Kerala
പ്രചാരണപൂരം കൊട്ടിയിറങ്ങി; ഇനി നിശബ്ദ പ്രചാരണത്തിന്റെ ഒരു ദിനം; പിന്നെ ബൂത്തിൽ
കൊട്ടിക്കലാശത്തിനിടെ ചിലയിടങ്ങളിൽ സംഘർഷം; കരുനാഗപ്പള്ളിയിൽ കല്ലേറിൽ എംഎൽഎക്ക് പരുക്ക്
തിരുവനന്തപുരം | രണ്ടാം ഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിൽ വെള്ളിയാഴ്ച ബൂത്തിലെത്തുന്ന കേരളമടക്കം 13 സംസ്ഥാനങ്ങളിൽ പരസ്യപ്രചാരണം അവസാനിച്ചു. കേരളത്തിൽ വൻ ആവേശത്തോടെയാണ് കലാശക്കൊട്ട് നടന്നത്. ഓരോ മണ്ഡലത്തിലെയും പ്രധാന ടൗണുകൾ കേന്ദ്രീകരിച്ച് നടന്ന കലാശക്കൊട്ടിൽ ആയിരങ്ങൾ പങ്കെടുത്തു. കേരളത്തിൽ ശക്തമായ മത്സരംഒ നടക്കുന്ന വടകരയിലും തൃശൂരിലുമെല്ലാം ആവേശം വാനോളമായി. നാളെ നിശബ്ദ പ്രചാരണമാണ്. മറ്റന്നാൾ ജനം വിധിയെഴുതും.
സംസ്ഥാനത്ത് ചിലയിടങ്ങളിൽ കലാശക്കൊട്ടിനിടെ പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ആറ്റിങ്ങല്‍, മാവേലിക്കര,മലപ്പുറം, ഇടുക്കി, കരുനാഗപ്പള്ളി,പത്തനാപുരം എന്നിവിടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. മലപ്പുറത്ത് എൽ ഡി എഫ് – യു ഡി എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് പോലീസ് ലാത്തിവീശി. സി.പി.എം പതാകയുമായി സർക്കിളിന് മുകളിൽ കയറിയ ഐ.എസ്.എൽ താരം മഷ്ഹൂർ ഷെരീഫിനെ പൊലീസ് താഴെയിറക്കി.
തിരുവനന്തപുരം പേരൂർക്കടയിലും നേരിയ സംഘർഷമുണ്ടായി. എൽ.ഡി.എഫ് – ബി.ജെ.പി പ്രവർത്തകർ തമ്മിലായിരുന്നു വാക്കുതർക്കം. ഇടുക്കി തൊടുപുഴയിലും എൽ ഡി എഫ് -യു ഡി എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി.
കരുനാഗപ്പള്ളിയിൽ ഉണ്ടായ സംഘർഷത്തിൽ എംഎൽഎ സി ആർ മഹേഷിന് പരുക്കേറ്റു. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. കല്ലേറിലാണ് എംഎൽഎക്ക് പരുക്ക് പറ്റിയത്. പരുക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.