Connect with us

Articles

ബ്രഹ്മപുരങ്ങളായി കുന്നുകൂടുന്നത്

ബ്രഹ്മപുരത്ത് നിന്ന് തീയാളിയത് ഇത് ആദ്യമായല്ല. മുമ്പ് പല തവണ അവിടെ തീ പടര്‍ന്ന് പുക പരന്നിട്ടുണ്ട്. അന്നൊന്നും ഇത്രത്തോളം വലിയ പ്രതിസന്ധി ഉണ്ടായില്ലെന്ന് മാത്രം. വലിയൊരു പ്രതിസന്ധി എപ്പോള്‍ വേണമെങ്കിലുമുണ്ടാകാമെന്ന സൂചനയാണ് അന്നൊക്കെ ലഭിച്ചത്. അതിനെയൊക്കെ അവഗണിച്ചതിന്റെ ഫലമാണ് കഴിഞ്ഞ പന്ത്രണ്ട് ദിനങ്ങള്‍.

Published

|

Last Updated

മാലിന്യ നിര്‍മാര്‍ജനത്തില്‍ കേരളത്തിന്റെ ‘മഹിമ’ ലോകത്തെ അറിയിച്ചതിന്റെ ഉദാഹരണങ്ങള്‍ ഞെളിയന്‍ പറമ്പ്, ലാലൂര്‍, വിളപ്പില്‍ശാല, പെട്ടിപ്പാലം തുടങ്ങി പല പേരുകളായി നമ്മുടെ മുന്നിലുണ്ട്. ജീര്‍ണിക്കുന്നതും അല്ലാത്തതുമായ നഗരാവശിഷ്ടങ്ങള്‍ തള്ളാനുള്ള ഇടങ്ങളായി, ഭരണകൂടങ്ങള്‍ തീരുമാനിച്ച ഇടങ്ങള്‍. മാലിന്യക്കൂനകള്‍ പരിസരത്തെ ജലസ്രോതസ്സുകളെയാകെ ഉപയോഗശൂന്യമാക്കി, ജനങ്ങളുടെ ജീവിതത്തെ ദുര്‍ഗന്ധപൂരിതവും. ജനിച്ചുവളര്‍ന്ന ഭൂമിയില്‍ തുടരാനുള്ള അവകാശത്തിനു വേണ്ടി പ്രദേശവാസികള്‍ സമരത്തിനിറങ്ങിയതും അതിനെ അവഗണിച്ചോ അടിച്ചൊതുക്കിയോ മാലിന്യ നിക്ഷേപം തുടരാന്‍ ഭരണകൂടങ്ങള്‍ നിശ്ചയിച്ചതും ഈ പ്രദേശങ്ങളെയെല്ലാം സംഘര്‍ഷഭരിതമാക്കിയിരുന്നു. ആ പട്ടികയിലേക്ക് അല്‍പ്പം വൈകി സ്ഥാനം പിടിച്ച പേരാണ് കൊച്ചിയിലെ ബ്രഹ്മപുരം. കുന്നുകൂട്ടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീപ്പിടിച്ചതോടെ എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പുക മൂടുകയും അത് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതോടെ രാജ്യത്തും പുറത്തും ശ്രദ്ധാകേന്ദ്രമായി ബ്രഹ്മപുരം. ആദ്യമായല്ല ബ്രഹ്മപുരത്തെ മാലിന്യക്കൂനകള്‍ക്ക് തീപ്പിടിക്കുന്നത്. മുമ്പ് തീപ്പടര്‍ന്ന് പുകയുയര്‍ന്നപ്പോള്‍ ഇത്രയും വലിയ പ്രയാസമുണ്ടായില്ലെന്ന് മാത്രം. തീ കെടുത്താനും പുക ശമിപ്പിക്കാനും ഇത്രയും സമയവുമെടുത്തിരുന്നില്ല.

