Connect with us

Kerala

നവജാത ശിശുവിന്റെ മൃതദേഹം പാടശേഖരത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

നവജാത ശിശുവിന്റെ ദുരൂഹ മരണം പുറം ലോകത്തെത്തുന്നതില്‍ നിര്‍ണായകമായത് ഡോക്ടറുടെ സംശയമാണ്.

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴ തകഴി കുന്നമ്മയില്‍ കുഴിച്ചുമൂടിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലനോടി പാടശേഖരത്തിന്റെ ചിറയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ യുവതിയാണ് കുഞ്ഞിന് ജന്മം നല്‍ കിയത്. കസ്റ്റഡിയിലുള്ള യുവാവിനെ സ്ഥലത്തെത്തിച്ച്  പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, കുഞ്ഞിന്റെ മരണം കൊലപാതകമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

പ്രസവം നടന്നത് ആറാം തീയതി പുലര്‍ച്ചെയാണ്. മൃതദേഹം മറവ് ചെയ്തത് ഏഴാം തീയതിയാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഗര്‍ഭിണിയാണെന്ന വിവരം യുവതി വീട്ടില്‍ അറിയിച്ചിരുന്നില്ല. പുലര്‍ച്ചെ ഒന്നരയോടെ പൂച്ചാക്കലിലെ വീട്ടില്‍വെച്ചാണ് 22-കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് ആണ്‍സുഹൃത്തിനെ വിളിച്ചുവരുത്തി കുഞ്ഞിനെ കൈമാറി.തുടര്‍ന്ന് കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കുഞ്ഞിനെ മറവ് ചെയ്യുകയായിരുന്നു.

നവജാത ശിശുവിന്റെ ദുരൂഹ മരണം പുറം ലോകത്തെത്തുന്നതില്‍ നിര്‍ണായകമായത് ഡോക്ടറുടെ സംശയമാണ്. വയറുവേദനയെ തുടര്‍ന്ന് യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ മാത്രമേ ചികിത്സ നല്‍കാനാകൂ എന്നറിയിച്ചു.തുടര്‍ന്നാണ് പ്രസവം നടന്ന വിവരം പുറത്തറിയുന്നത്.

കുഞ്ഞിനെ കാമുകന്‍ കൊണ്ടുപോയെന്നും ആലപ്പുഴയിലെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നുമായിരുന്നു യുവതി ഡോക്ടര്‍ക്ക് മൊഴി നല്‍കിയത്.തുടര്‍ന്ന് ഡോക്ടര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമായി. യുവതിയെ വിശദമായി ചോദ്യംചെയ്തപ്പോള്‍ കാമുകനെക്കുറിച്ച് വെളിപ്പെടുത്തി. തുടര്‍ന്ന് ശനിയാഴ്ച രാത്രി പത്തരയോടെ കാമുകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.തുടര്‍ന്നാണ് കുഞ്ഞിനെ കുഴിച്ചുമൂടിയെന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്.

സംഭവത്തില്‍ തകഴി സ്വദേശികളായ രണ്ടു യുവാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ കാമുകന്‍ തോമസ് ജോസഫ് (24),ഇയാളുടെ സുഹൃത്ത് അശോക് ജോസഫ് (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ കൊലപ്പെടുത്തിയതാണോ, പ്രസവത്തില്‍ മരിച്ചതാണോയെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ. യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

Latest