ചിത്രം വി ചിത്രം
പുഴയിലെ മലിന ജലത്തില്‍ മുങ്ങിക്കുളിച്ച് സ്ഥാനാര്‍ഥി
നദി ശുചിയാകുന്നതും മലിനജലം ഒഴുക്കിവിടുന്നത് അവസാനിപ്പിക്കുന്നതും വരെ ജീവന്‍ നല്‍കിയും പോരാടുമെന്ന പ്രതിജ്ഞയെടുത്തുവെന്ന് പര്‍മാര്‍.
ഉജ്ജെയ്ന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുഴ മലിനമായത് വോട്ടാക്കാന്‍ അതിലിറങ്ങി മുങ്ങിക്കുളിച്ച് സ്ഥാനാര്‍ഥി. മധ്യപ്രദേശിലെ ഉജ്ജെയ്ന്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി മഹേഷ് പര്‍മാറാണ് ശിപ്ര നദിയിലെ മലിന ജലത്തില്‍ ഇറങ്ങിയത്. ജയിച്ചാല്‍ നദി വൃത്തിയാക്കി പവിത്രത വീണ്ടെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നദി ശുചിയാകുന്നതും മലിനജലം ഒഴുക്കിവിടുന്നത് അവസാനിപ്പിക്കുന്നതും വരെ ജീവന്‍ നല്‍കിയും പോരാടുമെന്ന പ്രതിജ്ഞയെടുത്തുവെന്ന് പര്‍മാര്‍ പറഞ്ഞു. ഉജ്ജെയ്നിന്റെ അഭിമാനത്തിന്റെ പ്രശ്നമാണിതെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു. ഇതിനായി തെരുവിലിറങ്ങി പ്രതിഷേധിക്കൂ. ഇരട്ടയെഞ്ചിന്‍ സര്‍ക്കാറും വികസന അവകാശവാദങ്ങളുമുണ്ടായിട്ടും നദിയുടെ അവസ്ഥ ഏറെ പരിതാപകരമാണെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പിയുടെ അനില്‍ ഫിറോജിയയോടാണ് പര്‍മാര്‍ ഏറ്റുമുട്ടുന്നത്. അടുത്ത മാസം 13ന് നാലാം ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ്.