Prathivaram
ആ തെങ്ങുകളിലെ വെടിയുണ്ടപ്പാടുകൾ
മറ്റത്തൂരിന്റെ നാട്ടുവഴി ചരിത്രങ്ങളിൽ ഒരു മതപണ്ഡിതന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് പറയുന്നുണ്ട്. വൃദ്ധനായിരുന്നു അയാൾ. പട്ടാളക്കാരൻ തന്റെ നേർക്ക് വന്നപ്പോൾ ആ വൃദ്ധൻ തന്റെ ഊന്നുവടികൊണ്ട് പട്ടാളക്കാരനെ തള്ളിമാറ്റി. ആ ദേഷ്യത്തിനാണ് വൃദ്ധനായ മതപണ്ഡിതനെ ബയണറ്റുകൊണ്ട് കുത്തിയും പിന്നെ വെടിവെച്ചും കൊന്നുകളഞ്ഞത്. അദ്ദേഹത്തെ ഖബറടക്കിയത് മറ്റത്തൂരിലെ പുരാതനമായ ഖബർസ്ഥാനിലാണ്. പുരാതനമായ പള്ളിയും പള്ളിപ്പറമ്പും അതിന്റെ പഴമയിൽ നിലനിൽക്കുന്നു.

മറ്റത്തൂരിന്റെ പ്രാന്തപ്രദേശത്തെ അങ്ങാടികളിലൂടെ നടക്കുമ്പോൾ കാലം കുഴഞ്ഞുമറിഞ്ഞ പ്രതീതിയുണ്ടാകും. ഒരു നൂറ്റാണ്ടെങ്കിലും പഴക്കം തോന്നിക്കുന്ന അങ്ങാടികളുണ്ടിവിടെ. കോട്ടക്കൽ മലപ്പുറം പാതയിൽ ഒതുക്കുങ്ങലിൽ നിന്ന് തിരിഞ്ഞ് അൽപ്പദൂരം ചെന്നാൽ മറ്റത്തൂരായി. കടലുണ്ടിപ്പുഴയുടെ തീരത്തെ കാർഷികഗ്രാമമാണത്. കയ്പകടവായിരുന്നു പഴയകാലത്തെ മറ്റത്തൂരിന്റെ സിരാകേന്ദ്രം. അവിടെയെത്തുമ്പോൾ പുഴ വളഞ്ഞൊഴുകും. പാലവും റോഡുകളുമൊക്കെ വികസിച്ച കാലം വരെയും പ്രധാന തോണിക്കടവ് ഇവിടെയായിരുന്നു. സർക്കാർ ഓഫീസുകളും ഇവിടെയായിരുന്നു. ഓരോ മഴക്കാലത്തും വെള്ളപ്പൊക്കമുണ്ടായിരുന്ന ഗ്രാമമാണ് മറ്റത്തൂർ. പുഴ നിറയുമ്പോൾ വയലുകളിലും പറമ്പുകളിലും എക്കൽ മണ്ണ് വന്നടിയും. അതിനാൽ തന്നെ വളക്കൂറുള്ള മണ്ണായിരുന്നു മറ്റത്തൂരിലേത്. കൃഷികൊണ്ട് സമ്പന്നവും. ധാരാളം ഭൂപ്രഭുക്കന്മാർ ഉണ്ടായിരുന്നു ഇവിടെ. പിന്നെയുള്ളത് സാധാരണക്കാരും. മുസ്്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു എക്കാലത്തും ഇവിടം. പ്രഭുക്കന്മാർ ഭൂരിഭാഗവും ബ്രിട്ടീഷ് അനുകൂലികളായ രാജകക്ഷിക്കാരായിരുന്നു.

മുനമ്പത്ത് കാരി പള്ളി
പുറംലോകത്തുനിന്ന് മിക്കവാറും ഒറ്റപ്പെട്ട പ്രദേശമായിരുന്നു മറ്റത്തൂർ. ഒളിച്ചിരിക്കാൻ പറ്റിയ ഇടമായിരുന്നതിനാൽ ചിലർ മറ്റത്തൂരിൽ അവരുടെ കേന്ദ്രമാക്കുകയും ചെയ്തിരുന്നു. ഒരു പക്ഷേ, സവിശേഷമായ ഭൂപ്രകൃതി മനസ്സിലാക്കിയതു കാരണമാകണം ഇല്ലിക്കോട്ടിൽ അലവിയെന്ന ഒരു പോരാളി മറ്റത്തൂരിൽ അഭയം തേടിയത്. ഒളിപ്പോരാളിയായിരുന്നു അലവി. ഒറ്റിക്കൊടുക്കപ്പെട്ടതുകൊണ്ടാണ് അലവി പിടിക്കപ്പെട്ടത്. 1922 ലെ ഇടവപ്പാതിക്കാലത്താണ് ഈ സംഭവം എന്ന് പറയപ്പെടുന്നു. അലവിയെ തടങ്കലിൽ പാർപ്പിച്ചത് മലപ്പുറം ബാരക്കിലാണ്. പക്ഷേ, ഒളിപ്പോരിൽ അതിവിദഗ്ധനായ അലവി തടവുചാടി. തോക്കും തിരകളുമായി പേമാരിക്കാലത്തെ കടലുണ്ടിപ്പുഴയിലൂടെ ചങ്ങാടം കെട്ടി അയാൾ പടിഞ്ഞാട്ട് സഞ്ചരിച്ചു; കയ്പകടവിലൂടെ നീന്തിക്കയറി.

