Connect with us

loksabha election

കന്നിയങ്കത്തിന്റെ കരുക്കൾ

തൊണ്ണൂറുകളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉയർന്നു കേട്ട മണ്ഡൽ കമണ്ഡൽ രാഷ്ട്രീയം ജാതി സെൻസസ്, പിന്നാക്ക സംവരണം എന്നീ ആവശ്യങ്ങളുയർത്തി തിരിച്ചുകൊണ്ടുവരാനാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി ആലോചിക്കുന്നത്. എന്നാൽ, പ്രതിപക്ഷത്തിന്റെ ഈ നീക്കത്തെ നേരിടാൻ ഭരണകക്ഷിയായ ബി ജെ പിയുടെ കൈയിൽ കാര്യമായ ആയുധങ്ങളില്ല.

Published

|

Last Updated

ടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് കളമൊരുക്കുന്ന തിരക്കിലാണ് പാർട്ടികൾ. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും പാർട്ടികൾ ഇതിനുള്ള സജ്ജീകരണങ്ങൾ തുടങ്ങിക്കഴിഞ്ഞു. തൊണ്ണൂറുകളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉയർന്നു കേട്ട മണ്ഡൽ കമണ്ഡൽ രാഷ്ട്രീയം ജാതി സെൻസസ്, പിന്നാക്ക സംവരണം എന്നീ ആവശ്യങ്ങളുയർത്തി തിരിച്ചുകൊണ്ടുവരാനാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി ആലോചിക്കുന്നത്. എന്നാൽ, പ്രതിപക്ഷത്തിന്റെ ഈ നീക്കത്തെ നേരിടാൻ ഭരണകക്ഷിയായ ബി ജെ പിയുടെ കൈയിൽ കാര്യമായ ആയുധങ്ങളില്ല. ചൈന വിരുദ്ധ നീക്കം ശക്തമാക്കിയും പ്രതിപക്ഷ കക്ഷികളെ ചൈനീസ് ചാരൻമാരാക്കിയും പുതിയ ആഖ്യാനം സൃഷ്ടിക്കാനും ബി ജെ പിയും കേന്ദ്രസർക്കാറും ശ്രമിക്കുന്നുണ്ട്. ദേശവിരുദ്ധ ചിത്രീകരണത്തിന്റെ കാര്യത്തിൽ പാകിസ്‌താനോളം ചൈനീസ് വേർഷന് ഉത്തരേന്ത്യയിൽ വിലയുണ്ടാകില്ലെന്ന് ബി ജെ പിക്ക് തന്നെയറിയാം. അതുകൊണ്ട് 2014ൽ മോദി അധികാരത്തിലെത്തുന്നതിന് പഴറ്റിയ പഴയ അഴിമതി വിരുദ്ധ മുഖച്ഛായ കൊണ്ടുവരാനും ശ്രമം നടക്കുന്നുണ്ട്. ഇതിനായി കേന്ദ്ര അന്വേഷണ ഏജൻസികൾ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അധിക സമയം ജോലി എടുക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര സർക്കാറിന്റെ അന്വേഷണ ഏജൻസികൾ പശ്ചിമ ബംഗാൾ, കർണാടക, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഒന്നിച്ച് റെയ്ഡ് നടത്തിയത്. ഡൽഹിയിൽ മദ്യനയക്കേസ് തട്ടിയെടുത്ത് എ എ പി. എം പി സഞ്ജയ് സിംഗിനെ അറസ്റ്റിലാക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രതിപക്ഷ കക്ഷി നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ രജിസ്റ്റർ ചെയ്ത കേസുകളിൽ നടപടികൾ ശക്തമാക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്ര ഏജൻസികൾക്ക് തിരക്കിട്ട പണിയായിരുന്നു. ഡി എം കെ. എം പി. എസ് ജഗതീഷ് രക്ഷന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ്, കർണാടകയിലെ കോൺഗ്രസ്സ് നേതാവ് ആർ എം മഞ്ജുനാഥ് ഗൗഡയുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇ ഡി റെയ്ഡ്, ബംഗാളിലെ തൃണമൂൽ മന്ത്രി രഥിൻ ഘോഷിന്റെ വീട്ടിൽ ഇ ഡി റെയ്ഡ്, തെലങ്കാനയിലെ ബി ആർ എസ്. എം എൽ എ മഗാന്തി ഗോപിനാഥിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് എന്നിവയായിരുന്നു വ്യാഴാഴ്ച കേന്ദ്ര ഏജൻസികളുടെ പണി. അതിന് തൊട്ടു മുമ്പത്തെ ദിവസമാണ് ഡൽഹിയിൽ എ എ പി രാജ്യസഭ എം പി സഞ്ജയ് സിംഗിനെ ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ ഇഡി കസ്റ്റഡിയിലാണ് സഞ്ജയ് സിംഗ്. ഡൽഹിയിലെ മദ്യനയ കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികളെ സുപ്രീംകോടതി വെള്ളം കുടിപ്പിക്കുമ്പോഴും അറസ്റ്റിന് കുറവൊന്നും വരുത്താൻ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയക്കെതിരായ തെളിവുകൾ എവിടെയാണെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. സിസോദിയ കള്ളപ്പണം വെളുപ്പിച്ചുവെന്ന് എങ്ങനെ വസ്തുതാപരമായും നിയമപരമായും സ്ഥാപിക്കുമെന്നും ഏജൻസിയോട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എൻ ഭട്ട് എന്നിവരടങ്ങിയ ബഞ്ച് ചോദിച്ചിരുന്നു. ഇതിനൊന്നും കൃത്യമായ ഉത്തരം പറയാൻ ഏജൻസികൾക്കും കേന്ദ്രസർക്കാറിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകർക്കും കഴിഞ്ഞിരുന്നില്ല. എന്നിട്ടും കേസിൽ അറസ്റ്റുകളും നടപടികളും ഇനിയും ഉണ്ടാകുമെന്നാണ് കേന്ദ്ര മന്ത്രിമാരടക്കം ആവർത്തിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ കക്ഷികളിലെ നേതാക്കൾക്കെതിരെയുള്ള കേസുകൾ പൊടിതട്ടിയെടുത്ത് അഴിമതി വിരുദ്ധ മുഖഛായ സൃഷ്ടിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. കേന്ദ്രത്തിന്റെയും ബി ജെ പിയുടേയും രാഷ്ട്രീയ തീരുമാനമാണിത്. വരും ദിവസങ്ങളിൽ പശ്ചിമ ബംഗാളിലടക്കം കൂടുതൽ സംസ്ഥാനങ്ങളിൽ റെയ്ഡുകൾ ഉണ്ടാകുമെന്ന് പുറത്തുവരുന്ന റിപോർട്ടുകൾ വ്യക്തമാക്കുന്നു. ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പശ്ചിമ ബംഗാളിലെ അഭിഷേക് ബാനർജി എം പി എന്നിവർക്കെതിരായ കേസുകളിൽ നടപടികൾ വേഗത്തിലാക്കാൻ ഇഡി തീരുമാനിച്ചിരിക്കുകയാണ്. ഡൽഹി മദ്യ നയക്കേസിൽ ഇനിയും അറസ്റ്റുകളുണ്ടായേക്കും.

ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്ത് ജാതി സെൻസസ് നടത്തുകയും അതിന്റെ ഫലം പുറത്ത് വിടുകയും ചെയ്തതോടെ ബി ജെ പി കടുത്ത ആശങ്കയിലാണ്. ജാതി സെൻസസ് ഇറക്കി കളിച്ച നിതീഷ് കുമാർ ബിഹാറിൽ ഇതിനകം തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നിലെത്തിയെന്ന് സർവേകൾ പറയുന്നു. ജാതി സെൻസസ് വഴി ബിഹാറിനെ പൂർണമായി നിതീഷിന് െൈകയിലെടുക്കാൻ സാധിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന്റെ പ്രധാന പ്രചാരണ ആയുധം ജാതി സെൻസസ് തന്നെയായിരിക്കും. കോൺഗ്രസ്സും മറ്റ് കക്ഷികളും ഇതിനകം തന്നെ ഈ വിഷയം ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്. ഒ ബി സി വിഭാഗത്തെ കേന്ദ്രീകരിച്ച് പ്രചാരണം നടത്താനാണ് ഇന്ത്യാ സഖ്യത്തിലെ മിക്ക പാർട്ടികളുടെയും ആലോചന. പാർലിമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് വനിതാ സംവരണ ബിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന സമയത്തും വനിതാ സംവരണത്തിൽ ഒ ബി സി വനിതകൾക്ക് പ്രത്യേക സംവരണം വേണമെന്ന ആവശ്യം ഇന്ത്യാ സഖ്യത്തിലെ പാർട്ടികൾ ഉന്നയിച്ചിരുന്നു. ജാതികൾ അനുസരിച്ചുള്ള സാമ്പത്തിക അസമത്വം ഉയർത്തി കാണിച്ച് ഹിന്ദുത്വ അജൻഡയെ നേരിടാനാണ് ഇന്ത്യാ സഖ്യം തയ്യാറെടുക്കുന്നത്. 1990കളിൽ ഉത്തരേന്ത്യയിൽ ഉയർന്ന മണ്ഡൽ കമണ്ഡൽ രാഷ്ട്രീയം ഇതോടെ തിരികെ വരും. മണ്ഡൽ കമ്മീഷൻ റിപോർട്ടിന്റെ ഫലമായുണ്ടായ സംവരണത്തെ പിന്തുണച്ചവരും ഹിന്ദുത്വ രാഷ്ട്രീയത്തെ പിന്തുണച്ചവരും തമ്മിലായിരുന്നു പോരാട്ടം. എന്നാൽ, കോൺഗ്രസ്സും പ്രതിപക്ഷവും രാജ്യത്ത് ജാതി വേർതിരിവിന് ശ്രമിക്കുന്നുവെന്നാണ് ബി ജെ പി ആരോപിക്കുന്നത്. മതത്തിന്റെ പേരിലുള്ള വർഗീയത ആളിക്കത്തിച്ച് അധികാരം നേടിയ ബി ജെ പിക്ക് ജാതി രാഷ്ട്രീയം വെച്ച് കളിക്കാൻ ഭയമായിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണിത്. ഉയർന്ന ജാതിയെ പിണക്കാനും പിന്നാക്ക ജാതികളെ കൈവിടാനും ബി ജെ പിക്ക് കഴിയില്ല. ഈ മാസം രണ്ടിന് ബിഹാർ സർക്കാർ പുറത്ത് വിട്ട ജാതി സർവേയുടെ വിവരങ്ങളിൽ സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളെക്കുറിച്ചുള്ള കൃത്യമായ കണക്കുകൾ പറഞ്ഞിരുന്നു.

