഹതകള്‍ ഏറെയാണ്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുകയാണ് പോലീസ്.

Latest