കാരി കുടുംബ വീട്
അക്കാലത്തെ ഒരു പ്രഭുകുടുംബത്തിന്റെ പറമ്പിലാണ് അലവി അഭയം തേടിയത്. അന്നത്തെ മാളികപ്പുരയായിരുന്നു അത്. വിശാലമായ തൊഴുത്തുണ്ടായിരുന്നു. അവിടുത്തെ തേങ്ങാക്കൂട്ടിൽ ഒളിച്ചിരിക്കാമെന്നാണ് അലവി കരുതിയത്. അലവി മറ്റത്തൂരിലേക്കാണ് പോയതെന്ന് ആരോ വിവരം കൊടുത്തതനുസരിച്ചാണ് ഡോർസെറ്റ് റെജിമെന്റിലെ പട്ടാളക്കാർ മറ്റത്തൂരിലെത്തിയത്. പട്ടാളക്കാർക്ക് വിശ്രമിക്കാൻ ഇടം കിട്ടിയത് തൊട്ടിങ്ങൽതൊടി മാളികവീട്ടിലാണ്. മാളികവരാന്തയിലാണ് പട്ടാളക്കാർ അന്തിയുറങ്ങിയത്.
പട്ടാളക്കാരെ വിരട്ടാനുള്ള തന്ത്രം മെനഞ്ഞു ഇല്ലിക്കോട്ടിൽ അലവി. തൊഴുത്തിനോട് ചേർന്നുള്ള ചാണകക്കുഴി വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. അതിൽ ഇറങ്ങി നിന്ന് പട്ടാളത്തിനു നേരെ വെടിവെച്ചു അലവി. ഉറവിടമറിയാതെ പട്ടാളം പരിഭ്രാന്തരായി. അവർ വീടിനു പുറത്തേക്ക് തുരുതുരാ വെടിവെച്ചു. വെടിയുണ്ടകൾ തെങ്ങുകളിൽ ചെന്നു തറച്ചു. അവിടെനിന്ന് അയാൾ രക്ഷപ്പെട്ട് ചെന്നത് കൊങ്ങൻവെള്ളത്തിൽ പാതി മുങ്ങിയ വീട്ടിലേക്കാണ്. ചങ്ങാടം കെട്ടി പട്ടാളക്കാർ അവിടേക്കു വന്നെങ്കിലും അലവി നിരന്തരമായി വെടിയുതിർത്തപ്പോൾ അവർ മടങ്ങിപ്പോയി. ആ പോരാളി പിന്നീട് പോലീസിന്റെ പിടിയിലാകുന്നുണ്ട്.
തൊട്ടിങ്ങൽതൊടി വീട് തേടി ചെന്നിരുന്നു ഞങ്ങൾ. ആ പഴയ വീട് ഇപ്പോഴില്ല. സമീപകാലത്താണ് അത് പൊളിച്ചത്. പക്ഷേ, ആ പറമ്പിലെ ചില തെങ്ങുകൾ ആ ചരിത്രസംഭവത്തിന് സാക്ഷിയായി ബാക്കിയുണ്ട്. അവയിൽ വെടിയുണ്ട തറച്ച പാടുകളുണ്ട്. ആ തെങ്ങുകളൊക്കെ ഒരുപാട് വളർന്നിരിക്കുന്നു.

