Connect with us

Kerala

കാപ്പ ചുമത്തിയെന്ന പ്രചാരണം തെറ്റ്;ശരണ്‍ ചന്ദ്രന്‍ നിയമനടപടി സ്വീകരിക്കും: കെ പി ഉദയഭാനു

കാപ്പ കേസ് ചുമത്തപ്പെട്ടാല്‍ എങ്ങനെ ആ വ്യക്തിക്ക് ജില്ലയില്‍ താമസിക്കാനാവും. അതില്ലാത്തതിനാലാണ് അയാള്‍ സ്വീകരണ പരിപാടിക്ക് എത്തിയത്.

Published

|

Last Updated

പത്തനംതിട്ട  | കുമ്പഴയില്‍ നിന്നും മലയാലപ്പുഴയില്‍ നിന്നും സിപിഎമ്മിനോടൊപ്പവും ഡിവൈഎഫ്‌ഐയോടൊപ്പവും പ്രവര്‍ത്തിക്കാന്‍ എത്തിയവരെക്കുറിച്ച് വലതുപക്ഷ മാധ്യമങ്ങള്‍ നടത്തുന്നത് കള്ളപ്രചാരണമാണെന്ന് സിപി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രസ്താവനയില്‍ പറഞ്ഞു.

വര്‍ഗീയ രാഷ്ട്രീയത്തോട് വിട പറഞ്ഞാണ് ഒരു സംഘം യുവാക്കള്‍ പുരോഗമന പ്രസ്ഥാനങ്ങളോടൊപ്പം അണിചേരാന്‍ എത്തിയത്. അതില്‍ ഒരാള്‍ക്കെതിരെ കാപ്പ ചുമത്തപ്പെട്ടിരുന്നു എന്നത് തെറ്റായ വാര്‍ത്തയാണ്. നിലവില്‍ പുരോഗമന പ്രസ്ഥാനത്തോടൊപ്പം എത്തിയവരില്‍ ആര്‍ക്കുമെതിരെ കാപ്പ കേസില്ല. കാപ്പ കേസ് ചുമത്തപ്പെട്ടാല്‍ എങ്ങനെ ആ വ്യക്തിക്ക് ജില്ലയില്‍ താമസിക്കാനാവും. അതില്ലാത്തതിനാലാണ് അയാള്‍ സ്വീകരണ പരിപാടിക്ക് എത്തിയത്.

നാല് പഞ്ചായത്തിലെ യുവമോര്‍ച്ചയുടെ ഭാരവാഹിയായിരുന്നു ശരണ്‍. രാഷ്ട്രീയ കേസുകള്‍ മാത്രമാണ് ഇയാള്‍ക്കെതിരെയുള്ളത്. വലതുപക്ഷ മാധ്യമങ്ങള്‍ നടത്തുന്നത് കള്ള പ്രചാരണമാണ്. വലതുപക്ഷ മാധ്യമങ്ങള്‍ നുണപ്രചാരണ വാര്‍ത്തകള്‍ ചമയ്ക്കുന്ന, പ്രചരിപ്പിക്കുന്ന നുണ ഫാക്ടറികളായി മാറി. കാപ്പ കേസിനെ കുറിച്ച് പോലും ശരിയായ ധാരണയില്ലാതെയാണ് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. ഇതിനെതിരെ ശരണ്‍ ചന്ദ്രന്‍ തന്നെ നിയമ നടപടി സ്വീകരിക്കും.

ആര്‍എസ്എസിലും ബിജെപിയിലും പ്രവര്‍ത്തിക്കുന്ന സമയത്ത് ഇവരെല്ലാം മാധ്യമങ്ങള്‍ക്ക് പരിശുദ്ധരായിരുന്നു. സിപിഎമ്മിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചപ്പോഴാണ് മാധ്യമങ്ങള്‍ക്ക് കൊള്ളരുതാത്തവരാകുന്നത്. ഈ കള്ള പ്രചാരവേല ജനങ്ങള്‍ തിരിച്ചറിയും. വ്യാജ പ്രചാരണത്തെ പിന്തുണയ്ക്കുന്ന ആന്റോ ആന്റണി എംപിയുടെ പ്രസ്താവന ആര്‍എസ്എസ്, ബിജെപി എന്നിവയില്‍നിന്ന് ആളുകള്‍ പോകുന്നതിന്റെ വിഷമത്തിലാണെന്നും ഉദയഭാനു പറഞ്ഞു