കൊച്ചി കോര്‍പറേഷനിലെയും സമീപത്തെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും മാലിന്യം നിക്ഷേപിക്കുന്നത് ബ്രഹ്മപുരത്താണ്. അതില്‍ തന്നെയുണ്ടൊരു പൊരുത്തക്കേട്. എറണാകുളം ജില്ലയുടെ വലിയ ഭാഗത്തെ മാലിന്യം ഒട്ടാകെ ബ്രഹ്മപുരത്ത് നിക്ഷേപിക്കാനും അവിടെ സംസ്‌കരിക്കാനും കഴിയില്ല എന്നത് സാമാന്യബുദ്ധിയില്‍ മനസ്സിലാക്കാവുന്നതേയുള്ളു. ബ്രഹ്മപുരത്തൊരു ഒഴിഞ്ഞയിടം കണ്ടെത്തി, സകലതും അവിടെത്തള്ളി കൈകഴുകാമെന്ന് ഭരണകൂടങ്ങളും (ഇപ്പോള്‍ അധികാരത്തിലുള്ളവരും മുമ്പ് അധികാരത്തിലിരുന്നവരും) ആ സൗകര്യത്തെ ഉപയോഗപ്പെടുത്താമെന്ന് രണ്ടാഴ്ചത്തെ പുകക്കാലത്തോടെ ജാഗരൂകരായ പൊതുസമൂഹവും തീരുമാനിച്ചതാണ്. ഞങ്ങളുടെ മാലിന്യം പേറാന്‍ ഒരു ഞെളിയന്‍പറമ്പോ പെട്ടിപ്പാലമോ വേണമെന്ന് മാത്രമേ കോര്‍പറേഷനിലെയും ഇതര തദ്ദേശഭരണ സ്ഥാപനങ്ങളിലെയും അന്തേവാസികളും അവര്‍ തിരഞ്ഞെടുത്ത ഭരണകൂടങ്ങളും ചിന്തിച്ചുള്ളൂ. അങ്ങനെ ചിന്തിക്കുന്നവരുടെ മുന്നിലേക്ക് ബ്രഹ്മപുരത്ത് നിന്ന് തീയാളിയത് ഇത് ആദ്യമായല്ല. മുമ്പ് പല തവണ അവിടെ തീ പടര്‍ന്ന് പുക പരന്നിട്ടുണ്ട്. അന്നൊന്നും ഇത്രത്തോളം വലിയ പ്രതിസന്ധി ഉണ്ടായില്ലെന്ന് മാത്രം. വലിയൊരു പ്രതിസന്ധി എപ്പോള്‍ വേണമെങ്കിലുമുണ്ടാകാമെന്ന സൂചനയാണ് അന്നൊക്കെ ലഭിച്ചത്. അതിനെയൊക്കെ അവഗണിച്ചതിന്റെ ഫലമാണ് കഴിഞ്ഞ പന്ത്രണ്ട് ദിനങ്ങള്‍.

എന്തുകൊണ്ട് തീയും പുകയുമുണ്ടായി, മാലിന്യം കൂടുതല്‍ മാലിന്യം സൃഷ്ടിക്കാതെ കൈകാര്യം ചെയ്യാന്‍ ത്രാണിയും പ്രാവീണ്യവുമുള്ള കമ്പനിയെയാണോ സംസ്‌കരണച്ചുമതല ഏല്‍പ്പിച്ചത്, അങ്ങനെയല്ലെങ്കില്‍ അതില്‍ അഴിമതിയുടെയോ സ്വജനപക്ഷപാതത്തിന്റെയോ അംശമുണ്ടോ, തീയുണ്ടായത് കൃത്യസമയത്ത് അറിഞ്ഞ് അണയ്ക്കുന്നതില്‍ വീഴ്ചയുണ്ടായോ, സംസ്‌കരണച്ചുമതല ഏറ്റെടുത്ത കമ്പനി ഉയര്‍ന്ന താപനിലയുടെ ആനുകൂല്യം മുതലെടുത്ത് കുറച്ചധികം കത്തിച്ചുതീര്‍ക്കാന്‍ തീരുമാനിച്ചതാണോ, മറ്റാരെങ്കിലും മനഃപൂര്‍വം കത്തിച്ചതാണോ എന്ന് തുടങ്ങി വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ ഉത്തരം വേണ്ടതുണ്ട്. അവകളെക്കുറിച്ച് സമഗ്രമായ പരിശോധനയും ഈ പ്രതിസന്ധി ആവര്‍ത്തിക്കാതിരിക്കാന്‍ പാകത്തിലുള്ള നടപടികളും ഉണ്ടാകണം. മുന്‍കൈ എടുക്കേണ്ടത് കോര്‍പറേഷനും സംസ്ഥാനവും ഭരിക്കുന്ന ഇടതു ജനാധിപത്യ മുന്നണിയും മുന്നണിക്ക് നേതൃത്വം നല്‍കുന്ന സി പി എമ്മുമാണ്.

