Kerala
യുവതിയെ തലക്കടിച്ച് കൊന്ന കാമുകന്‍ ബംഗളുരുവില്‍ പിടിയില്‍
സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ബന്ധം സ്ഥാപിച്ച് ഒപ്പം താമസിക്കുകയും സാമ്പത്തികമായി ചൂഷണം ചെയ്യുകയുമാണ് പ്രതിയുടെ രീതി
പത്തനംതിട്ട | പന്തളം പൂഴിക്കാട് ചിറമുടിയില്‍ യുവതിയെ തലക്കടിച്ചുകൊന്ന കേസില്‍ പ്രതി ബംഗളുരുവില്‍ നിന്നും അറസ്റ്റിലായി. തിരുവനന്തപുരം നെയ്യാറ്റിന്‍കര ദാലുംമുഖം പോസ്റ്റില്‍ തുടലി ബി എസ് ഭവനില്‍ ഷൈജു എസ് എല്‍ (34)നെയാണ് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
മുളക്കുഴ അരീക്കര കൊഴുവല്ലൂര്‍ പാറപ്പുറത്ത് സുരേഷിന്റെ ഭാര്യ സബിത എന്നു വിളിക്കുന്ന സജിത (42) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. ഈമാസം 10ന് രാത്രി 10.30നാണ് യുവതിയെ കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ഷൈജു മൊബൈല്‍ ഫോണ്‍ ഓഫാക്കിയശേഷം നാടുവിടുകയായിരുന്നു. നാല് വര്‍ഷത്തിലധികമായി ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന സജിത കൊഴുവല്ലൂര്‍ സ്വദേശിനിയാണ്. തിരുവല്ലയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തുവന്ന ഇവര്‍ ഫേസ് ബുക്കിലൂടെയാണ് ഷൈജുവിനെ പരിചയപ്പട്ടത്. തുടര്‍ന്ന്, അടുപ്പത്തിലാവുകയും ഒരുമിച്ച് ചിറമുടിയിലെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവരികയുമായിരുന്നു.
ഷൈജുവിന്റെ അവിഹിതബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ബന്ധം സ്ഥാപിച്ചശേഷം അടുപ്പത്തിലാവുകയും പിന്നീട് അവര്‍ക്കൊപ്പം താമസിക്കുകയും സാമ്പത്തിക ചൂഷണം ചെയ്യുകയുമാണ് പ്രതിയുടെ രീതി. ഒപ്പം താമസിച്ച് സ്ത്രീകളുടെ സ്വര്‍ണ ഉരുപ്പടികള്‍ കൈക്കലാക്കി പണയം വെച്ച് പണമെടുത്ത് ചിലവാക്കി ജീവിതം ആസ്വദിക്കുന്നതാണ് ഇയാളുടെ ശൈലിയെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി.
ബംഗളുരുവില്‍ താമസിക്കുന്ന പൂഴിക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ നേരിട്ട് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അടൂര്‍ ഡി വൈ എസ് പി. ആര്‍ ബിനു മേല്‍നോട്ടം വഹിച്ച അന്വേഷണത്തിന്റെ ഇന്‍സ്പെക്ടര്‍ എസ് ശ്രീകുമാര്‍, ഡാന്‍സാഫ് എസ് ഐ അജി സാമൂവല്‍, പന്തളം സി പി ഓമാരായ അന്‍വര്‍ഷാ, അമീഷ് എന്നിവരെക്കൂടാതെ, പന്തളം എസ് ഐ നജീബ് എസ്, എ എസ് ഐ സന്തോഷ് കുമാര്‍, സി പി ഓമാരായ നാദിര്‍ഷാ, ശരത് എന്നിവരും ഡാന്‍സാഫിലെ എ എസ് ഐ അജികുമാര്‍, സി പി ഓമാരായ സുജിത്, അഖില്‍, മിഥുന്‍ എന്നിവരും ഉള്‍പ്പെടുന്നു.