Kerala Legislative Assembly
ബജറ്റ് സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ ഇന്ന് തുടക്കം
ഗവർണറുടെ ഇന്നത്തെ നയപ്രഖ്യാപന പ്രസംഗം ശ്രദ്ധേയമാകും.
തിരുവനന്തപുരം | പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പുതിയ സാമ്പത്തിക വർഷത്തെ ബജറ്റ് സെഷന് തുടക്കമാകുക. ഏറെനാൾ നീണ്ടുനിന്ന സർക്കാർ- ഗവർണർ പോരിന് താത്കാലിക ശമനമായെങ്കിലും സർവകലാശാല, ലോകായുക്ത ബില്ലുകൾ ഒപ്പിടാതെയുള്ള ഗവർണറുടെ നിലപാട് തുടരുന്നതിനാൽ ഇന്നത്തെ നയപ്രഖ്യാപന പ്രസംഗം ശ്രദ്ധേയമാകും.
ഗവർണറുടെ നടപടികളിൽ കടുത്ത എതിർപ്പുള്ള പ്രതിപക്ഷം കഴിഞ്ഞ തവണത്തെ പോലെ നയപ്രഖ്യാപനത്തിനിടെ ഗവർണറോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാനാണ് സാധ്യത. ഇന്ന് രാവിലെ ചേരുന്ന യു ഡി എഫ് നിയമസഭാകക്ഷി യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. 2023- 24 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കപ്പെടുന്ന ഈ സമ്മേളനം ഈ സഭാ കലണ്ടറിലെ ഏറ്റവും ദൈർഘ്യമേറിയതും ഈ വർഷത്തെ ആദ്യത്തേതുമാണ്. ബജറ്റുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾക്കായാണ് ഇത്തവണ സഭ ചേരുന്നതെങ്കിലും നിയമനിർമാണം വേണ്ടിവന്നാൽ കാര്യോപദേശക സമിതി ചേർന്ന് അജൻഡയിൽ ഉൾപ്പെടുത്തും.
ഇന്ന് മുതൽ മാർച്ച് 30 വരെയുള്ള കാലയളവിൽ ആകെ 33 ദിവസം സഭ ചേരുമെന്ന് സ്പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ മാസം 25, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിൻമേൽ ചർച്ച നടക്കും. ഫെബ്രുവരി മൂന്നാം തീയതി ധനമന്ത്രി കെ എൻ ബാലഗോപാൽ തന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കും. പൂർണമായും ബജറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളാണ് ഈ സമ്മേളനത്തിൽ നടക്കുകയെങ്കിലും സഭയെ പ്രക്ഷുബ്ധമാക്കുന്നതിനുള്ള നിരവധി വിഷയങ്ങൾ പ്രതിപക്ഷത്തിന്റെ ആയുധപ്പുരയിൽ ഒരുങ്ങുന്നുണ്ട്.
ഗവർണറുമായുള്ള പോരിന് താത്കാലിക ശമനം ഉണ്ടായ ആശ്വാസത്തിലാണ് ഭരണപക്ഷം സഭയിൽ എത്തുന്നതെങ്കിലും ആരോപണങ്ങൾക്ക് മറുപടി പറയുന്നതിന് ചെറുതല്ലാത്ത അധ്വാനം വേണ്ടിവരും. ബഫർസോൺ, പോലീസിന്റെ ഗുണ്ടാമാഫിയ ബന്ധങ്ങൾ, ലഹരി മാഫിയയും സി പി എം നേതാക്കളും തമ്മിൽ ആരോപിക്കപ്പെടുന്ന ബന്ധം, സ്വകാര്യ വാഴ്‌സിറ്റികളോടുള്ള എൽ ഡി എഫിന്റെ സമീപനം, സാമ്പത്തിക പ്രതിസന്ധി, കെ വി തോമസിന്റെ നിയമനം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ആയുധമാക്കും. അതേസമയം, കെ പി സി സി ആസ്ഥാനവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ, ശശി തരൂരുമായി ബന്ധപ്പെട്ട വിവാദങ്ങളും എം പിമാരുടെ നിയമസഭാ മോഹവുമടക്കം ഭരണപക്ഷവും മുതലാക്കും.