Techno
കുത്തനെയല്ല, ഐ ഫോൺ 17 എയറിൽ കാമറ നീളത്തിൽ
ഐഫോണിന്‍റെ ഏറ്റവും കനം കുറഞ്ഞ ഫോണായിരിക്കും 17 എയർ എന്ന് നിലവിൽ റിപ്പോർട്ടുണ്ട്.

വാഷിങ്‌ടൺ|ആപ്പിളിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 17 എയറിനായുള്ള കാത്തിരിപ്പിലാണ് ഐഫോൺ ആരാധകർ. ഈ വർഷം അവസാനം ഫോൺ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ. ഐഫോണിന്‍റെ ഏറ്റവും കനം കുറഞ്ഞ ഫോണായിരിക്കും 17 എയർ എന്ന് നിലവിൽ റിപ്പോർട്ടുണ്ട്. ഇപ്പോഴിതാ ഐ ഫോൺ 17 കാമറയുടെ ചില വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്. ഗൂഗിൾ പിക്‌സൽ മാതൃകയിൽ നീളത്തിലായിരിക്കും ഐഫോൺ 17 എയർ കാമറയെന്നാണ് ടെക് ലോകത്തെ വാർത്തകൾ. സമീപ കാലത്ത് ഇറങ്ങിയ ഐഫോൺ മോഡലുകളിലെല്ലാം കുത്തനെയായിരുന്നു കാമറ.
ഇന്‍റർനെറ്റിൽ പ്രചരിക്കുന്ന ഐഫോൺ 17 എയറിന്‍റെ ചിത്രങ്ങൾ പ്രകാരം പിൻ പാനലിന്‍റെ മുകളിൽ ഇടത് മൂലയിൽ നിന്ന് വലത് മൂലയിലേക്ക് നീളുന്ന ഒരു നീളമേറിയ കാമറ മൊഡ്യൂൾ കാണാം. കാമറ മൊഡ്യൂളിന്‍റെ ഇടതു അറ്റത്ത് ഒരു പിൻ കാമറയും വലതുവശത്ത് ഒരു LED ഫ്ലാഷും കാണുന്നുണ്ട്.
ഈ നീളമേറിയ കാമറ ബാർ ഫീച്ചർ ചെയ്യുന്ന പരമ്പരയിലെ ഒരേയൊരു സ്മാർട്ട്‌ഫോൺ ഐഫോൺ 17 എയർ ആയിരിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ സമാനമായ റെൻഡറുകളിൽ ഐഫോൺ 17 പ്രോയും പ്രത്യക്ഷപ്പെട്ടിരുന്നു. ഐഫോൺ 16 പ്രോയുടെ അതേ കാമറ ലേഔട്ട് ഉൾപ്പെടുന്ന ഗണ്യമായി “വിശാലമായ” കാമറ മൊഡ്യൂളാണ് ഇതിലുള്ളത്. എന്നാൽ ഈ വാർത്തകളൊന്നും ആപ്പിൾ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം തങ്ങളുടെ ഏറ്റവും കനംകുറഞ്ഞ ഫോണായിരിക്കും ആപ്പിൾ 17 എയർ എന്ന് കമ്പനി സൂചിപ്പിച്ചിട്ടുണ്ട്. 5.5mm കനം മാത്രമാകും ഈ ഫോണിന് ഉണ്ടാകുക. മെലിഞ്ഞ മോഡൽ നൽകുന്നതിനായി കമ്പനി ഫോണിന്‍റെ രൂപകൽപ്പനയിൽ ചില ഹാർഡ്‌വെയർ മാറ്റങ്ങൾ വരുത്തിയതായും പറയപ്പെടുന്നു.