First Gear
കിയ കാരന്‍സ് ഡീസല്‍ പതിപ്പിന് ആവശ്യക്കാര്‍ ഏറെയെന്ന് ബ്രാന്‍ഡ്
ബുക്കിംഗുകളില്‍ 50 ശതമാനത്തില്‍ അധികം ഡീസല്‍ കാരന്‍സിനാണെന്ന് ബ്രാന്‍ഡ് സ്ഥിരീകരിച്ചു.
ന്യൂഡല്‍ഹി| വാഹന നിര്‍മ്മാതാക്കളായ കിയ അടുത്തിടെയാണ് 8.99 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയില്‍ ആരംഭിക്കുന്ന പുതിയ കാരന്‍സ് എംപിവി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഈ മോഡലിനായി 19,000 ബുക്കിംഗുകള്‍ ലഭിച്ചതായും കാര്‍ നിര്‍മ്മാതാവ് വെളിപ്പെടുത്തി. ഈ ബുക്കിംഗുകളില്‍ 50 ശതമാനത്തില്‍ അധികം ഡീസല്‍ കാരന്‍സിനാണ് ലഭിച്ചിട്ടുള്ളത്. കാരന്‍സ് ഡീസല്‍, ഓട്ടോമാറ്റിക്ക് പതിപ്പിന് ഡിമാന്‍ഡ് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എഞ്ചിന്‍-ഗിയര്‍ബോക്സ് കോമ്പിനേഷനും വേരിയന്റും അനുസരിച്ച് കാരന്‍സിനുള്ള കാത്തിരിപ്പ് കാലയളവ് ഇതിനകം 14 ആഴ്ചയാണ് എന്നാണ് ഡീലര്‍മാര്‍ പറയുന്നത്. കിയ മോട്ടോഴ്സിന്റെ പുതിയ ഡിസൈന്‍ ഫിലോസഫിയായ ഓപ്പോസിറ്റ്സ് യുണൈറ്റഡ് അടിസ്ഥാനമാക്കി ബോള്‍ഡ് ഫോര്‍ നേച്ചര്‍ തീമില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് കാരന്‍സ്. കാരന്‍സിന് ഏഴ് സീറ്റുകളുള്ള ലേഔട്ട് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെ അഞ്ച് ട്രിം ലെവലുകളില്‍ കാരന്‍സ് ലഭ്യമാണ്.
പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലായാണ് വാഹനം വിപണിയിലെത്തുക. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനൊപ്പം 1.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലും വാഹനം ലഭിക്കും. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഐഎംടി 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഓപ്ഷനുകളാണ് പെട്രോള്‍ എഞ്ചിനില്‍ നല്‍കിയിട്ടുള്ളത്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ട്രാന്‍സ്മിഷനുകളിലും വാഹനം ലഭ്യമാകും. ടര്‍ബോ-പെട്രോള്‍, ഡീസല്‍ മില്ലുകള്‍ എല്ലാ വേരിയന്റുകളിലും ലഭ്യമാണ്. 1.5 പെട്രോള്‍ പ്രീമിയം, പ്രസ്റ്റീജ് ട്രിമ്മുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഡീസല്‍ ഓട്ടോമാറ്റിക് പൂര്‍ണ്ണമായും ലോഡുചെയ്ത ലക്ഷ്വറി പ്ലസില്‍ മാത്രമേ ലഭ്യമാകൂ. അതേസമയം ടര്‍ബോ പെട്രോള്‍-ഡിസിടി മിഡ്-സ്‌പെക്ക് പ്രസ്റ്റീജ് പ്ലസിലും ടോപ്പ്-സ്‌പെക് വേരിയന്റിലും ലഭിക്കും. പെട്രോള്‍ കാരന്‍സ് ലിറ്ററിന് 16.5 കിലോ മീറ്റര്‍ വരെ മൈലേജ് നല്‍കുമെന്ന് കിയ അവകാശപ്പെടുന്നു. അതേസമയം ഡീസല്‍ 21.5 കിലോ മീറ്റര്‍ മൈലജ് നല്‍കുമെന്നാണ് കമ്പനി പറയുന്നത്.