Kerala
നാടിന് മുതല്‍ക്കൂട്ടാകുന്ന പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
സംസ്ഥാനത്തിന്റെ തനത് വരുമാനത്തില്‍ മികച്ച നിലയില്‍ വര്‍ദ്ധനവുണ്ടാക്കിയിട്ടും കേന്ദ്രവിഹിതത്തില്‍ വരുത്തിയ വെട്ടിക്കുറവ് മൂലം നമുക്ക് സാമ്പത്തിക ഞെരുക്കം അനുഭവിക്കേണ്ടിവന്നു.
തിരുവനന്തപുരം | സവിശേഷമായ ഒരു ഘട്ടത്തിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതെന്നും ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണന ഇക്കാലയളവില്‍ കേരളം നേരിട്ടുവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സാമ്പത്തിക ഞെരുക്കത്തിന്റെ തീക്ഷ്ണായ ഘട്ടത്തെ നമ്മള്‍ അതിജീവിക്കുകയാണ് . നാടിന്റെ ഭാവിക്കു മുതല്‍ക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ഇന്ന് താന്‍ അവതരിപ്പിക്കുന്ന ബജറ്റിലുണ്ടാകുമെന്നും കെ എന്‍ ബാലഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു
ധനമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ധനകാര്യ മന്ത്രി എന്ന നിലയിലുള്ള അഞ്ചാമത്തെ സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. സവിശേഷമായ ഒരു ഘട്ടത്തിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണന കേരളം ഇക്കാലത്ത് നേരിട്ടു. സംസ്ഥാനത്തിന്റെ തനത് വരുമാനത്തില്‍ മികച്ച നിലയില്‍ വര്‍ദ്ധനവുണ്ടാക്കിയിട്ടും കേന്ദ്രവിഹിതത്തില്‍ വരുത്തിയ വെട്ടിക്കുറവ് മൂലം നമുക്ക് സാമ്പത്തിക ഞെരുക്കം അനുഭവിക്കേണ്ടിവന്നു.
സാമ്പത്തിക ഞെരുക്കം വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു. നിര്‍ണായകമായ പല വികസന പദ്ധതികള്‍ക്കും ഇക്കാലയളവില്‍ തുടക്കം കുറിച്ചു. മുന്‍ സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ ഒരു മുടക്കവും കൂടാതെ മുന്നോട്ടു കൊണ്ടുപോയി. സാമൂഹ്യ ക്ഷേമരംഗത്തും മെച്ചപ്പെട്ട നിലയില്‍ പണം ചെലവഴിച്ചു.
ഇപ്പോള്‍ സാമ്പത്തിക ഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ നാം അതിജീവിച്ചു തുടങ്ങുകയാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ കഴിയുന്നു എന്ന സന്തോഷ വര്‍ത്തമാനമാണ് ബജറ്റിന് മുന്നോടിയായി പങ്കുവെക്കാനുള്ളത്.
നമ്മുടെ നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടാകും.
എല്ലാവര്‍ക്കും ശുഭദിനം