Connect with us

punnol haridasan murder

ഹരിദാസ് വധക്കേസ് പ്രതി ഒളിവില്‍ താമസിച്ച വീടിന് നേരെ ബോംബേറ്

വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ച് തകര്‍ത്ത ശേഷമാണ് ബോംബെറിഞ്ഞത്

Published

|

Last Updated

കണ്ണൂര്‍ | മാഹിയിലെ സി പി എം പ്രവര്‍ത്തകനായ പുന്നോല്‍ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബി ജെ പി പ്രവര്‍ത്തകന്‍ ഒളിവില്‍ കഴിഞ്ഞ വീടിന് നേരെ ബോംബേറ്. മുഖ്യമന്ത്രിയുടെ വീടിന് സമീപം പിണറായി പാണ്ട്യാല മുക്കിലെ വീടിന് നേരെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ ബോംബേറുണ്ടായത്. വീടിന്റെ എല്ലാ ജനലുകളും അടിച്ചുതകര്‍ത്തശേഷം വീടിനുള്ളിലേക്ക് രണ്ട് ബോംബുകള്‍ എറിഞ്ഞതായാണ് പോലീസ് പറയുന്നത്. വീടിന് പുറത്തുണ്ടായ കസേരകള്‍ കിണറ്റിലെറിഞ്ഞ നിലയിലാണ്.

ഈ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന 14-ാം പ്രതി നിജില്‍ ദാസിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ബോംബേറുണ്ടായത്. വീട്ടുടമസ്ഥാനായ പ്രശാന്തും ഭാര്യ രേഷ്മയുമാണ് നിജിലിന് താമസിക്കാന്‍ സ്ഥലം നല്‍കിയിരുന്നത്. പ്രതിയെ ഒളിവില്‍ താമസിപ്പിച്ചതിന് വീട്ടുടമസ്ഥയായ അധ്യാപിക രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുന്നോല്‍ അമൃത വിദ്യാലയം അധ്യാപികയായ രഷ്മ ഇപ്പോള്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ബോംബേറിനെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് സുരക്ഷ ശക്താക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപത്താണ് കഴിഞ്ഞ രണ്ടുമാസമായി പ്രതി ഒളിവില്‍ കഴിഞ്ഞെന്നത് പോലീസിനെയും അമ്പരപ്പിച്ചിരിക്കുകയാണ്.
ഫെബ്രുവരി 21 തിങ്കളാഴ്ച പുലര്‍ച്ചെയാണ് തലശ്ശേരി പുന്നോല്‍ സ്വദേശി ഹരിദാസിനെ രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗസംഘം വീടിന് മുമ്പിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്.