സംസ്ഥാനത്തെ ഒ ബി സി വിഭാഗം 63 ശതമാനമാണെന്നാണ് സർവേ പറയുന്നത്. 1931ലെ സെൻസസസിനെ അപേക്ഷിച്ച് 10 ശതമാനം വർധനവുണ്ട്. സംസ്ഥാനത്തെ ജനസംഖ്യയിൽ 36 ശതമാനം പേർ അതിപിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. 27 ശതമാനം പിന്നാക്ക വിഭാഗക്കാർ, 19.7 ശതമാനം പേർ പട്ടികജാതി, 1.7 ശതമാനം പേർ പട്ടികവർഗക്കാരുമാണെന്ന് സർവേയിൽ പറയുന്നു. സാമൂഹിക ക്ഷേമ പദ്ധതികൾ സാമൂഹിക നീതി അനുസരിച്ച് വിതരണം ചെയ്യാനുള്ള രേഖയായാണ് ബിഹാർ സർക്കാർ ജാതി സെൻസസിനെ കാണുന്നത്. മറ്റ് സംസ്ഥാനങ്ങളിലും ജാതി സെൻസസ് വേണമെന്ന ആവശ്യം ഉയർന്ന് കഴിഞ്ഞിട്ടുണ്ട്. ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും ജാതി സെൻസസ് എന്ന ആവശ്യം ശക്തമായി വരും. ജാതി സെൻസസ് സംസ്ഥാനങ്ങൾക്ക് നടത്താൻ കഴിയില്ലെന്ന കേന്ദ്രസർക്കാർ വാദം സുപ്രീം കോടതി തള്ളിയിട്ടുണ്ട്. ബിഹാറിലെ ജാതി സർവേയുടെ ഫലം പുറത്ത് വിടുന്നതിന് സ്റ്റേ ഏർപ്പെടുത്തണമെന്ന ആവശ്യവും സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ജാതി സർവേയുടെ ഭാഗമായി ഇതുവരെ പ്രസിദ്ധീകരിച്ച ഡാറ്റയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് സർക്കാറിനെ തടയാനോ കൂടുതൽ ഫലങ്ങൾ പ്രസിദ്ധീകരിക്കാനുള്ള ഏതെങ്കിലും നീക്കത്തിൽ ഇടപെടാനോ ആകില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ജാതി സർവേ സംസ്ഥാനത്തെ പൗരൻമാരുടെ സ്വകാര്യതക്കുള്ള അവകാശം ലംഘിക്കുന്നുണ്ടെന്ന വാദം പരിഗണിക്കാനും ബഞ്ച് തയ്യാറായിരുന്നില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന ഏകദേശ ധാരണ ബി ജെ പിക്ക് ഇപ്പോൾ തന്നെയുണ്ടായിട്ടുണ്ട്. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ തവണ തൂത്ത് വാരിയത് പോലെയുള്ള ഒരു ഫലം ബി ജെ പി പ്രതീക്ഷിക്കുന്നില്ല. എന്നാൽ അധികാരം തിരികെ ലഭിക്കാൻ കഴിയുന്ന സാഹചര്യമുണ്ടെന്ന് വിശ്വസിക്കുന്നു. അതിന് ഹിന്ദുത്വവും രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവും മാത്രം മതിയാകില്ല. പ്രതിപക്ഷ സഖ്യത്തിലെ പ്രബല പാർട്ടികളെ അട്ടിമറിക്കുകയും അഴിമതി വിരുദ്ധ പ്രതിച്ഛായ സൃഷ്ടിക്കുകയും വേണം. അതിനുവേണ്ടിയുള്ള തീവ്ര യജ്ഞമാണ് കേന്ദ്ര അന്വേഷണ ഏജൻസികളെ അമിത് ഷാ ഏൽപ്പിച്ചിരിക്കുന്നത്.

Latest