ഞെളിയന്‍ പറമ്പ് മുതല്‍ ബ്രഹ്മപുരം വരെയുള്ളവ എന്തുകൊണ്ടുണ്ടാകുന്നുവെന്ന് ചോദിച്ചാല്‍, നഗരവത്കരണ വേഗത്തിന്റെ തോതിനെക്കുറിച്ച് ധാരണയില്ലാതെ, അവിടെ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യം (ജൈവവും അജൈവവും മനുഷ്യവിസര്‍ജ്യവും) സംസ്‌കരിക്കാനുള്ള സംവിധാനമുണ്ടാകുക എന്നത് നഗരം വികസിക്കുന്നതിനൊപ്പം സംഭവിക്കേണ്ടതാണെന്ന് ഓര്‍ക്കാതെ, കിട്ടാവുന്ന ഏത് സ്ഥലത്തും താമസ, വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിട നിര്‍മാണത്തിന് അനുമതി കൊടുക്കുമ്പോള്‍ അവിടെ ഉത്പാദിപ്പിക്കുന്ന മാലിന്യം സംസ്‌കരിക്കാന്‍ വഴിയുണ്ടാക്കണമെന്ന് വ്യവസ്ഥ വെക്കാതെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണെന്ന് മാത്രമേ ഉത്തരമുള്ളൂ. ആസൂത്രിതമായ നഗര വികസനമോ നഗരം വികസിച്ചത് വൈകി അറിഞ്ഞതിന് ശേഷമുള്ള ആസൂത്രണമോ നമുക്കുണ്ടായിട്ടില്ല. ഇപ്പോഴും നമ്മളതിനെക്കുറിച്ച് ആലോചിക്കുന്നുമില്ല. 2018ലെ വലിയ പ്രളയത്തിന്റെ ആഘാതത്തെത്തുടര്‍ന്ന് ഭൂവിനിയോഗവും നിര്‍മാണങ്ങളും നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകളുണ്ടായിരുന്നു. പ്രളയത്തിന്റെ ദുരിതനാളുകള്‍ ഓര്‍മകളിലേക്ക് മാറിയപ്പോള്‍ ഭൂവിനിയോഗ, നിര്‍മാണ നിയന്ത്രണങ്ങളെക്കുറിച്ചൊക്കെ മറന്ന നമ്മളുടെയും നമ്മുടെ ഭരണകൂടത്തിന്റെയും മുന്നില്‍ ബ്രഹ്മപുരം തത്കാലത്തേക്കുള്ള സംവാദ വിഷയമാകാനേ തരമുള്ളൂ. തീയുള്ളതോ ഇല്ലാത്തതോ ആയ മറ്റൊരു പുക വരും വരെയുള്ള സംവാദോപാധി. നഗരത്തിന്റെ മാലിന്യം പേറാന്‍ അതിരുകളിലെ ചെറു പ്രദേശങ്ങളെ വിധിക്കുന്നതിലെ അനൗചിത്യം ഈ പുകക്കാലത്ത് നമ്മളാരും ചിന്തിച്ചതേയില്ല. നിക്ഷേപിക്കാനുള്ള ഇടം അതുതന്നെ മതി, കത്തിപ്പുകഞ്ഞ് നമ്മുടെ കണ്ണും ശ്വാസകോശവും നീറാതിരുന്നാല്‍ മതി!

