Kerala
കോടതിയില്‍ കേസുള്ള കെട്ടിടം അടിച്ചു തകര്‍ത്തു: പരിശോധിക്കാനെത്തിയ അഭിഭാഷകനെ എതിര്‍കക്ഷി കുത്തിപ്പരുക്കേല്‍പ്പിച്ചു
കത്തി കൊണ്ടുള്ള കുത്ത് തടയാന്‍ ശ്രമിക്കുന്നതിനിടെ അഭിഭാഷകന്റെ കൈയ്ക്ക് ഗുരുതര പരുക്കേറ്റു.
തിരുവല്ല | കോടതിയില്‍ കേസ് നിലനില്‍ക്കുന്ന കെട്ടിടം അടിച്ചു തകര്‍ത്തത് പരിശോധിക്കാനെത്തിയ വാദിഭാഗം അഭിഭാഷകന് നേരെ എതിര്‍കക്ഷിയുടെ ആക്രമണം. കത്തി കൊണ്ടുള്ള കുത്ത് തടയാന്‍ ശ്രമിക്കുന്നതിനിടെ അഭിഭാഷകന്റെ കൈയ്ക്ക് ഗുരുതര പരുക്കേറ്റു. കോട്ടയം ബാറിലെ അഭിഭാഷകന്‍ അലക്‌സ് തോമസിനാണ് പരുക്കേറ്റത്. ഇടതുകൈയുടെ ചൂണ്ടുവിരലിനും നടുവിരലിനും പരുക്കേറ്റ അലക്‌സിനെ പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കി.
ഇന്നലെ വൈകിട്ട് മൂന്നിനായിരുന്നു സംഭവം. സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കോടിയാട്ട് ബില്‍ഡിങ്‌സ് വാടകയ്‌ക്കെടുത്ത് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിയിരുന്ന മനോജ് എസ് പിള്ളയാണ് അഭിഭാഷകനെ ആക്രമിച്ചത്. കഴിഞ്ഞ 25 വര്‍ഷമായി ഇയാള്‍ ഇവിടെ വാടകയ്ക്ക് പ്രവര്‍ത്തിക്കുകയാണ്. കെട്ടിടം ഒഴിഞ്ഞു കൊടുക്കാത്തത് സംബന്ധിച്ച് ഉടമകളായ സഹോദരിമാര്‍ കോടതിയില്‍ കേസ് നല്‍കിയിരുന്നു. ഇതില്‍ ഒരു കേസില്‍ ഉടമയ്ക്ക് അനുകൂലമായ വിധി ലഭിച്ചു. രണ്ടാമത്തെ ഉടമയായ കോടിയാട്ട് അനു തോമസിന് വേണ്ടി കോടതിയില്‍ ഹാജരായതിനു ശേഷമാണ് അഡ്വ. അലക്‌സ് കേസിലുള്ള കെട്ടിടത്തിലേക്ക് ചെന്നത്.
കോടതിയില്‍ കേസ് നടക്കുമ്പോള്‍ തന്നെ കെട്ടിടം മനോജ് അടിച്ചു പൊളിച്ചു. അഡ്വ. അലക്‌സ് ഇത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് വാദം കേള്‍ക്കുന്നത് കോടതി ഒമ്പതാം തീയതിയിലേക്ക് മാറ്റി വച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇന്നലെ വീണ്ടും ഇയാള്‍ കെട്ടിടം തകര്‍ക്കുന്നുവെന്നും വന്ന് പരിശോധിക്കണമെന്നും പറഞ്ഞ് കെട്ടിടം ഉടമ അനുതോമസ് അഡ്വ. അലക്്‌സിനെ വിളിച്ചു വരുത്തിയത്. ഇവര്‍ കെട്ടിടത്തിനകത്ത് പരിശോധിക്കുന്നതിനിടെ രണ്ടു കത്തിയുമായി മനോജ് പാഞ്ഞടുക്കുകയായിരുന്നു. അനൂപിനെ ആദ്യം ആക്രമിച്ചതിനു ശേഷമാണ് അഭിഭാഷകന് നേരെ കത്തി വിശീയത്. ഇത് തടയുമ്പോഴാണ് കൈക്ക് പരുക്കേറ്റത്. വിവരം അറിഞ്ഞിട്ടും പോലീസ് കേസെടുക്കാന്‍ വൈകിയതായി ആരോപണമുണ്ട്.
സ്ത്രീയായ തന്നെ ശാരീരികമായി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് കാട്ടി അനു തോമസ് നേരിട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. കെട്ടിടം അടിച്ചു പൊളിക്കുന്നതിനെതിരെ കഴിഞ്ഞ മാസം 28ന് അനു നല്‍കിയ പരാതിയില്‍ എഫ് ഐ ആര്‍ ഇടാനും പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.
ഇന്നലെ രാത്രി ഏറെ വൈകിയാണ് കുത്തേറ്റ് അഭിഭാഷകന്റെ മൊഴിയെടുക്കാന്‍ പോലീസ് എത്തിയതെന്ന് ആരോപണമുണ്ട്. കോട്ടയത്ത് ജോസഫ് ആന്‍ഡ് പൗലോസ് ലോയേഴ്‌സ് ഓഫീസിലെ അഭിഭാഷകനാണ് അലക്‌സ് തോമസ്.