മറ്റത്തൂരിലെ കടവ്
1921ൽ പട്ടാളം മറ്റത്തൂർ വന്നുവെന്നും വൻ തോതിൽ അക്രമങ്ങൾ അഴിച്ചുവിട്ടുവെന്നും ചരിത്രം പറയുന്നു. വീടുകൾ അഗ്നിക്കിരിയാക്കപ്പെട്ടതിന് സാക്ഷ്യങ്ങളുണ്ടവിടെ. തട്ടാരത്തൊടി തറവാടിന് അങ്ങനെയൊരു കഥ പറയാനുണ്ട്. ആ വീട്ടിലെ തലമുതിർന്നവർ തീയിൽ കരിഞ്ഞ ഒരു കോണിയെക്കുറിച്ച് ഓർക്കുന്നുണ്ട്. പഴയ തലമുറയിൽപ്പെട്ട പലരും അത് കണ്ടിട്ടുമുണ്ട്.
മറ്റത്തൂർ ദേശത്തിന്റെ വിസ്മയം മുനമ്പത്ത് കാരി പള്ളിയാണ്. നൂറ്റാണ്ടുകൾ പഴക്കമുണ്ട് പള്ളിക്ക്. ഓട് മേഞ്ഞത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്. ബാസൽമിഷൻകാർ നിർമിച്ച ഓടാണത്. അക്കാലം വരെയും ഓലയോ പുല്ലോ മേഞ്ഞ പള്ളിയായിരുന്നിരിക്കണം. നിസ്‌കാരവും പ്രാർഥനയും നടക്കുന്നത് മുകൾത്തട്ടിലാണ്. ഇപ്പോഴും സജീവമാണ്. 1843ൽ ചേറൂർ പടിയിൽ രക്തസാക്ഷിയായ കുന്നാഞ്ചേരി അലിഹസ്സൻ മറ്റത്തൂർകാരനായിരുന്നു. കാരി പള്ളിയിൽ സുബ്ഹി നിസ്‌കരിച്ച ശേഷമാണ് അലിഹസ്സൻ പടയ്ക്കു പോകുന്നത്. അദ്ദേഹത്തിന്റെ പിൻതലമുറക്കാർ ഇവിടെയുണ്ട്. റമസാൻ 28ന് അനുസ്മരണ പരിപാടി നടത്താറുണ്ടവർ.
നിർമിതികളുടെ ഒത്തിരി സവിശേഷതകൾ ഈ പള്ളിക്കുണ്ട്. കാലമിത്ര ചെന്നിട്ടും മരപ്പണികൾക്ക് കാര്യമായ പരുക്കില്ല. മറ്റൊരു സവിശേഷത ചുറ്റുമതിലാണ്. ചരലും മണ്ണും മാത്രം ഉപയോഗിച്ച് നിർമിച്ചത്. ഇതിന്റെ നിർമാണം നടക്കുന്ന കാലത്തെ കാരികുടുംബത്തിലെ കാരണവർ പണിക്കാർ വീട്ടിലേക്കു പോയാൽ അന്നത്തെ നിർമാണ രീതി പരിശോധിക്കും. ബലം പോരെന്നു തോന്നിയാൽ പൊളിച്ചു കളയും. അങ്ങനെ എത്രയോ മാസങ്ങൾ കൊണ്ടാണ് പള്ളിമതിൽ പണിതത്. നൂറ്റാണ്ടുകളുടെ പ്രളയത്തെ അതിജീവിച്ച് ആ മതിൽ ഇപ്പോഴുമുണ്ട്.
പുരാതന കുടുംബമാണ് കാരി. ഖാരി എന്ന പദം പരിണമിച്ച് ഉണ്ടായ വാക്കാണ് കാരി. ഓത്തുകാരൻ എന്നൊക്കെയാണ് ആ വാക്കിന്റെ അർഥം. കാരി കുടുംബത്തിന്റെ വേരുകൾ മതാധ്യാപനവുമായി ബന്ധപ്പെട്ടതാകണം. മറ്റത്തൂരിലെ കാരി തറവാട് ഇപ്പോഴും പഴമ കാത്തുസൂക്ഷിക്കുന്നു. കാരി കുടുംബത്തിലെ ഇളംതലമുറക്കാരനായ ഫൗലാദാണ് പള്ളി കാണിച്ചു തന്നതും കുടുംബവഴികളെക്കുറിച്ച് പറഞ്ഞതും.

പോരാളികൾ അന്ത്യവിശ്രമം കൊള്ളുന്ന മറ്റത്തൂർ വലിയ ജുമുഅ മസ്്ജിദ് ഖബർസ്ഥാൻ
കാരി കുടുംബസമിതിയൊക്കെ പ്രവർത്തിക്കുന്നു. കുടുംബസംഗമങ്ങളും അവർ നടത്തുന്നു. എല്ലാ വർഷവും അവർ കലണ്ടർ പുറത്തിറക്കാറുണ്ട്. ഇരുപത്തഞ്ച് സ്ഥലങ്ങളിലായി ഈ കുടുംബം വ്യാപിച്ച് കിടക്കുന്നു. നെടിയിരിപ്പു മുതൽ ചിക്മംഗലൂർ വരെയാണ് കാരി കുടുംബം ഇപ്പോൾ വ്യാപിച്ചുകിടക്കുന്നത്.
മറ്റത്തൂരിന്റെ നാട്ടുവഴി ചരിത്രങ്ങളിൽ ഒരു മതപണ്ഡിതന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് പറയുന്നുണ്ട്. വൃദ്ധനായിരുന്നു അയാൾ. പട്ടാളക്കാരൻ തന്റെ നേർക്ക് വന്നപ്പോൾ ആ വൃദ്ധൻ തന്റെ ഊന്നുവടികൊണ്ട് പട്ടാളക്കാരനെ തള്ളിമാറ്റി. ആ ദേഷ്യത്തിനാണ് വൃദ്ധനായ മതപണ്ഡിതനെ ബയണറ്റുകൊണ്ട് കുത്തിയും പിന്നെ വെടിവെച്ചും കൊന്നുകളഞ്ഞത്. അദ്ദേഹത്തെ ഖബറടക്കിയത് മറ്റത്തൂരിലെ പുരാതനമായ ഖബർസ്ഥാനിലാണ്. പുരാതനമായ പള്ളിയും പള്ളിപ്പറമ്പും അതിന്റെ പഴമയിൽ നിലനിൽക്കുന്നു.
.