അതങ്ങനെ നടക്കുന്നതിനിടെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ 2024ലെ പൊതു തിരഞ്ഞെടുപ്പിന്റെ കേളികൊട്ടിന് വന്ന ആഭ്യന്തര മന്ത്രി അമിത് ഷാ, ദിനം പത്ത് കഴിഞ്ഞിട്ടും ബ്രഹ്മപുരത്തെ തീയണക്കാന്‍ പറ്റാത്ത സംസ്ഥാന സര്‍ക്കാറിന്റെ കഴിവുകേടിനെ വിമര്‍ശിച്ചു. ആഭ്യന്തര മന്ത്രിക്ക് മുന്നേ വിമര്‍ശന ശരങ്ങളുമായി വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ബി ജെ പിയുടെ സംസ്ഥാന നേതാക്കളും വരിവരിയായി വന്നു. കേന്ദ്ര സഹായം തേടിയില്ല, സൈന്യത്തെ വിളിച്ചില്ല എന്ന് തുടങ്ങിയ കുറ്റപ്പെടുത്തലുകളും. ഇപ്പറയുന്നത് കേട്ടാല്‍ തോന്നുക, മാലിന്യക്കൂനക്ക് തീപ്പിടിച്ച്, പുക പടര്‍ന്ന് ജനം പ്രയാസത്തിലാകുന്നത് രാജ്യത്ത് ആദ്യത്തെ സംഭവമാണെന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സ്ഥിരവാസമുള്ള ഡല്‍ഹിയുടെ ചുറ്റുവട്ടത്ത് മാലിന്യക്കൂനകള്‍ നാലോ അഞ്ചോ ഉണ്ട്. ഘാസിപ്പൂരിലെ മാലിന്യക്കൂനക്ക് താജ്മഹലിനോളമുണ്ട് ഉയരം. അവിടങ്ങളിലൊക്കെ പലകാലത്തായി പലകുറി തീപ്പിടിച്ചിട്ടുമുണ്ട്. അവിടെ മാത്രമല്ല, നഗര മാലിന്യങ്ങള്‍ തള്ളുന്നതിന് ‘സൗകര്യപ്രദ’മായ ഇടം കണ്ടെത്തി നിക്ഷേപം തുടങ്ങിയ ഏതാണ്ടെല്ലാ ഇടങ്ങളിലും ഇത്തരം തീപ്പിടിത്തങ്ങള്‍ പതിവ്.

വടക്കന്‍ ഡല്‍ഹിയിലെ ഭല്‍സ്വയിലെ മാലിന്യക്കൂമ്പാരത്തിന് ഏതാണ്ടൊരു കൊല്ലം മുമ്പ് (2022 ഏപ്രിലില്‍) തീപ്പിടിച്ച്, പുക പടര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു, ദേശത്തും വിദേശത്തും. നാല് ദിവസം നിന്ന് കത്തിയ ശേഷമാണ് തീയണക്കാനായത്. ഒരു മാസത്തിനിടെ നാല് തവണ ഇത് ആവര്‍ത്തിക്കുകയും ചെയ്തു. ശക്തനായ പ്രധാനമന്ത്രിയും അത്രത്തോളം കരുത്തനായ ആഭ്യന്തര മന്ത്രിയും രാജ്യ തലസ്ഥാനത്തുണ്ടായിട്ടും തീയും പുകയും നാല് ആവര്‍ത്തിച്ചു! ബ്രഹ്മപുരം മാതൃകയിലാണെങ്കില്‍ മാലിന്യക്കൂമ്പാരത്തിലെ തീയണക്കാന്‍ പോലും കഴിയാത്ത പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമെന്ന് പറയേണ്ടിവരും. മാലിന്യക്കൂമ്പാരത്തിലെ തീ മാത്രമല്ല, ഹരിയാനയിലെയും പഞ്ചാബിലെയും ഉത്തര്‍ പ്രദേശിലെയും പാടശേഖരങ്ങളില്‍ കൊയ്ത്ത് കഴിഞ്ഞുണ്ടാകുന്ന വൈക്കോല്‍ കത്തിക്കുമ്പോഴുണ്ടാകുന്ന പുക മൂടുന്നത്, വര്‍ഗീയതയുടെ പുകകൊണ്ട് ആകെ മൂടിക്കിടക്കുന്ന, നമ്മുടെ രാജ്യ തലസ്ഥാനത്തെയാണ്. എല്ലാ കൊല്ലവും ഇത് ആവര്‍ത്തിക്കുമ്പോള്‍ ഇനിയിതാവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്ന് ആവര്‍ത്തിക്കാറുണ്ട് മേല്‍പ്പറഞ്ഞ നേതാക്കളൊക്കെ. എന്നിട്ടോ? അപ്പോഴൊക്കെ കേന്ദ്ര സഹായം തേടുകയോ സൈന്യത്തെ വിളിക്കുകയോ ഒക്കെ ഉണ്ടായിട്ടുണ്ടോ ആവോ?

