niyamasabha budget session
നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം
നയപ്രഖ്യാപനം രാവിലെ ഒമ്പതിന്; ഗവര്‍ണറുടെ നിലപാടുകളില്‍ പ്രതിപക്ഷം പ്രതിഷേധിക്കും
തിരുവനന്തപുരം | പതിനഞ്ചാം കേരളാ നിയമസഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കം. രണ്ടുഘട്ടങ്ങളിലായി മാര്‍ച്ച് 23 വരെയാണ് സഭ സമ്മേളിക്കുക. സംസ്ഥാന ബജറ്റ് പ്രധാന അജന്‍ഡയാകുന്ന സമ്മേളനം രാവിലെ ഒമ്പതിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് ആരംഭിക്കുക.
സര്‍ക്കാറിന്റെ നയപ്രഖ്യാനത്തില്‍ ആദ്യം ഒപ്പിടാതെ അനിശ്ചിതത്വം തീര്‍ത്ത ഗവര്‍ണര്‍ ചില വിലപേശലുകള്‍ക്കൊടുവിലായിരുന്നു ഒപ്പുവെച്ചത്. ഇതിലുള്ള അമര്‍ശം സഭയില്‍ പുകയുമെന്ന് ഉറപ്പാണ്. പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌ക്കരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ നടക്കുന്നത് കൊടുക്കല്‍ വാങ്ങലാണെന്ന ആരോപണം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. രാവിലെ ചേരുന്ന യു ഡി എഫ് പാര്‍ലിമെന്ററി പാര്‍ട്ടിയോഗം നയപ്രഖ്യാപനത്തില്‍ എടുക്കേണ്ട നിലപാട് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും. ഹിജാബ് വിഷയത്തിലെ നിലപാടിനെതിരെ സഭക്കകത്ത് ഗവര്‍ണക്കര്‍ക്കെതിരെ പ്രതിപക്ഷം പ്രതിഷേധം തീര്‍ക്കുമെന്നും സൂചനയുണ്ട്.
ലോകായുക്താ ഓര്‍ഡിനന്‍സും കെ എസ് ഇ ബി വിവാദവും, എം ശിവശങ്കറിന്റെ ആത്മകഥയും അതിനോടുളള സ്വപ്നാസുരേഷിന്റെ മറുപടിയും ഉള്‍പ്പെടെ സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാന്‍ പ്രതിപക്ഷത്തിന്‍ന്റെ ആവനാഴിയില്‍ അമ്പുകളേറെയാണ്. പ്രതിപക്ഷ ആക്രമണങ്ങളുടെ മുനയൊടിക്കാന്‍ സര്‍വായുധ സന്നദ്ധരാണ് ഭരണപക്ഷവും.
ലോകായുക്ത ഓര്‍ഡിനന്‍സിനെ അതിശക്തമായി എതിര്‍ക്കുന്ന സി പി ഐ സഭയില്‍ എന്തുനിലപാട് സ്വീകരിക്കുമെന്നതും ഈ സമ്മേളന കാലയളവിലെ ശ്രദ്ധേയ ഘടകമാണ്.