ആസൂത്രിത നഗര വികസനം അന്യമായ, മാലിന്യ സംസ്‌കരണത്തിന് സംവിധാനമില്ലാത്ത രാജ്യത്തെ പലയിടത്തും സംഭവിച്ചതിന്റെ കുറേക്കൂടി ഗൗരവമുള്ള പകര്‍പ്പാണ് ബ്രഹ്മപുരത്തുണ്ടായത്. അതങ്ങനെ മനസ്സിലാക്കുന്നതിന് പകരം രാഷ്ട്രീയ ആയുധമാക്കാന്‍ ശ്രമിക്കുകയാണ് അമിത് ഷായും ബി ജെ പിയും. ആ അവസരം അവര്‍ക്ക് നല്‍കാതെ നോക്കേണ്ട ഉത്തരവാദിത്വമുണ്ട് സംസ്ഥാനം ഭരിക്കുന്ന ഇടത് മുന്നണിക്കും ആ ഭരണത്തിന്റെ നല്ലനടത്തിപ്പ് ഉറപ്പിക്കാന്‍ പാകത്തില്‍ പ്രവര്‍ത്തിച്ച് അധികാരത്തിലേക്ക് തിരിച്ചെത്താനുള്ള വഴി സുഗമമാക്കാന്‍ യത്‌നിക്കേണ്ട ഐക്യമുന്നണിക്കും. അതുകൊണ്ട് ഞെളിയന്‍ പറമ്പ് മുതല്‍ ബ്രഹ്മപുരം വരെയുള്ളവയെ സൃഷ്ടിക്കുന്ന പതിവ് അവസാനിപ്പിക്കാന്‍ പാകത്തിലുള്ള ആലോചനകളാണ് വേണ്ടത്.

മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനെക്കുറിച്ച്, അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കാന്‍ സംവിധാനമുണ്ടാക്കുന്നതിനെക്കുറിച്ചൊക്കെ നമ്മള്‍ സംസാരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. രണ്ടര ദശാബ്ദം മുമ്പ് തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ ആരംഭിച്ചത് ജൈവ മാലിന്യങ്ങള്‍ സംസ്‌കരിച്ച് വളമാക്കി വിപണനം ചെയ്യുന്നതിനുള്ള സംവിധാനമായിരുന്നു. അതിന്റെ പരാജയത്തില്‍ നിന്നാണ് ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാനുള്ള പദ്ധതി തുടങ്ങുന്നത്. മാലിന്യങ്ങള്‍ സംസ്‌കരിച്ച് ഊര്‍ജമാക്കി മാറ്റാനുള്ള വലിയ പദ്ധതിയെക്കുറിച്ചും അടുത്ത കാലത്ത് വലിയ പ്രഖ്യാപനമുണ്ടായി. അത്തരമൊരു പദ്ധതി വന്നാല്‍ അതിന്റെ പ്രവര്‍ത്തനത്തിന് വേണ്ടത്ര മാലിന്യം നല്‍കാനുള്ള ശേഷി കേരളത്തിനുണ്ടോ എന്നുവരെ ഉറക്കെച്ചിന്തിച്ചവരുണ്ട്! ബ്രഹ്മപുരത്തെ പുകക്ക് ശേഷം ഉറവിടത്തിലെ സംസ്‌കരണവും അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കലും വീണ്ടും സജീവ നിര്‍ദേശമാകുകയാണ്. അതിന് കൊച്ചിയില്‍ പ്രത്യേക കര്‍മപദ്ധതിയുമുണ്ടാക്കിയിരിക്കുന്നു. കുടുംബശ്രീക്ക് കീഴിലുള്ള ഹരിത കര്‍മ സേന സംസ്ഥാനത്തെമ്പാടും അജൈവ മാലിന്യത്തിന്റെ ശേഖരണത്തിന് സംവിധാനമുണ്ടാക്കിയിട്ടുമുണ്ട്. ഇതൊക്കെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ബ്രഹ്മപുരങ്ങളായി കുന്നുകൂടാതെയും കത്തിപ്പുകയാതെയും സംസ്‌കരിക്കപ്പെടുകയും ചെയ്യുക എന്നതാണ് ആവശ്യം. അതില്‍ പ്രാദേശിക – സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഒരു പക്ഷേ, അതിലും വലിയ പങ്കുണ്ട് മാലിന്യങ്ങളുടെ ഉത്പാദകരായ നമ്മള്‍ പൗരന്‍മാര്‍ക്ക്.

 

Latest